ചെങ്ങോട് മല കരിങ്കൽ ഖനനം; ഏകജാലക ബോർഡ് ഹിയറിങ് ഇന്ന്




ചെങ്ങോട് മല കരിങ്കൽ ഖനനത്തിന് ആവശ്യമായ ലൈസൻസ് ലഭിക്കുന്നതിന് സ്വകാര്യ കമ്പനി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. ഡി ആൻഡ് ഓ ലൈസൻസ് അപേക്ഷയിൽ സംസ്ഥാന ഏകജാലക ബോർഡാണ് ഇന്ന് അപ്പീൽ പരിഗണിക്കുന്നത്. നാട്ടുകാരുടെ നിരന്തര ശ്രമം ഫലമായി വിവിധ ഇടങ്ങളിൽ നിന്ന് തള്ളിയ ലൈസൻസ് അപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. അതിനാൽ തന്നെ ഏറെ ആശങ്കയോടെയാണ് ഇന്നത്തെ ദിവസത്തെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതി കാണുന്നത്.


കഴിഞ്ഞ രണ്ടുവർഷമായി ചെങ്ങോട് മല നിവാസികൾ ഖനനം തുടങ്ങുന്നതിനെതിരെ സമരത്തിലാണ്. ഈ സമരത്തിന്റെ ഫലമായാണ് ലൈസൻസ് അപേക്ഷ കോട്ടൂർ പഞ്ചായത്ത്, ജില്ലാ ഏകജാലക ബോർഡ് എന്നിവർ തള്ളിയത്. ജില്ലാ കളക്ടർ ഖനനത്തിനുള്ള പാരിസ്ഥിതിക അനുമതി നിരസിച്ചിട്ടുമുണ്ട്. കളക്ടറുടെ ഉത്തരവ് പ്രാകാരം എത്തിയ വിദഗ്‌ധ സംഘം മല സന്ദർശിച്ച് ഖനനം നടത്തിയാൽ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകുമെന്ന റിപ്പോർട്ടും നൽകിയതാണ്.


വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ സേന ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ സാംബശിവ റാവു ജൂൺ 14 ന് ഡി ആൻഡ് ഓ ലൈസൻസ് അപേക്ഷ തള്ളുകയും പാരിസ്ഥിതികാനുമതി മരവിപ്പിക്കുകയുമായിരുന്നു.


ഖനനത്തിനെതിരെ ഇത്രയും തടസങ്ങൾ ബന്ധപ്പെട്ടവരിൽ നിന്ന് ഉള്ളപ്പോൾ തന്നെയാണ് സംസ്ഥാന ഏകജാലക ബോർഡ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ഹർജി നൽകേണ്ട കാലാവധി കഴിഞ്ഞതിന് ശേഷം നൽകിയ ഹർജി ബോർഡ് തള്ളുകയാണ് വേണ്ടതെന്ന് സമര സമിതി പറയുന്നു. ഖനനത്തിന്റെ പരിസ്ഥിതിക അനുമതി കളക്ടർ തള്ളിയതിനാൽ ഏകജാലക ബോർഡ് അപ്പീൽ ഹർജി പരിഗണിക്കാൻ പാടില്ലെന്നും ക്വാറി പ്രവർത്തനം വ്യവസായമല്ലെന്ന് കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ഏകജാലക സംവിധാനം ഇതിനായി ഉപയോഗിക്കാൻ പാടില്ലെന്നും സമര സമിതി പറയുന്നു.


ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കുടിവെള്ള ടാങ്ക് പൊളിച്ച് ആ സ്ഥലത്ത് ഉൾപ്പെടെയാണ് ക്വാറി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നേരത്തെ സ്വകാര്യ കമ്പനി ഈ ടാങ്ക് പൊളിച്ച് മാറ്റിയിരുന്നു. ഈ കേസിൽ ടാങ്കിന്റെ തുക കെട്ടിവെച്ചാണ് ക്വാറി മുതലാളിയും മാനേജർമാരും മുൻ‌കൂർ ജാമ്യം നേടിയത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment