ചെങ്ങോട്ടുമലയിലെ കരിങ്കല്‍ ഖനന നീക്കത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാര്‍




കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുമലയിലെ സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാര്‍. കരിങ്കല്‍ ഖനന അനുമതിക്കുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കുന്നത്. പ്രദേശത്ത് പഠനം നടത്തിയ വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടും ഖനനത്തിന് അനുകൂലമായതോടെ വലിയ ആശങ്കയിലാണ് ജനങ്ങള്‍


കോട്ടൂര്‍ ചെങ്ങോട്ടുമലയിലെ 135 ഏക്കറില്‍ കരിങ്കല്‍ ഖനന അനുമതിക്കായി ഏറെ നാളായി നീക്കം നടത്തുകയാണ് ഡെല്‍റ്റ ഗ്രൂപ്പ് കമ്പനി. ഇതിനെതിരെ നാട്ടുകാര്‍ സമരത്തിലുമാണ്. ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി തേടി സ്റ്റേറ്റ് എന്‍വയോണ്‍മെന്‍റല്‍ അപ്രൈസല്‍ കമ്മിറ്റിക്ക് ഡെല്‍റ്റ കമ്ബനി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് രണ്ടംഗ കമ്മറ്റി ചെങ്ങോടുമലയിലെത്തി പഠനം നടത്തിയിരുന്നു.


ഇവിടെ നീര്‍ച്ചാലുകളില്ലെന്നും, ജൈവവൈവിധ്യമില്ലെന്നുമാണ് കമ്മറ്റിയുടെ കണ്ടെത്തല്‍. കൂടാതെ മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ ജനവാസമില്ലെന്നും കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഖനനാനുമതി നല്‍കാമെന്ന് കമ്മറ്റി വിലയിരുത്തി. 


നേരത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാകളക്ടര്‍ നിയോഗിച്ച വിദഗ്ദ സംഘം വരെ ഖനനം പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന് വിപരീതമായി റിപ്പോര്‍ട്ട് നല്‍കിയത് ഭരണതലത്തില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുമുള്ള സമ്മര്‍ദ്ദവും ഇടപെടല്‍ കാരണമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.


ഇതിന് പിന്നാലെയാണ് നിലവിലെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനുള്ള നാട്ടുകാരുടെ തീരുമാനം. ആദ്യ പടിയായി പതിനായിരം നിവേദനങ്ങള്‍ മുഖ്യമന്ത്രിക്ക് അയച്ചു. സമിതി റിപ്പോര്‍ട്ട് സ്റ്റേറ്റ് എന്‍വയോണ്‍മെന്‍റല്‍ അപ്രൈസല്‍ കമ്മറ്റിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയാലുടന്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് നാട്ടുകാരുടെ നീക്കം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment