ചെങ്ങോട്ടുമല സംരക്ഷണത്തിനായി തീപ്പന്തമേന്തി സ്ത്രീകളുടെ സമരം




ചെങ്ങോട്ടുമല സംരക്ഷണത്തിനായി തീപ്പന്തമേന്തി സ്ത്രീകളുടെ സമരം. ഉറക്കമൊഴിഞ്ഞ് തീപ്പന്തവും കയ്യിലേന്തി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മലയ്ക്ക് ചുറ്റും നടന്നാണ് സമരത്തിന് പുതിയ ഊർജ്ജം നൽകിയത്. ക്വാറി കമ്പനി കയ്യേറിയ ഭൂമി സർക്കാർ ഏറ്റെടുക്കുക, ചെങ്ങോടുമല അപേക്ഷ വിവരങ്ങൾ സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതിയുടെ ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കുക, കരിങ്കൽ ഖനന നീക്കം ശാശ്വതമായി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.


പതിനൊന്നു കിലോമീറ്റർ ദൂരമാണ് ഇവർ നടന്നത്. രാത്രി 10ന് നരയംകുളം സമര പന്തൽ പരിസരത്ത് പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ടി.പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മേപ്പാടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. തണ്ടപ്പുറം, അരട്ടൻകണ്ടി പാറ, പുളിയോട്ടുമുക്ക്, മൂലാട്, കിഴക്കൻ മൂലാട് എന്നിവിടങ്ങളിൽ നിന്ന് സമര സമിതി പ്രവർത്തകർ പ്രതിഷേധത്തിൽ അണിചേർന്നു. റോഡരികിൽ പന്തം തെളിയിച്ച് നാട്ടുകാർ സമരത്തിന് പിന്തുണയേകി. 


എ.ദിവാകരൻ നായർ, ജയരാജൻ കൽപകശ്ശേരി, ജിനീഷ് നരയംകുളം എന്നിവർ പ്രസംഗിച്ചു. കൂട്ടാലിടയിൽ നടന്ന സമാപന സമ്മേളനത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാധൻ മൂലാട്, ടി.എം.കുമാരൻ എന്നിവർ പ്രസംഗിച്ചു. കൊളക്കണ്ടി ബിജു, എ.ഷിജിന സജീവൻ, വിമിന ബിജു ആയാട്ട്, സി.എച്ച് രാജൻ, എസ്.എം അർജുൻ, എ.സി.സോമൻ, സുനിൽ മൂലാട്, എം.എസ് ബാബു, വത്സല മൂലാട് എന്നിവർ നേതൃത്വം നൽകി.


അതേസമയം, സർക്കാർ സമിതികൾ സുതാര്യമല്ലാതെയും നിയമം ലംഘിച്ചും  ചെങ്ങോടുമലയിൽ ക്വാറിക്ക് കളമൊരുക്കാൻ ശ്രമിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് പരാമർശം. ചെങ്ങോടുമല ഖനനം സംബന്ധിച്ച തീരുമാനങ്ങൾ സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതിയും സംസ്ഥാന വിദഗ്ധ സമിതിയും ഔദ്യോഗിക വെബ് സൈറ്റായ പരിവേഷ് പോർട്ടലിൽ പ്രസിദ്ധീകരിക്കാത്തത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment