കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ അനാസ്ഥയുടെ ഉദാഹരണം ; യു.എൻ സെക്രട്ടറി ജനറൽ




കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ അനാസ്ഥയുടെ സൃഷ്ടിയെന്ന് യു.എൻ സെക്രട്ടറി ജനറൽ. യു.എൻ ആസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിലാണ് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിക്ക് ഉദാഹരണമായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് കേരളത്തിലെ പ്രളയം ചൂണ്ടിക്കാട്ടിയത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ലോകം തുടരുന്ന അനാസ്ഥയ്ക്കുള്ള തിരിച്ചടിയാണ് കേരളത്തിലെ പ്രളയവും, കഴിഞ്ഞ വർഷം പ്യൂർട്ടോ റിക്കയിൽ ഉണ്ടായ ചുഴലിക്കാറ്റുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാലത്തെ ഏറ്റവും സുപ്രധാനമായ പ്രശ്നമാണ്. മനുഷ്യരാശിയുടെ ഗതി നിർണ്ണായകമായ സമയമാണിത്.നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നമായി കാലാവസ്ഥാ വ്യതിയാനം മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് നമ്മേക്കാൾ വേഗമുണ്ട്. ആ വേഗം ലോകമാസകലം ദുരന്തങ്ങൾ വിതയ്ക്കുകയാണ്. ഹീറ്റ് വേവുകൾ, കാട്ടുതീകൾ, കൊടുങ്കാറ്റുകൾ, പ്രളയങ്ങൾ എന്നിവയെല്ലാം നാശത്തിന്റെയും മരണത്തിന്റെയും ചിത്രങ്ങളാണ് അവശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാസം കേരളത്തിലുണ്ടായ പ്രളയത്തിൽ 400 ഓളം പേർ മരിക്കുകയും, പത്ത് ലക്ഷത്തോളം പേരെ അഭയാർത്ഥികളാക്കുകയും ചെയ്‌തു. പ്യൂർട്ടോറിക്കയിൽ മരിയ കൊടുങ്കാറ്റ് 3000 പേരുടെ മരണത്തിനിടയാക്കി. കാലാവസ്ഥാ മാറ്റം ഒരു അടിയന്തിര പ്രശ്നമാണെന്നത് സംബന്ധിച്ച് ഇനി ഒരു സംശയത്തിനും ഇടയില്ല അദ്ദേഹം പറഞ്ഞു. 

 

വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 20 വർഷത്തിൽ 18 വർഷവും 1850 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ വർഷങ്ങളുടെ റെക്കോർഡ് തകർത്തവയാണെന്നും അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. നാലാമത്തെ ഏറ്റവും ചൂട് കൂടിയ വർഷമായി 2018 മാറാൻ പോകുകയാണ്. മടങ്ങിവരാൻ കഴിയാത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലേക്കാണ് ലോകം പോകുന്നത്. ഇതിന്റെ പരിണിതഫലങ്ങൾ അതീവ ഗുരുതരമായിരിയ്ക്കും. ലോക രാഷ്ട്രങ്ങൾ പാരീസ് ഉടമ്പടി അനുസരിച്ച്  ആഗോള താപനം കുറയ്ക്കാനുള്ള തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

 

ഹരിതഗൃഹ വാതകങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം ഉണ്ടാക്കണമെന്നും, ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കാതെ, ബദൽ ഊർജ്ജസ്രോതസ്സുകൾ ഉപയോഗിക്കണമെന്നും, നിയന്ത്രണമില്ലാത്ത വനനശീകരണത്തിന് പകരം വിഭവങ്ങളുടെ വിവേകപൂർണമായ ഉപയോഗം ശീലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില സ്ഥാപിത താൽപര്യക്കാർ കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കുന്നത് ചെലവേറിയ പരിപാടിയാണെന്നും അത് സാമ്പത്തിക വളർച്ചയെ തകർക്കുമെന്നും പ്രചരിപ്പിക്കുണ്ടെന്നും ഇത് തികഞ്ഞ അസംബന്ധമാണെന്നും സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു. 

 

ലോക നേതാക്കൾക്ക് തങ്ങളുടെ ജനങ്ങളോട് കരുതലുണ്ടെന്ന് തെളിയിക്കാനുള്ള സമയമാണിത്. ജനങ്ങളുടെ വിധി  അവരുടെ കൈകളിലാണിരിക്കുന്നത്. അവർ ഭാവിയെ കുറിച്ച് കരുതലുള്ളവരാണെന്ന് തെളിയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ മുഖ്യ അജണ്ടയായി മാറണമെന്നും ഇതിനായി 2019 ൽ ഒരു കാലാവസ്ഥാ ഉച്ചകോടി വിളിച്ച് ചേർക്കുമെന്നും അന്റോണിയോ ഗുട്ടറസ് പ്രഖ്യാപിച്ചു.  
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment