കാലാവസ്ഥാ വ്യതിയാനം വില്ലനാകുന്ന മൻഹാട്ടൻ; 2050 ആകുമ്പോഴേക്ക് വെള്ളത്തിനടിയിക്കുമെന്ന് ആശങ്ക




ന്യൂയോര്‍ക്ക് കൗണ്ടിയിലെ ഒരു ദ്വീപ് നഗരമാണ് മന്‍ഹാട്ടന്‍. ന്യൂയോര്‍ക്കിലെ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക കേന്ദ്രം. എന്നാൽ ഈ ദ്വീപ് നഗരം 2050 ആകുമ്പോഴേക്ക് വെള്ളത്തിനടിയിലാകും എന്ന ആശങ്കയാണ് ലോകം പുതുതായി പങ്ക്‌വെക്കുന്നത്. ലോകത്തിന്റെ മുഴുവൻ ചലനം താളം തെറ്റിക്കുന്ന കാലാവസ്ഥാ വ്യതിയാനം തന്നെയാണ് മൻഹട്ടനും വില്ലനാകുന്നത്.


ലോവര്‍ മന്‍ഹാട്ടന്‍റെ തീരപ്രദേശത്തെ കെട്ടിടങ്ങളില്‍ മുഴുവന്‍ 2050 ആകുമ്പോഴേക്കും കടല്‍ ജലം കയറുമെന്നാണ് കണക്കാക്കുന്നത്. രണ്ട് തരത്തിലാകും കാലാവസ്ഥാ വ്യതിയാനം ന്യൂയോര്‍ക്കിനെ പ്രത്യേകിച്ച് മന്‍ഹാട്ടനെ ബാധിക്കുക. ഒന്ന് കടല്‍ ജലനിരപ്പ് ഉയരുന്നതാണ്. രണ്ടാമത്തേതാകട്ടെ വർധിച്ചു വരുന്ന ചുഴലിക്കാറ്റ് സാധ്യതകളും. അമേരിക്കന്‍ കിഴക്കന്‍ തീരമേഖലകളില്‍ ഹരിക്കേന്‍ എന്നു വിളിക്കപ്പെടുന്ന ചുഴലിക്കാറ്റുകള്‍ നാശം വിതയ്ക്കുന്ന സംഭവങ്ങള്‍. ഈ കണക്ക് കൂട്ടലുകൾ ശരിവെക്കുന്നതാണ് സമീപകാലത്ത് ഈ പ്രദേശങ്ങളിൽ അരങ്ങേറുന്ന സംഭവങ്ങൾ.


2012 ല്‍ ന്യൂയോര്‍ക്കിലുണ്ടായ സാന്‍ഡി എന്ന ചുഴലിക്കാറ്റ് നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും ഏതാണ്ട് 1900 കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. സാന്‍ഡി ചുഴലിക്കാറ്റ് പ്രകൃതി ക്ഷോഭങ്ങള്‍ക്ക് എത്ര അനായാസ ഇരയായി ന്യൂയോര്‍ക്ക് മാറിയിരിക്കുന്നു എന്ന് ഓരോ സംഭവവും വിളിച്ച് പറയുന്നുണ്ട്. 62000 ആളുകള്‍ വസിക്കുന്ന മാന്‍ഹട്ടന്‍റെ ഭാവിയിലെ നിലനില്‍പിനു തന്നെ ഭീഷണിയാണ് ഓരോ സംഭവങ്ങളും.


2050 ആകുമ്പോഴേക്ക് ജലം കരയിലേക്ക് അടിച്ച് കയറും. ഇതോടെ നിരവധി കെട്ടിടങ്ങൾ കൊണ്ട് സമ്പന്നമായ മൻഹാട്ടനിലെ കെട്ടിടങ്ങളിലെല്ലാം വെള്ളം കയറും. ഇതോടെ പ്രദേശത്തെ ജീവിതക്രമം മുഴുവൻ താളം തെറ്റാൻ തുടങ്ങും. 2100 ആകുമ്പോഴേക്കും ദ്വീപിന്റെ 50 ശതമാനം പ്രദേശത്തും സ്ഥിരമായി തിരമാലകൾ കയറിയിറങ്ങാൻ തുടങ്ങും. ഇതും കൂടി ആകുന്നതോടെ ഇവിടം ജനവാസം ദുസ്സഹമാകും. ഇത് സംഭവിച്ച് കഴിഞ്ഞാൽ ലോകത്തിലെ പ്രേത നഗരങ്ങളുടെ പട്ടികയിലേക്ക് മൻഹട്ടനും ഇടം പിടിക്കും.


കാലാവസ്ഥാ വ്യതിയാനം ഉണ്ടെന്ന വാദത്തെ പുച്ഛിച്ച് തള്ളുന്നവരുടെ നേതാവായ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സ്വന്തം നഗരത്തിൽ തന്നെയാണ് ഈ വലിയ കാലാവസ്ഥാ വ്യതിയാനം നടക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. എന്നാൽ പ്രസിഡന്റിനെ പോലെ ഇത് കണ്ടില്ലെന്ന് നടിക്കാൻ ഒരുക്കമല്ല അവിടുത്തെ പ്രാദേശിക ഭരണകൂടം. വിഷയത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെ മന്‍ഹാട്ടന്‍റെ തീരപ്രദേശം വ്യാപിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കു തയ്യാറെടുക്കുകയാണ് മേയര്‍ ബില്‍ ഡേ ബ്ലാസിയോ അടക്കമുള്ളവര്‍.


തീരപ്രദേശങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിലൂടെ മാന്‍ഹട്ടനിലെ താഴ്ന്ന പ്രദേശങ്ങളെ കടല്‍പെരുപ്പത്തിന്‍റെ ഭീഷണിയില്‍ നിന്നു രക്ഷിക്കാനാകുമന്നാണു കണക്കു കൂട്ടുന്നത്. ചുരുങ്ങിയത് അറുപത് മീറ്ററെങ്കിലും തീരപ്രദേശത്തിന്‍റെ വീതി എല്ലാ വശങ്ങളിലും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തീരപ്രദേശം വീതി കൂട്ടുന്നതിനായി ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും.എന്നാല്‍ അന്‍പതു വര്‍ഷത്തിനു ശേഷം വെള്ളം കയറുമെന്നുറപ്പുള്ള മേഖലയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഉചിതമായ തീരുമാനമായാണ് നഗര ഭരണകൂടവും പരിസ്ഥിതി പ്രവർത്തകരും കരുതുന്നത്. അതേസമയം, ആഘാതങ്ങളില്‍നിന്നു രക്ഷപെടാന്‍ വേണ്ടിയുള്ള ഒരുക്കങ്ങൾക്ക് സമയപരിമിതിയാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment