മുഖ്യമന്ത്രിയും കുറെ സാഡിസ്റ്റുകളും: ഭാഗം 1 




SADISM എന്ന വാക്കിന്‍റെ അര്‍ഥം ക്രൂരത പ്രധാന സവിശേഷതയായ ലൈംഗിക വൈകൃതം / ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വികസന വൈകൃതം എന്നാണ്. കെ-റെയിലിനെയും ക്വാറി പ്രവര്‍ത്തനത്തെയും വിമര്‍ശിക്കുന്നവരെയും പരിസ്ഥിതി തകർന്നു വീഴുന്നതിൽ പരിഭവിക്കുന്നവരെയും Sadistകള്‍ എന്ന് വിളിക്കുമ്പോള്‍ മുഖ്യമന്ത്രി ചെന്നെത്തിയ വികസന രതിയുടെ ആഴം മനസ്സിലാക്കുവാൻ നാടിനു‍ കഴിയണം.


കേരളത്തിലെ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ സംഭവമായി മാറിയ പശ്ചാത്തലത്തിലും  വികസന പദ്ധതികളില്‍ വിട്ടു വീഴ്ച്ചയില്ല എന്നു മുഖ്യമന്ത്രി വീണ്ടും ആവര്‍ത്തിക്കുകയുണ്ടായി. വികസനം കൊണ്ട് പിണറായി സർക്കാർ ഉദ്ദേശിക്കുന്നത്, പാടങ്ങളെ പഴയ താളത്തിലെത്തിച്ച്, നെല്ലുത്പാദനം 4 ഇരട്ടി എങ്കിലുമാക്കലല്ല. കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്കും മറ്റും 300 ദിവസം തൊഴിൽ കൊടുക്കലല്ല. മലിനീകരണം കുറവുള്ള വ്യവസായങ്ങളെ പരമാവധി പ്രാേത്സാഹിപ്പിക്കൽ ലക്ഷ്യമാക്കിയിട്ടില്ല. ടൂറിസം രംഗം റിസോർട്ട് മാഫിയകൾക്ക്, തീരങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികൾ പുറത്തേക്ക്, പശ്ചിമഘട്ടം കോർപ്പറേറ്റു മുതൽ വൻകിട കൈയ്യേറ്റക്കാർക്ക്. യാത്രാ പ്രശ്നങ്ങൾക്കുളള ഒറ്റ മൂലിയായി സിൽവർ ലൈൻ, മാളുകൾ കൊണ്ട് വിപ്ലവം തീർക്കൽ.


ഭൂരഹിതർ 420 ച.അടി വീടും1600 രൂപ പെൻഷനും കൊണ്ട് തൃപ്തിയടയുക എന്ന സമീപനത്തെ വിമർശിക്കുന്നവർ, ലൈംഗിക വൈകൃത രോഗിയോളം അപകടകാരികളായി കമ്യൂണിസ്റ്റു പാർട്ടി പോളിറ്റ് ബ്യുറോ അംഗം വിളിച്ചു പറയുകയാണ്. ഏരിയ തല കമ്യുണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍, കെ-റെയില്‍ പോലെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുവാന്‍ അണികള്‍ വേണ്ട പ്രചരണം നടത്തണം എന്നും നേതാവിന്‍റെ പ്രസംഗം ലക്ഷ്യം വെക്കുന്നു. 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിന്‍റെ വികസന പരിപാടിയില്‍, പരിസ്ഥിതി പ്രവര്‍ത്തകരെ ഗുണ്ടാ ആക്റ്റില്‍ പെടുത്തി തരാം എന്നാണ് സംരംഭകരോടായി അറിയിച്ചത്. ഇപ്പോള്‍ Sadist കളുടെ പട്ടികയില്‍ പ്രതിപക്ഷത്തെയും ഉള്‍ചേര്‍ത്തതായി തോന്നുന്നു.  
 

ഈ വര്‍ഷത്തെ മഴക്കാലം, വന്‍ ദുരന്തങ്ങള്‍ ഉണ്ടാക്കിയ പ്രദേശങ്ങള്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പെടുന്നു. ഗ്രാമങ്ങള്‍ മൊത്തത്തില്‍ ഒലിച്ചു പോകുന്ന ഹെയ്തി-ഇന്തോനേഷ്യന്‍ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് കേരളവും. അതിന്‍റെ  കാരണം തെരയുമ്പോള്‍ ലോക കാലാവസ്ഥാ വ്യതിയാനമാണ് വില്ലൻ. നാടിന് അതില്‍ പങ്കില്ല എന്ന വാദം അസത്യമാണ്. കേരളത്തിലെ ഭൂഘടനയില്‍ വരുത്തിയ വലിയ മാറ്റങ്ങള്‍, അനിയന്ത്രിതമായി പശ്ചിമഘട്ടത്തെ തുരക്കുവാന്‍ അവസരം, 18 ഡിഗ്രിയിലധികം ചരിവുള്ള ഇടങ്ങളില്‍ ഖനനം,22 ഡിഗ്രിയിലും മേലില്‍ ഇറക്കമുള്ള സ്ഥലത്തെ നിര്‍മ്മാണങ്ങളും കൃഷിയും ഒക്കെ ജീവനും സ്വത്തിനും അപകടമാണ്. മാറിയ മഴയുടെ സ്വഭാവം, വെട്ടിനിരത്തിയ മൊട്ട കുന്നുകള്‍, നികന്നു പോയ നദീ തടങ്ങളും കായലുകളും എല്ലാം നാടിനു ശാപമായി മാറി. ഇത്തരം വിഷയങ്ങളില്‍ നിന്ന് ഒന്നും പഠിക്കുവാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍, വികസനത്തിന്‍റെ ബാനറില്‍ വന്‍കിട പദ്ധതികള്‍ എത്തിക്കുമ്പോള്‍, ഗ്ലാസ്കൊ കോപ്പ് 26 തീരുമാനത്തെ പോലും പരിഗണിക്കുവാന്‍ മടിക്കുകയാണ്.


2018 ലെ വെള്ളപൊക്കം ഉണ്ടാക്കിയ സാമ്പത്തിക നഷ്ട്ടം 31000 കോടിയാണ്. അതിനര്‍ഥം 77 ലക്ഷം വരുന്ന മലയാളി കുടുംബങ്ങള്‍ ഓരോരുത്തര്‍ക്കും 43000 രൂപ ശരാശരി ബാധ്യത ഉണ്ടായി. തൊട്ടടുത്ത വര്‍ഷത്തെ തിരിച്ചടി 12000 കോടി രൂപ. 2020 ലെ കാലത്ത് 8000 കോടിയോളവും. ഇതാ ഈ വര്‍ഷത്തെ മഴക്കാലം കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വലിയ ദുരന്തങ്ങള്‍ വരുത്തി വെച്ചു. പ്രകൃതി ദുരന്തങ്ങളില്‍ ഉണ്ടാകുന്ന തകർച്ച, യഥാര്‍ഥത്തില്‍ 6 ഇരട്ടി എങ്കിലും തിരിച്ചടികള്‍ നാടിനുണ്ടാക്കും. പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു ശേഷം നദിയുടെ ആവാസ വ്യവസ്ഥയില്‍ പോലും ഉണ്ടായ മാറ്റങ്ങള്‍ വലുതാണ്. ഇതിനൊക്കെ ഉപരിയാണ് മരണവും മറ്റു വൈകാരിക വിഷയങ്ങളും വരുത്തിയ തീരാദുരിതങ്ങള്‍. ഇവയെ  പരിഗണിക്കാതെയുള്ള വികസനം കൊണ്ട് മന്ത്രിസഭ എന്താണ് പ്രതീക്ഷിക്കുന്നത് ?


കേരളത്തിലെ കാര്‍ഷിക രംഗത്തെ പ്രതിസന്ധികളെ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ നാളീകേര ഉത്‌പാദനത്തില്‍ ഉണ്ടായ കുറവ് 48 കോടിയാണ്. (2018/19 ൽ 529 കോടിയും19/20 ൽ 481 കോടിയും) ഉത്പാദന ക്ഷമത ഇടിയുന്നു. തൊഴില്‍ നഷ്ട്ടംകൂടുന്നു. കാലാവസ്ഥയിലെ ഇടര്‍ച്ചകള്‍ മനസ്സിലാക്കി സമൂഹം നടപ്പിലാക്കേണ്ട മാറ്റങ്ങളെ ഒരു തരത്തിലും ഇവർ പരിഗണിക്കുന്നില്ല. അത്തരം പരിഗണകള്‍ 3.54 കോടി ജനങ്ങള്‍ക്കും ഗുണപരമാണ്. എന്നാല്‍ നിര്‍മ്മാണം, ഭൂമി കച്ചവടം, ഖനന രംഗം എന്നിവടങ്ങിലെ വമ്പന്മാരുടെ സുരക്ഷയെ മാത്രം മുന്‍ നിര്‍ത്തി, വികസനത്തിന്‍റെ നാമത്തില്‍ പുക മറ തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരുടെ നന്മക്കായി, നിയമങ്ങളെ കാറ്റില്‍ പറത്തി, വമ്പന്‍ പദ്ധതികള്‍ വിളിച്ചു പറയുമ്പോള്‍, അതിനെ വിമര്‍ശിക്കുന്നവരെ SADIST കള്‍ എന്ന് വിളിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തെ മറന്ന് പുലഭ്യങ്ങള്‍ ചോരിയുവാനാണ് ശ്രമിച്ചത്.    

      
സംസ്ഥാനത്തെ പ്രളയത്തെ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ കൈകൊണ്ട 2014-19 കാല പ്രവര്‍ത്തനത്തെ വിലയിരുത്തികൊണ്ടുള്ള 111പേജുള്ള കംട്രൂളര്‍ & ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്‌ പുറത്ത് വിടുകയുണ്ടായി. അതിലെ വിലയിരുത്തല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പരിസ്ഥിതി വിഷയത്തിലെ തെറ്റായ പ്രവണതകളെ ശരിവെക്കുന്നതായിരുന്നു. ഭൂമിയില്‍ നടത്തുന്ന അശാസ്ത്രീയ ഇടപെടലുകള്‍ മഴക്കാല ദുരിത നിവാരണ വിഷയത്തിലും നിഴലിച്ചിരുന്നു എന്ന് കാണാം.   

            
സി.ഏ.ജി വിലയിരുത്തല്‍ തുടങ്ങുന്നത് 2018 വെള്ളപോക്കത്തെ പറ്റി പറഞ്ഞു കൊണ്ടാണ്. 14.52% പ്രദേശങ്ങളില്‍ വെള്ളപൊക്ക സാധ്യതയുള്ള കേരളത്തില്‍ പതിനെട്ടിലെ ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസങ്ങളിൽ 42%അധിക മഴ ലഭിച്ചു. ആഗസ്റ്റ്‌ ഒന്നുമുതല്‍ 19 ദിവസത്തിനുള്ളില്‍164% മഴ കിട്ടി എന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിച്ചു. റിപ്പോര്‍ട്ട്‌ തയ്യാറാക്കുവാന്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളെ പഠന വിധേയമാക്കി (അവയിലെ 8 താലൂക്കുകള്‍). ഒപ്പം പെരിയാര്‍ തടം (5759.7 ച.കി.മീ) ഇടുക്കിയിലെ ഡാമുകള്‍ (17), കുട്ടനാട് എന്നിവ പരിശോധിച്ചു.


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment