കൃഷി - ജല സംരക്ഷണത്തിലും മാലിന്യ സംസ്‌കരണത്തിലും സർക്കാരിന്റെ കൂടുതൽ നടപടികൾ പ്രതീക്ഷിക്കാം 




ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ടാഗോർ തീയറ്ററിൽ സംഘടിപ്പിക്കുന്ന 'ജലസംഗമ'ത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം 


ജലസംരക്ഷണം സാധ്യമായാൽ കൃഷിയിൽ അത്ഭുതകരമായ മാറ്റമുണ്ടാക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ കൃഷിയിൽ നല്ല കുതിച്ചുച്ചാട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രളയം അൽപം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കൃഷി തിരിച്ചുപിടിച്ച് കാർഷികമേഖലയിൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. നമ്മൾ തുനിഞ്ഞിറങ്ങിയാൽ കാർഷികാഭിവൃദ്ധി സാധ്യമാകും. ജലം ശുദ്ധമാകുന്നതിന് മാലിന്യസംസ്‌കരണം അവിഭാജ്യഘടകമാണ്. ഉറവിടമാലിന്യസംസ്‌കരണത്തിനൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാൻറും ആവശ്യമാണ്. യാതൊരു ബുദ്ധിമുട്ടോ പരിസരമലിനീകരണമോ ഇല്ലാത്ത ആധുനികതരം മാലിന്യസംസ്‌കരണ പ്ലാൻറുകൾ സാധ്യമാണെന്നാണ്  വിദേശ സന്ദർശനവേളയിലെ അനുഭവം. 


ജലസംരക്ഷണത്തിൽ ശാസ്ത്രീയമായ സമീപനമുണ്ടാകണം. കുട്ടികൾ മുതൽ ഇക്കാര്യത്തിൽ അവബോധം പൊതുബോധമായി വളർത്തണം. ജലസംരക്ഷണത്തിന്റെ കാര്യത്തിൽ നല്ല ഇടപെടൽ നടത്താൻ നമുക്കായി. ചെറുതും വലുതുമായ പ്രവർത്തനങ്ങൾക്ക് ഇപ്പോൾത്തന്നെ മികച്ച ഫലമുണ്ടായിട്ടുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾ രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. വിദേശസന്ദർശനത്തിനിടെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി സംഘവുമായുള്ള ചർച്ചയിൽ അവർ പറഞ്ഞത് നമ്മുടെ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ചാണ്. 


കട്ട പിടിച്ച് മാലിന്യം കിടന്നിരുന്ന നെതർലാൻഡ്‌സിലെ നദികൾ വീണ്ടെടുത്ത് സംരക്ഷിക്കാനായതും സന്ദർശനവേളയിൽ കണ്ടു. അസാധ്യമായതല്ല ഇതെല്ലാം എന്നതിന് ഉദാഹരണമാണിത്. നമ്മെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ലോകത്തിന് വലിയ മതിപ്പാണ്. അവർ വരുമ്പോൾ പ്രകൃതിയെ നേരിട്ടറിയാനാണ് വരുന്നത്. അവരിൽനിന്ന് മോശം അഭിപ്രായം വരുന്ന നിലയുണ്ടാകരുത്. ഒട്ടേറെ നദികൾ വീണ്ടെടുക്കാൻ നമുക്കായി. പ്രളയകാലത്ത് ഈ നദികളിലൂടെ വെള്ളം ഒഴുകി. തദ്ദേശസ്ഥാപനങ്ങൾക്കും നല്ല രീതിയിൽ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. നവകേരളത്തിൽ വെള്ളവും വായുവും എല്ലാം ശുദ്ധമായിരിക്കണം.

------------------------------


മുഖ്യമന്ത്രിയുടെ ജലസംഗമം പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ മൂന്നു കാര്യങ്ങൾ 1. ജലം .2. കൃഷി. 3. മാലിന്യ സംസ്ക്കരണം എന്നിവയിൽ നാട് കൈകൊള്ളേണ്ട മാതൃകാ നില പാടുകളാണ്. 


കേരളത്തിന് 3000 mm മഴ ലഭിക്കുമ്പോഴും ജലക്ഷാമം രൂക്ഷമായിട്ടുണ്ട്.151 ബ്ലോക്കുകളിൽ വൻ ജലക്ഷാമം അനുഭവപ്പെടുന്ന ചിറ്റൂർ ഉൾപ്പെടെ  30 ബ്ലോക്കുകളുടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം അങ്ങനെ ആയിരുന്നില്ല. ഇന്നിപ്പോൾ ഒട്ടുമിക്ക പഞ്ചായത്തുകളും മുൻ സിപാലിറ്റികളും കോർപ്പറേഷനും ജല ടാങ്കറു കളുടെ  കച്ചവട കേന്ദ്രങ്ങളാണ്. മൊത്തം മഴയുടെ തോതിൽ അത്ര വലിയ കുറവുണ്ടായിട്ടില്ല എങ്കിലും കുടുനീർ കിട്ടാക്കനിയാകുന്നതിന്റെ കാരണങ്ങൾ മുഖ്യമന്ത്രിക്ക് അറിവുള്ളതാണ്. അത്തരം വിഷയങ്ങളിൽ സർക്കാർ കൈകൊള്ളുന്ന സമീപനങ്ങൾ തിരുത്തുവാൻ ഇനി എങ്കിലും തയ്യാറാണോ ?


ഭൂഗർഭ ജല ശ്രാേതസ്സുകളിൽ വൻകുറവ് സംഭവിച്ചു. 1951 ൽ ജലവിതാനം 5200 mm ആയിരുന്നത് 2011 ൽ 1545 mm ആയി. ഇന്നത് 1545 ലും  താഴെയാണ്. ദേശീയമായ ഇത്തരം കണക്കുകൾ കേരളത്തിനും ബാധകമായിട്ടുണ്ട്. ഇതിനുള്ള കാരണങ്ങൾ പ്രധാനമായി 


1. ഭൂഗർഭ ജലവിതാനം വർദ്ധിപ്പിക്കുവാൻ സഹായകരമായിരുന്ന കാടുകൾ കുറഞ്ഞു. ഉള്ള കാടുകളുടെ സാന്ദ്രത  ഇല്ലാതെയായി. നദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ  ഉണ്ടാകുന്ന കുറവ് നദിയുടെ മൊത്തം ഘടനയെ മാറ്റി മറിക്കും.  ഗ്രാന്റിസുകളുടെ സാന്നിധ്യം , ഖനനം , ചരിഞ്ഞ പ്രതലത്തിലെ മണ്ണിളക്കിയുള്ള കൃഷി തുടങ്ങിയവ വെള്ളം പെട്ടെന്ന് ഒഴുകി പോകുവാൻ ഇടയുണ്ടാക്കി ( മണ്ണിടിച്ചിലിനും). ഈ വിഷയങ്ങളെ പരിഗണിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാനായി സർക്കാർ നിലവിലെ നിലപാടുകൾ മാറ്റുവാൻ തയ്യാറാകുമോ ?


2. നദികളുടെ സംരക്ഷണത്തിൽ കാടുകളുടെ സുരക്ഷക്കൊപ്പം പ്രധാനമാണ് ചെറു അരുവികളും അവയുടെ തീരങ്ങളും.പുഴയുടെ ഇരുവശവും പകുതി വീതം തീരങ്ങൾ ക്കായി ഒഴിച്ചിടണം.ഉപ്പുരസമുള്ള പുഴയിൽ അത് 100 മീറ്റർ വീതം തീരങ്ങളെ പുഴക്കൊഴുകുവാൻ മാത്രം മാറ്റി ഇടുമ്പോൾ മാത്രമേ നദീസംരക്ഷണം സാധ്യമാകൂ. എങ്കിൽ മാത്രമേ നദികൾ സുരക്ഷിതമാകൂ. 


3. പുഴയുടെ സഹചാരിയായ നെൽപ്പാടങ്ങൾ നദിയെ സംരക്ഷിക്കുന്നു. നിറഞ്ഞൊ ഴുകുന്ന നദിയിൽ നിന്നും നാടിനെ രക്ഷിക്കുന്നു. മത്സ്യങ്ങളുടെ പ്രജനനത്തെ സാധ്യമാക്കുന്നു. ഭൂഗർഭ ജലവിതാനം വർദ്ധിപ്പിക്കുന്നു.ബാഷ്പീകരണത്തിലൂടെ അന്തരീക്ഷ ഊഷ്മാവ് കുറക്കുന്നു.( 1 to 2 ഡിഗ്രി ) നമ്മുടെ നാട്ടിലെ  7 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളെ മണ്ണിട്ടു മൂടിയതിലൂടെ നഷ്ടപ്പെട്ട 7000 ച.കി.മീറ്റർ തണ്ണീർ തടങ്ങളുടെ ഗതി അവശേഷിക്കുന്ന 1.9 ലക്ഷം ഹെക്ടറിനുണ്ടാകാതിരിക്കു വാൻ 10 വർഷത്തിനു മുൻപുണ്ടാക്കിയ നിയമത്തെ തന്നെ  ഇടതുപക്ഷ സർക്കാർ അശക്തമാക്കി. കണ്ടൽകാടുകൾ നൂറിൽ ഒന്നായി. കായലുകൾ നാലിലൊന്നായി . എല്ലാത്തിനും സർക്കാർ സംവിധാനങ്ങൾ സഹായകരമായിരുന്നു.


കാർഷിക രംഗത്തെ പ്രശ്നങ്ങളെ വരുമാനത്തിന്റെ പ്രതിസന്ധിയായി മാത്രം കാണരുത്. നാണ്യവിളകളുടെ അമിതമായ വ്യാപനം പ്രകൃതി സംതുലനത്തിന് തടസ്സമായിട്ടുണ്ട്. ശാസ്ത്രീയമായ ഭക്ഷ്യ വിളകൃഷിയും അതിന്റെ ഭാഗമായ പരിസരവും  പരിസ്ഥിതിയുമായി ഇണങ്ങുന്നതാണ്. എന്നാൽ അത്തരം കൃഷികൾ  സാധാരണക്കാർക്ക് നടത്തി കൊണ്ടു പോകുവാൻ കഴിയാത്ത അവസ്ഥയിൽ ചെയ്യുന്ന വൻകിടക്കാരുടെ കടും കൃഷി പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്നു. നെൽ കൃഷിയും മറ്റു ഭക്ഷ്യ വിള കൃഷിയും വ്യാപിപ്പിക്കുന്നതിലൂടെ ഭക്ഷ്യ ,പ്രകൃതി  സുരക്ഷ സാധ്യമാക്കാം. അതിന് സഹായകരമായ തീരുമാനങ്ങൾ  ശ്രീ പിണറായി വിജയൻ കൈകൊള്ളുമോ ?


മാലിന്യങ്ങളുടെ ശരിയായ സംസ്കരണത്തിലെ പ്രശ്നങ്ങൾ മണ്ണിനെയും വെള്ളത്തെയും ഭൂഗർഭത്തെയും മലീമസമാക്കി വരുന്നു. മാലിന്യങ്ങൾ വികേന്ദ്രീ കൃതമായി സംസ്ക്കരിക്കുക എന്ന നിലപാടു മറന്ന് ,കേന്ദ്രീകൃത പ്ലാന്റുകൾ , പഴയ കാലെത്ത insunator , പ്രാദേശികമായി കത്തിക്കൽ എന്നീ രീതികൾ തുടരുകയാണ് . ഇവിടെയും പിണറായി സർക്കാർ പഴയ നിലപാടുകൾ മാറ്റുമോ ?


സംസ്ഥാനത്തെ ജല വിഷയത്തെ ഗൗരവതരമായി പരിഗണിക്കുന്ന ഏതു ശ്രമവും സ്വാഗതാർഹമാണ്. അതിലേക്ക്‌ ശ്രദ്ധ കൊണ്ടുവരുവാൻ ഹരിത കേരള മിഷന്റെ ജല സംഗമം പരിപാടിക്ക് കഴിയുമോ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment