മരങ്ങള്‍ നടാന്‍ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്; ചെലവായത് 61ലക്ഷം രൂപ; 40 ലക്ഷം കടലാസുകൾ
തിരുവനന്തപുരം: മരങ്ങള്‍ നടണമെന്ന സന്ദേശവുമായി സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ അച്ചടിക്കാന്‍ ചെലവായത് 61 ലക്ഷം രൂപ. സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുടെ കത്ത് നൽകിയത്. ലോകം മുഴുവൻ മരങ്ങളെ സംരക്ഷിക്കാനായി എല്ലാ രാജ്യങ്ങളും കടലാസുരഹിത സന്ദേശങ്ങളിലേക്കു മാറുമ്പോഴാണ് മരങ്ങള്‍ വച്ചു പിടിപ്പിക്കണമെന്ന സന്ദേശമെത്തിക്കാന്‍ കത്തുകൾ ഉപയോഗിക്കുന്നത്.


42 ലക്ഷം കടലാസുകള്‍ ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ കുട്ടികൾക്ക് മരം വെക്കണമെന്ന സന്ദേശം അയച്ചത്. 'പ്രിയപ്പെട്ട കുട്ടികള്‍ക്ക് മുഖ്യമന്ത്രി എഴുതുന്ന കത്ത്' എന്ന തലക്കെട്ടോടെയായിരുന്നു കത്തുകള്‍. 28 സെന്റീമീറ്റര്‍ വീതിയും 21 സെന്റീമീറ്റര്‍ നീളവുമുള്ള കത്തിന്റെ 23 ലക്ഷം കോപ്പിയും 9.3 സെ.മീ. വീതിയും 21 സെ.മീ. നീളവുമുള്ള കത്തിന്റെ 19.55 ലക്ഷം കോപ്പിയുമാണ് അച്ചടിച്ചത്. 40 ലക്ഷം കോപ്പികളാണു കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് അച്ചടിച്ചത്.


പ്രവേശനോല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കു കത്തു നല്‍കാനായിരുന്നു നിര്‍ദേശമെങ്കിലും ഇത് കൃത്യമായി പാലിക്കുന്നതിലും സംവിധാനങ്ങൾ പരാജയപ്പെട്ടു. ഒട്ടേറെ സ്‌കൂളുകളില്‍ കത്ത് സമയത്തിന് എത്തിക്കാനുമായില്ല. എന്നാല്‍, അച്ചടിച്ച കത്തിന്റെ ബില്ലു മാത്രം കൃത്യമായി കഴിഞ്ഞ ദിവസം സര്‍ക്കാരിനു മുന്നിലെത്തി. ആവശ്യപ്പെട്ട 61 ലക്ഷവും സര്‍ക്കാര്‍ പാസാക്കി നൽകി. 


ലോകവ്യാപകമായി സ്വീഡിഷ് വിദ്യാർത്ഥി ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും കാർബൺ ഉത്പാദന പ്രവർത്തനങ്ങൾക്കുമെതിരെ സമരം നടക്കുന്ന കാലത്ത് തന്നെയാണ് നമ്മുടെ സർക്കാർ പേപ്പറുകളിൽ നിന്നും മോചിതമാകാതെ നിൽക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment