തീരമേഖലയിൽ നിർമാണത്തിനുള്ള വിലക്കുകളിൽ ഇളവുമായി പുതിയ പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം




തീരമേഖലയിൽ നിർമാണത്തിനുള്ള വിലക്കുകളിൽ ഇളവുമായി പുതിയ പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം. വികസന പ്രവർത്തനങ്ങൾക്ക് നിരോധനമുള്ള CRZ 2, CRZ 3 വിഭാഗത്തിലെ മേഖലയിൽ നിയന്ത്രണ വിധേയമായി ടൂറിസം, റിസോർട് പദ്ധതികൾക്ക് അനുമതി ലഭിക്കും. CRZ ഒന്നാം പട്ടികയിലുള്ള കണ്ടൽക്കാട് മേഖലയിൽ ഇക്കോ ടൂറിസം പദ്ധതികളുടെ പാർക്കുകൾ, മരം കൊണ്ടുള്ള കുടിലുകൾ എന്നിവയ്ക്ക് അനുമതി നൽകാമെന്നും പരിസ്ഥിതി വകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നു.


ആയിരം ചതുരശ്ര മീറ്ററിലുള്ള കണ്ടൽകാടുകളാണ് CRZ 3 ൽ പെടുക. ഈ കണ്ടൽകാടുകളുടെ 50 മീറ്റർ സംരക്ഷിത മേഖലയിൽ പെടുന്ന ഇടമാണ്. ഈ പ്രദേശത്താണ് നിയന്ത്രണ വിധേയമായി ടൂറിസം വികസനങ്ങൾക്ക് ഇളവ് നൽകുന്നത്. ഇത് വ്യാപകമായ പ്രകൃതി ചൂഷണത്തിനും കയ്യേറ്റത്തിനും വഴിവെക്കും.


വേലിയേറ്റ രേഖലയിൽ നിന്ന് 500 വരെയുള്ള സ്ഥലം നിയന്ത്രണ മേഖലയായി തുടരും. നഗരപ്രദേശങ്ങൾ മുഴുവൻ CRZ 2 ലാണ് വരിക. ഇവിടെ 1994 ന് മുൻപ് റോഡോ അംഗീകൃത ക്കെട്ടിടങ്ങളോ ഉള്ള സ്ഥലം വരെ നിയന്ത്രിത നിർമാണമാവാം. ഒൻപത് മീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള കെട്ടിടങ്ങൾ അനുവദിക്കില്ല. പഞ്ചായത്ത് പ്രദേശങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിൽ മൂന്ന് എ, മൂന്ന് ബി എന്നിങ്ങനെ വിഭജിച്ചു. 


ചതുരശ്ര കിലോമീറ്ററിൽ 2061 ൽ കൂടുതൽ ജനസംഖ്യയുണ്ടെങ്കിൽ (2011 സെൻസെസ്) മൂന്ന് എ യിൽ വരും. കുറവാണെങ്കിൽ ബി യിലും. ഈ മേഖലയിലെ നിർമാണത്തിന് വൻ ഇളവുകളാണ് പുതിയ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നത്. മൂന്ന് എ മേഖലയിൽ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ നിർമാണങ്ങൾ പാടില്ലെന്നത്  50 മീറ്ററാക്കി പരിധി കുറയും. 300 ചതുരശ്ര മീറ്റർ വരെയുള്ള വീട് നിർമാണത്തിന് കോസ്റ്റൽ മാനേജ്‍മെന്റ് അതോറിറ്റിയുടെ അനുമതി വേണ്ട. അന്തിമ പ്ലാൻ വിജ്ഞാപനം ചെയ്താലേ ഭേദഗതി നടപ്പാക്കൂ. അത് വരെ നേരത്തെയുള്ള പരിധി നിലനിക്കും. 


കായലിലെ ദ്വീപുകളിലും പുഴകളിലെ തുരത്തുകളിലും നിർമാണ നിരോധനം തീരത്ത് നിന്ന് 20 മീറ്റർ വീതിയിലായി കുറച്ചു. നേരത്തെ ഇത് 50 മീറ്റർ ആയിരുന്നു. ലക്ഷദ്വീപിലെ നിർമാണത്തിന് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച രൂപരേഖ പോലെ ദ്വീപുകളിലെ നിർമാണത്തിന് സംസ്ഥാനങ്ങൾ ചട്ടവും മാർഗ രേഖയും ഉണ്ടാക്കണമെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 


ചട്ടം നടപ്പാക്കണമെങ്കിൽ പുതിയ വിജ്ഞാപന പ്രകാരമുള്ള  തീരപരിപാലന മേഖലാ ഭൂപടം അംഗീകരിക്കണം. പൊതുജനാഭിപ്രായം കൂടി കേട്ട ശേഷം മാത്രമേ ഇതിന് അംഗീകാരം ലഭിക്കൂ. 2011 ലെ തീരപരിപാലന മേഖലാ വിജ്ഞാപനത്തിനനുസരിച്ചുള്ള ഭൂപടം ഇനിയും അംഗീകരിച്ചിട്ടില്ല.

 

Related News:

http://greenreporter.in/main/details/coastal-regulation-zone-new-amendment-1546252474

http://greenreporter.in/main/details/tvm-city-under-coastal-regulations-zone-1547102317

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment