പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ പരാതി നല്‍കിയ സ്ത്രീയുടെ എസ്റ്റേറ്റില്‍ കാട്ടുതീ; സ്വാഭാവികമായ കാട്ടുതീ അല്ലെന്ന് പരാതി




നിലമ്പൂർ: പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ പരാതി നല്‍കിയ സ്ത്രീയുടെ റബര്‍ എസ്റ്റേറ്റില്‍ തീപിടുത്തം. കൊല്ലം ചന്ദനതോപ്പ് സ്വദേശിനി ജയ മുരുഗേഷിന്റെ പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റിലെ 16 ഏക്കറിലാണു തീപിടിത്തമുണ്ടായത്. സ്വാഭാവികമായ കാട്ടുതീ അല്ലെന്നും പലയിടങ്ങളില്‍നിന്നായി കത്തിച്ചതാണെന്നും ജയ മുരുഗേഷ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. 


ഇന്നലെ രാവിലെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും വനം വകുപ്പ് അധികൃതരും ചേര്‍ന്നാണു തീ അണച്ചത്. റബറും തേക്കുമരങ്ങളും കത്തി നശിച്ചതിനെ തുടര്‍ന്ന് രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 


റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച്‌ പി.വി അന്‍വര്‍ എം.എല്‍.എ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് എം.എല്‍.എക്കെതിരേ നേരത്തെ കേസെടുത്തിരുന്നു. ഇതിനു ശേഷം നിരന്തരം ഗുണ്ടാ സംഘത്തെ ഉപയോഗിച്ച്‌ എസ്റ്റേറ്റില്‍ നാശ നഷ്ടങ്ങളുണ്ടാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. എസ്റ്റേറ്റ് കത്തിക്കുമെന്ന് എം.എല്‍.എയുടെ സഹായി കൈനോട്ട് അന്‍വര്‍ ഭീഷണി മുഴക്കുന്നതായി കാണിച്ച്‌ ജയ മുരുഗേഷ് മാര്‍ച്ച്‌ ഏഴിന് പൂക്കോട്ടുംപാടം പൊലീസിലും നിലമ്ബൂര്‍ നോര്‍ത്ത് ഡി.എഫ്.ഒക്കും പരാതി നല്‍കിയിരുന്നു.


എസ്റ്റേറ്റില്‍ അന്യായമായി പ്രവേശിക്കുകയോ നാശനഷ്ടങ്ങള്‍വരുത്തുകയോ ചെയ്യരുതെന്ന് മഞ്ചേരി മുന്‍സിഫ് കോടതി ഉത്തരവ് ലംഘിച്ച്‌ റബര്‍ മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. എസ്റ്റേറ്റിലേക്കുള്ള വഴി തടസപ്പെടുത്തിയത് കോടതി കമ്മിഷന്റെ സാന്നിധ്യത്തിലാണ് നീക്കം ചെയ്തത്. 


നേരത്തെ, എസ്റ്റേറ്റില്‍ ആദിവാസികളെകൊണ്ട് കുടില്‍കെട്ടിച്ചും സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ വീടനുവദിച്ചവരാണ് കുടില്‍കെട്ടിയതെന്നു കണ്ടെത്തിയതോടെ കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് കുടിലുകള്‍ പൊളിച്ചു നീക്കുകയായിരുന്നു. ജയമുരുഗേഷിനെതിരെ ആദിവാസി പീഢനനിരോധന പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ പരാതി കളവാണെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment