കൊറോണ: വാചകമേള ഇന്ത്യയെ രക്ഷിക്കില്ല




കൊറോണക്കെതിരെ 21 ദിവസത്തേക്ക് രാജ്യം lock downലേക്ക് പോകുന്നു എന്ന വാര്‍ത്ത‍ പ്രധാനമന്ത്രി 133 കോടി ജനങ്ങളെ അറിയിക്കുമ്പോള്‍, രോഗം  ഗുരുതരമായി മാറാന്‍ സാധ്യതയുണ്ട് എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ്. ജന സാന്ദ്രത കൂടുതലുള്ള, മൂന്നര കോടി ആളുകള്‍ വിദേശ രാജ്യങ്ങളില്‍ പണിയെടുക്കുന്ന, നാട്ടില്‍ കൊറോണ സാമൂഹിക വ്യാധിയായി മാറിയാല്‍ (മൂന്നാം ഘട്ടം) 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജ്യം കണ്ട ഫ്ലൂ ദുരന്തത്തെ ആയിരിക്കും അത് ഓർമ്മിപ്പിക്കുക. ലോക ആരോഗ്യ സംഘടനയെ ഓർമ്മിപിച്ചു കൊണ്ട്‌', രോഗം ഒരാളില്‍ നിന്നും ഒരു ലക്ഷത്തിലെക്കെത്തുവാന്‍ 67 ദിവസവും അടുത്ത ഒരു ലക്ഷത്തിലേക്ക് 11 ദിവസവും മൂന്നു ലക്ഷം രോഗികളിലായി വളരുവാന്‍ 4 ദിവസം മതി എന്ന് വിവരിക്കുമ്പോൾ  അപകടം കൂടുതൽ വ്യക്തമാക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ 133.3 കോടി ആളുകള്‍ 21 ദിവസം പൊതു ഇടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം എന്ന പ്രഖ്യാപനം ലോക സുരക്ഷക്ക് ആവശ്യമായിരിക്കുന്നു.


രാജ്യം lock out ലേക്ക് പോകുമ്പോള്‍, ദേശീയ പൊതു ജന ആരോഗ്യത്തിൻ്റെ അവസ്ഥ ആഫ്രിക്കന്‍ രാജ്യങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ്. ജനകീയ ആരോഗ്യ നയങ്ങള്‍ ശക്തമായ ചൈനയും റഷ്യയും കൊറിയയും ക്യൂബയും ശ്രീലങ്കയും കൊറോണ വിഷയത്തില്‍ പിടിച്ചു നിന്നപ്പോള്‍, അമേരിക്കയും ഇറ്റലിയും സ്പെയിനും  പതറി പോകുവാൻ കാരണം, ആരോഗ്യ രംഗത്തെ market oriented ആയി കണ്ടുവന്ന രീതികളാണ്‌. സമ്പന്ന രാജ്യക്കാര്‍ അതിനുള്ള വില കൊടുത്തു കൊണ്ടിരിക്കുകയാണ്.അവരുടെ വികസന മാതൃക പിന്തുടരുവാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ കാര്യങ്ങള്‍ സുരക്ഷിതമാകില്ല ഇവിടെയും എന്ന് ഇനി എങ്കിലും തിരിച്ചറിയണം.


ഇന്ത്യയുടെ അവസാനത്തെ ബജറ്റില്‍ ആരോഗ്യ രംഗത്തിനായി മാറ്റി വെച്ച തുക 69000 കോടി രൂപയായിരുന്നു.ഓരോ ഇന്ത്യക്കാരനും പ്രതിദിനം ഒരു രൂപ നാല്‍പതു പൈസ സര്‍ക്കാര്‍ ചില വഴിക്കുന്നു എന്നാണ് അർത്ഥം .ഇതേ സമീപനങ്ങളാണ് കേരളം, അരുണാചല്‍ പ്രദേശ്, തമിഴ്‌നാട്‌, മറ്റു ചില സംസ്ഥാനങ്ങൾ ഒഴിച്ചുള്ളവർ പിന്തുടരുന്നത്. 10000 ആളുകള്‍ക്ക് 5 ഡോക്റ്റര്‍മാരും അവര്‍ക്കായി 7 കിടക്കകളും മാത്രമുള്ള രാജ്യമായി, GDP വളര്‍ച്ചയില്‍ മുന്നേറുന്ന ഇന്ത്യ തുടരുന്നതില്‍ നമ്മുടെ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ തോന്നിയിട്ടില്ല.
 

കൊറോണ ബാധയെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ Quarantine കഴിഞ്ഞാല്‍ പരിഗണിക്കുന്നവ, സമീകൃത ആഹാരം, വ്യായാമം, മാനസിക അവസ്ഥ എന്നിവയായിരുന്നു. രാജ്യത്തെ 90% ആളുകളുടെ ദിവസേന വരുമാനം 66 രൂപയും 75%ത്തിന്‍റെ വരുമാനം 33 രൂപയും(67.2 കോടി ജനങ്ങള്‍) ആണെന്നിരിക്കെ,ആരോഗ്യ രംഗവും ഒപ്പം ദൈനം ദിന ജിവിത സാഹചര്യ വും സുരക്ഷിതമല്ല എന്ന് കണക്കുകള്‍ പറയുന്നു. അങ്ങനെയുള്ള ഇന്ത്യയുടെ അധികാരി, കൊറോണ കാലത്ത് 15000 കോടി രൂപയുടെ സഹായങ്ങള്‍ മാത്രം വാഗ്ദാനം ചെയ്തു എന്ന് അറിയിക്കുമ്പോള്‍, ഞെട്ടിയത് ഇന്ത്യക്കാരെക്കാള്‍ ലോകാരോഗ്യ സംഘടന ആയിരിക്കും. റേഷൻ വിതരണത്തെ മറന്നു കൊണ്ടല്ല ഇതു പറയുന്നത്.


കേരളം എന്ന സംസ്ഥാനം പ്രതിരോധത്തിനായി 20000 കോടി ചെല വഴിക്കും  എന്നറിയിച്ചു. അതില്‍ 6000 കോടി രൂപ സാധാരണക്കാരെ നേരിട്ട് സഹായിക്കുവാന്‍ ഉപകരിക്കുന്നതാണ്. 6000 കോടിയെ ഓര്‍മ്മിപ്പിക്കും വിധമെങ്കിലും  കേന്ദ്ര സഹായ നിധി പ്രഖ്യാപിച്ചിരുന്നു എങ്കില്‍ ആ തുക 2.42 ലക്ഷം കോടി വരുമായിരുന്നു.


രാജ്യത്തെ 63 ശത കോടീശ്വരന്മാരുടെ ആസ്തി 2018-19 ബജറ്റിനെക്കാള്‍ കൂടുതലാണ് (24.4 ലക്ഷം കോടി). 1%ആളുകളുടെ കൈയ്യില്‍ 95 കോടി ഇന്ത്യ ക്കാരെക്കാള്‍ സമ്പത്തുണ്ട് പക്ഷേ...


ജാനുവരി മുതല്‍ കൊറോണ ആഞ്ഞടിച്ച ചൈനയില്‍ 81218 രോഗികളും 3281 മരണവും  ഭീതി പരത്തിയ സാഹചര്യങ്ങൾ ഒഴിവായി. വന്‍ മതില്‍ ടൂറിസത്തിനായി തുറന്നിരിക്കുന്നു. അവരുടെ കൊറോണ വിരുദ്ധ സമരം ലക്ഷ്യം കണ്ടതില്‍ സര്‍ക്കാരിന്‍റെ പങ്ക്  നിര്‍ണ്ണായകമായിരുന്നു.രാജ്യങ്ങള്‍ നടപ്പാക്കിയ കൊറോണ  വിരുദ്ധ പാക്കേജുകള്‍ താഴെ കൊടുക്കുന്നു.


ചൈന സാമ്പത്തിക സഹായങ്ങള്‍: ജനസംഖ്യ 138.6 കോടി.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്: 1600 കോടി ഡോളര്‍.(1.2ലക്ഷം കോടി ഇന്ത്യൻ രൂപ ). സാമ്പത്തിക രംഗത്തിന്: 7900 കോടി ഡോളര്‍ .(6 ലക്ഷം കോടി INR).കമ്പനികള്‍ക്ക് 7900 കോടി ഡോളര്‍. 


ഇറ്റലി.: ജനസംഖ്യ 6.02 കോടി.
സഹായം 2800 കോടി ഡോളര്‍. (2.1 ലക്ഷം കോടി രൂപ). ആരോഗ്യ മേഖലക്ക് 350 കോടി യുറോ (28000 കോടി രൂപ.). തൊഴില്‍ രംഗത്തിന് 1000 കോടി യുറോ (80000 രൂപ). 50 ലക്ഷം തൊഴിലാളികള്‍ക്ക് മാസം 600 യുറോ വെച്ച് സഹായം.(മിനിമം  ശമ്പളത്തിന്‍റെ 68%. മിനിമം വേതനം 874 യുറോ).


അമേരിക്ക: ജന സംഖ്യ: 32.7 കോടി.
അപകടകരമാം വിധം ഭീതി അമേരിക്കയില്‍ നിലനില്‍ക്കുന്നു, സംസ്ഥാനങ്ങള്‍ക്ക് 5830 കോടി ഡോളര്‍. (4.3 ലക്ഷം കോടി രൂപ).മാന്ദ്യ പാക്കേജ് ഒരു ലക്ഷം കോടി ഡോളര്‍.(75 ലക്ഷം കോടി രൂപ) 


ജര്‍മനി : ജനസംഖ്യ 8.28 കോടി.
55000 കോടി യുറോ. (44 ലക്ഷം കോടി രൂപ).


സ്വിറ്റ്സര്‍ലന്‍ഡ്:  ജനസംഖ്യ.55.85 ലക്ഷം.
മൊത്തം അനുവദിച്ചത്. 1030 കോടി ഡോളര്‍. (78750 കോടി രൂപ.) അസംഘിടിത തൊഴിലാലികള്‍ക്ക് 80% വേതനം. 


ഫ്രാന്‍സ്:  ജനസംഖ്യ. 6.7 കോടി.
തൊഴില്‍ നഷ്ടപെട്ടവര്‍ക്കെല്ലാം തുല്യ വേതനം.കച്ചവട-വ്യവസായ ലോകത്തിന് 30000 കോടി യുറോ .(22.5 ലക്ഷം കോടി രൂപ ).


ആസ്ട്രേലിയ: ജനസംഖ്യ. 2.46 കോടി
ആകെ സഹായം 1140 കോടി ഡോളര്‍ (85500 കോടി Ind.Rs). ആരോഗ്യ രംഗത്തിന്  153 കോടി ഡോളര്‍.(11500 കോടി രൂപ).


സ്പെയിന്‍: ജനസംഖ്യ.4.6 കോടി.
സഹായം: 22000 കോടി ഡോളര്‍ (16.5 ലക്ഷം കോടി രൂപ.) കമ്പനികളിൽ നിന്നും ള്‍ 41% സംഭാവന .


ഇംഗ്ലണ്ട്: ജനസംഖ്യ 6.64 കോടി. 
തുക 42400 കോടി ഡോളര്‍. (31.8 ലക്ഷം കോടി രൂപ) ഒരു ലക്ഷം കോടി രൂപ ആരോഗ്യ രംഗത്തിനായി.


ന്യൂസീലാൻഡ്: ജനസംഖ്യ 48 ലക്ഷം. അനുവദിച്ച തുക 730കോടി ഡോളര്‍ (54750 കോടി രൂപ.)


തെക്കന്‍ കൊറിയ: ജനസംഖ്യ.5.12 കോടി. 
സര്‍ക്കാര്‍ സഹായ പദ്ധതി. 980 കോടി ഡോളര്‍ (73500 കോടി രൂപ ) ആരോഗ്യ രംഗത്തിന്18600 കോടി ഇന്ത്യന്‍ രൂപ.ബാക്കി ജനങ്ങളെ സാമ്പത്തികമായി സഹായിക്കുവാന്‍. ഓരോ കൊറിയക്കാരനുവേണ്ടി 14130 രൂപ കണ്ടെത്തിയിരുന്നു.
 

മുകളില്‍ നല്‍കിയ വിവരണങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌, ലോകത്തെ എല്ലാ ഭൂഖണ്ഡത്തിലുമുള്ള രാജ്യങ്ങള്‍ കൊറോണ ബാധിതരെ സഹായിക്കുവാന്‍ പണം കണ്ടെത്തുമ്പോള്‍, ഇന്ത്യ മാറ്റിവെച്ച തുക 200 കോടി ഡോളര്‍ മാത്രം. ചൈന ഒഴിച്ചുള്ള മുകളില്‍ സൂചിപ്പിച്ച 10 രാജ്യങ്ങള്‍ കൊറോണക്കായി പ്രഖ്യാപിച്ച മൊത്തം തുക 2.61910 ലക്ഷം കോടി ഡോളര്‍.10 രാജ്യങ്ങളുടെ ആകെ ജന സംഖ്യയാകട്ടെ  73.55 കോടി.ഓരോരുത്തത്തര്‍ക്കും മാറ്റി വെച്ച തുക 3560 ഡോളര്‍.  (2.67 ലക്ഷം രൂപ) എന്ന് കാണാം. 140 കോടി ജനങ്ങള്‍ക്കായി ചൈന അനുവദിച്ച തുക. 17300 കോടി ഡോളര്‍.( 13 ലക്ഷം കോടി രൂപ) ഓരോ ചൈനക്കാരനും വേണ്ടി സര്‍ക്കാര്‍9287 രൂപ മാറ്റി വെച്ചിരുന്നു. 


133 കോടി ജനങ്ങള്‍ അംഗങ്ങളായിട്ടുള്ള ഇന്ത്യയില്‍ ദേശിയ സര്‍ക്കാര്‍ കണ്ടെത്തിയതോ 200 കോടി ഡോളര്‍.അതായത് ഓരോരുത്തര്‍ക്കും.1.5 ഡോളര്‍ (112.5 രൂപ). Incredible India എന്നാല്‍ ഒരിക്കലും ഉറക്കം ഉണരുവാന്‍ ഇഷ്ടപെടാത്ത ഭരണാധികാരികള്‍ എന്നാണോ ജനാധിപത്യ ഇന്ത്യ ലോകത്തെ അറിയിക്കുന്നത് ? 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment