കൊറോണ: അത്ര ശുഭകരമല്ല രാജ്യത്തെ കാര്യങ്ങൾ




കോവിഡ് ബാധ നമ്മുടെ രാജ്യത്ത് വൈകിയാണ് സജ്ജീവമായതെങ്കിലും ഇപ്പോഴത്തെ വാർത്തകൾ അത്ര കണ്ട് ശുഭ സൂചകമല്ല . കേന്ദ്ര ആരോഗ്യ വകുപ്പ് കണക്കുകൾ പ്രകാരം14378 കൊറോണ ബാധിതർ രാജ്യത്തുണ്ട്.അതിൽ മരണപ്പെട്ടവർ 480. രോഗ വിമുക്തരുടെ എണ്ണം1992 മാത്രമാണ്. വിവിധ രാജ്യങ്ങളിലെ കോവിഡ് മരണങ്ങളുടെ അനുപാതം (Case Fatality Rate) വ്യത്യസ്തമാണ്.ഇറ്റലിയിൽ അത് 11 കടന്നു.ഇന്ത്യയിൽ 3.5 എന്നത് ഭീതി ജനകമല്ല .ലോക ശരാശരി 3 മുതൽ 4 വരെ എന്നു പറയാം.എന്നാൽ രോഗ വിമുക്തരുടെ കണക്ക്  നിരാശാജനകമാണ്.13% മാത്രമാണ് എന്നതുകൊണ്ട് അർത്ഥമാക്കേണ്ടത് 87% രോഗികളും രോഗവിമുക്തരാകാതെ കഴിയുന്നു എന്നാണ്. 


പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോൾ അതിനെ പ്രതിരോധിക്കുവാൻ എടുക്കേണ്ട  സമീപനങ്ങൾ സുതാര്യവും ശാസ്ത്ര യുക്തവും വസ്തുതകളെ വളച്ചൊടിക്കാതെ ആയിരിക്കണമെന്ന് ആരോഗ്യ ലോകം ഓർമ്മിപ്പിക്കുന്നു . രാജ്യത്തിൻ്റെ  ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് മരണത്തിൻ്റെ  തോത് മൂന്നിനും നാലിനും ഇടയിൽ ആണ്.സർക്കാർ പുറത്തു വിടുന്ന കണക്കുകൾ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് (കേരളത്തെ ഒഴിച്ചു നിർത്തിയാൽ ) മഹാരാഷ്ട്രയും മധ്യപ്രദേശും ഉത്തർ പ്രദേശും തമിഴ്നാടും ഓർമ്മിപ്പിക്കുന്നു.

 


മഹാരാഷ്ട്രയുടെ കാര്യമെടുത്താൽ  മരണം 201 ആണെന്ന് പറയുമ്പോൾ, അവിടെ രോഗബാധിതർ 5700 പേർ ഉണ്ടാകേണ്ടതാണ്.(രോഗ വിമുക്തർ ഇപ്പോൾ  10% ). മധ്യപ്രദേശിൽ നിന്നും സമാനമായ കണക്കുകളാണ് പുറത്തു വരുന്നത്. (മരണം 69, രോഗികൾ 1310 മാത്രം) ആരോഗ്യം കുത്തഴിഞ്ഞു കിടക്കുന്ന ഉത്തർ പ്രദേശിലകട്ടെ മരണം 100ൽ 1.6 മാത്രം. 


കർഫ്യൂ പ്രഖ്യാപിക്കുന്നതിലൂടെ  മാത്രം കോവിഡ് അപകടത്തെ തരണം ചെയ്യുവാൻ കഴിയില്ല.രോഗ വ്യാപനത്തെ ഒരു പരിധിവരെ തരണം ചെയ്യുവാൻ കഴിഞ്ഞ തെക്കൻ കൊറിയ  വിജയിച്ചത്, പരമാവധി ടെസ്റ്റുകൾ നടത്തുന്നതിൻ്റെ  ഭാഗ മായിട്ടായിരുന്നു .ഇന്ത്യയിൽ ഇപ്പോഴും പത്തു ലക്ഷം ആളുകളിൽ 220 പേർ മാത്രമേ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളു. UAE യിൽ 10 ലക്ഷം ആളുകളിൽ 77500  ടെസ്റ്റ് കൾ നടത്തി. ബ്രസീലിൻ്റെ 296 ടെസ്റ്റുകൾ/10 ലക്ഷം എന്നതിലും പിന്നിലാണ് ഇന്ത്യ. കൊറോണ വ്യാപനം തടയുവാനായി നടപ്പിലാക്കിയ മെയ്  മൂന്നുവരെയുള്ള അടച്ചിടൽ ,രോഗികളുടെ എണ്ണം കുറച്ചു നിർത്തുന്നതിൽ ഭാഗികമായ വിജയം നേടി. വർധനയിൽ 6% കുറവുണ്ടായി. പദ്ധതി വേണ്ട ലക്ഷ്യം കാണണമെങ്കിൽ പരമാവധി പരിശോധനകളും രോഗബാധിതരല്ലാത്തവർക്കും  സമീകൃതാഹാരവും ശുദ്ധമായ കുടി വെള്ളവും രോഗ പ്രതിരോധത്തിന് സഹായിക്കുന്ന തരത്തിലുള്ള പശ്ചാത്തല, മാനസിക അന്തരീക്ഷം പ്രദാനം ചെയ്യുവാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

 


രാജ്യത്തെ പരമ ദരിദ്രരായ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കുടുംബം പട്ടിണിയിലേക്ക് വഴുതി വീഴുകയാണ്.5000 രൂപയിൽ കുറവ് വരുമാനമുള്ളവർ ഇന്ത്യൻ കുടുംബങ്ങളിൽ 75% വരും.അവർക്കു പട്ടിണിയില്ലാതെ കഴിഞ്ഞു പോകണ മെങ്കിൽ സർക്കാർ പ്രതിമാസം 2 ലക്ഷം കോടി രൂപ എത്തിച്ചു കൊടുക്കേണ്ടതുണ്ട്.  ഇന്നത്തെ സാഹചര്യത്തിൽ കൊറോണയിലൂടെ ഉണ്ടാകുന്ന മരണത്തേക്കാൾ, പട്ടിണി മരണങ്ങൾ വർദ്ധിക്കുമോ എന്നതാണ്  ഇന്ത്യക്കാരെ ആകുലപ്പെടുത്തുന്നത്.

 

Title Photo Courtesy: Satish Acharya

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment