40 ശതമാനം പേർക്കും രോഗത്തിന്റെ ഉറവിടമറിയില്ല; ഇന്ത്യ സാമൂഹ്യ വ്യാപനത്തിലേക്ക്




മുംബൈ: രാജ്യത്ത് കൊവിഡ് രോഗബാധ സമൂഹവ്യാപനത്തിലേക്ക് കടന്നതായി സൂചന നൽകി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ പഠനം. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 40 ശതമാനം പേര്‍ക്കും എവിടെ നിന്ന് രോഗം ലഭിച്ചു എന്നതിനെക്കുറിച്ച്‌ വ്യക്തമായ സൂചനകളില്ല. ഒപ്പം ന്യൂമോണിയ പോലെയുള്ള കടുത്ത ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ല്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു. ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത് രാജ്യം സാമൂഹികവ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് നൽകുന്നത്.


ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (IJMR) എന്ന ഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. കടുത്ത ശ്വാസകോശരോഗങ്ങളുള്ള രോഗികളില്‍ (Severe Acute Respiratory Infections) 5911 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1.8% രോഗികള്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 2 വരെ പരിശോധിച്ച സാമ്ബിളുകളുടെ കണക്കാണ്.


ഫെബ്രുവരി 15-ന് മുൻപ് ഇത്തരം രോഗികളില്‍ നടത്തിയ പരിശോധനകളില്‍ ആകെ .2% പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ, ഗുരുതരമായ ശ്വാസകോശരോഗങ്ങളുള്ള 102 രോഗികളില്‍ ഒരാള്‍ക്ക് മാത്രമാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. രണ്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് കേസുമായി സമ്പര്‍ക്കമുണ്ടായിരുന്നു. മറ്റുള്ളവരുടെ രോഗ ഉറവിടവും കണ്ടെത്താനായി. 


എന്നാല്‍ 40 ശതമാനത്തോളം (39.2%) പേര്‍ക്ക് എവിടെ നിന്ന് രോഗം വന്നു എന്നതിനെക്കുറിച്ച്‌ അതാത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അടക്കം ഒരു പിടിയുമില്ല. അവര്‍ക്ക് വിദേശയാത്രാ പശ്ചാത്തലമോ, കൊവിഡ് പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കമോ ഉണ്ടായിട്ടില്ല. 59 കേസുകളുടെ വിവരങ്ങളൊന്നും ലഭ്യമല്ല.


രോഗവ്യാപനത്തിന്‍റെ മൂന്നാംഘട്ടമാണ് സാമൂഹികവ്യാപനം. ഈ ഘട്ടത്തിലേക്ക് കടന്നാല്‍ പിന്നീട് ഇന്ത്യയെപ്പോലൊരു രാജ്യത്ത് കൊവിഡിനെ പിടിച്ച്‌ കെട്ടുന്നത് ബുദ്ധിമുട്ടാകും. നാലാം ഘട്ടം രോഗം പകര്‍ച്ചവ്യാധിയായി പടര്‍ന്നു പിടിക്കുന്നതാണ്. അഞ്ചാംഘട്ടം ഇതൊരു മഹാമാരിയായി മാറുക എന്നതാകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment