നാം എവിടെയാണോ അവിടെ തന്നെ




നാം എവിടെയാണോ അവിടെ തന്നെ നിന്ന് കൊറോണ യുദ്ധത്തിൽ പങ്കാളിയാകാം എന്ന പ്രഖ്യാപനത്തിൻ്റെ ഭാഗമായി April 14 വരെയുള്ള ജന കർഫ്യൂ വിജയിപ്പിക്കുവാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. കേരള സർക്കാർ നേതൃത്വം നൽകുന്ന കോറോണ പ്രതിരോധ സഹായ സേനയിൽ 18 വയസ്സിനു മുകളിൽ 40 വയസ്സ് വരെ പ്രായമുള്ളവർ അംഗങ്ങളാകണം എന്ന അഭ്യർത്ഥന പരിസ്ഥിതി പ്രവർത്തകർ ഏറ്റെടുക്കേണ്ടതുണ്ട്.


ലോക ആരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള സ്വയമായ മുൻ കരുതൽ സ്വീകരിച്ച്, കൊറോണ പ്രതിരോധ പ്രവർത്തനത്തെ വിജയിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിൽ സാമൂഹിക അടുക്കള, ഭക്ഷണവും മറ്റും വീടുകളിൽ എത്തിക്കൽ, കെയർ സെൻ്ററുകളിലെ അംഗങ്ങൾക്ക് ആശ്വാസം കൊടുക്കൽ , വ്യാജ വാർത്തകളെ പ്രതിരോധിക്കൽ,മുതിർന്നവർക്കും രോഗികൾക്കും മാനസികമായ ശക്തി പകരൽ, അതിധി തൊഴിലാളികൾക്കും വിദേശികൾക്കും കൂടുതൽ ശ്രദ്ധ നൽകൽ  തുടങ്ങിയ  പരിപാടികൾക്കായി പരമാവധി  പ്രവർത്തകർ രംഗത്തു വരണം.


തൻ്റെ ചുറ്റുപാടുകളെ പരിസ്ഥിതി സൗഹൃദമാക്കുവാൻ കുടുംബാംഗങ്ങളെ ഒപ്പം നിർത്തുവാൻ ലഭിച്ച അവസരമാണിത്.ഗ്രാമങ്ങളിലും സുഹൃത്തുക്കളുടെ ഇടയിലും ഇതിനായി ചില പ്ലാനിംഗുകൾ നടത്താവുന്നതാണ്. ഇത്തരം പദ്ധതികളിലൂടെ  നടപ്പിലാക്കുന്ന വിവരങ്ങൾ പരസ്പരം കൈമാറുവാനും അതാതു പ്രാദേശിക സ്വഭാവത്തെ പരിഗണിച്ച് നടപ്പിലാക്കുവാനും വിവിധ ഇടങ്ങളിൽ നമുക്കു കഴിയണം.


കേരള കൃഷി വകുപ്പ് മന്ത്രി പറഞ്ഞതുപോലെ  പച്ചക്കറി നട്ടു വളർത്തൽ, തണലുകൾ വെച്ചുപിടിപ്പിക്കൽ, ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും സംസ്ക്കരിക്കൽ, മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം കൊടുക്കലും സംരക്ഷണം നൽകലും കഴിഞ്ഞ നാളുകളിൽ ഉണ്ടായ രോഗങ്ങളെ പറ്റി വിവരങ്ങൾ ശേഖരിക്കൽ, പരിസ്ഥിതി സൗഹൃദ നിർമ്മാണത്തെ പറ്റി, 
സാംക്രമിക രോഗങ്ങളും ആധുനിക മനുഷ്യരും തുടങ്ങിയ വിഷയങ്ങളിലെ പുതിയ  പരീക്ഷണങ്ങളെ പറ്റിയുള്ള വായനകൾ, 
കാർബൺ ന്യൂട്രൽ കേരളത്തിൻ്റെ സാധ്യതകൾ  സ്വന്തം ഗ്രാമത്തിൽ എങ്ങനെ നടപ്പിലാക്കുവാൻ കഴിയും തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള ആലോചനകൾക്ക്  green reporter തുടക്കം കുറിക്കുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ..

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment