കൊറോണ: ഗ്രാമതല പ്രതിരോധ പ്രവർത്തനങ്ങൾ ആശാവഹമോ?




കൊറോണക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് മെച്ചപെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നത് കേരളം പിന്തുടരുന്ന ശീലത്തിന്‍റെ തുടര്‍ച്ചയായി കരുതാം. എയര്‍ പോര്‍ട്ടില്‍ നിന്നും സംഭവിച്ച പിഴവുകള്‍ സംസ്ഥാനത്ത് ഉണ്ടാക്കി തീർത്ത  ദുരിതങ്ങളെ പ്രതിരോധിക്കുവാന്‍ , ജനങ്ങള്‍ ഒറ്റ കെട്ടായി നില്‍ക്കണം എന്ന അഭിപ്രായത്തെ ചില ഉത്സവ കമ്മിറ്റികളും രാഷ്ട്രീയ നേതാക്കളും ചോദ്യം ചെയ്യുന്നുണ്ട്. മുന്‍ DGPയും വടകര MPയും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍  ഒരേസമയം നാടിന് അപകടവും നാണക്കേടു വരുത്തുന്നതുമായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാന്‍ പൊതു സമൂഹം താല്‍പര്യം കാട്ടുന്നുണ്ട്. മുകള്‍ തട്ടില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാണ് എന്ന് പറയുമ്പോഴും പഞ്ചായത്ത് തലങ്ങളില്‍ അത്തരത്തിലല്ല കാര്യങ്ങള്‍ നടക്കുന്നത് . 


125 രാജ്യങ്ങളില്‍ വ്യാപിച്ച കൊറോണ വൈറസ്സ് ഏതൊരാളിലേക്കും പടരാം എന്നു മനസ്സിലാക്കി, സംസ്ഥാനത്തെ വായൂ-റെയില്‍-റോഡു ഗതാഗത സ്റ്റേഷനുകളിൽ പ്രതിരോധ പ്രവർത്തനം നടപ്പിലാക്കുവാന്‍ വിജയിച്ചു എന്ന് പറയുവാന്‍ കഴിയില്ല.


കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷിതമായിരുന്ന ഇംഗ്ലണ്ടില്‍ പുതുതായി രോഗികളെ കണ്ടെത്തി കഴിഞ്ഞു. രോഗം ബാധിച്ചിട്ടില്ല എന്ന് പറയപെടുന്ന വടക്കന്‍ കൊറിയ, ഭൂട്ടാന്‍ മുതലായ ചെറു രാജ്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കൊറോണാ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നു.പകർച്ച വ്യാധി ഉണ്ടായ രാജ്യത്തെ ജനങ്ങളുമായി അടുത്തിട പഴകിയവരുമായി സമ്പര്‍ക്കം ഉണ്ടാകുവാന്‍ സാധ്യതയുള്ളവരെ കൂടി (secondary) മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുവാനായി നടപടികള്‍ വിപുലമാക്കുന്നതിൽ ആശ്വസിക്കാം.


സംസ്ഥാനം വലിയ തരത്തില്‍ കോറോണാ പ്രതിരോധ പ്രവര്‍ത്തനം നിയമസഭ നിര്‍ത്തി വെച്ച് സജ്ജീവമാക്കുമ്പോള്‍  താഴെ തട്ടില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാക്കുവാന്‍ ഏറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും.


പാറക്കടവ് പഞ്ചായത്തില്‍ വിദേശത്തു നിന്നും എത്തിയവർ നിരവധിയായതിനാൽ, പഞ്ചായത്തിന് ഓഫീസിന് അഭിമുഖമായി ജനകീയ Corona Help Desk (11.3.2020) മൂഴിക്കുളം ശാല സംഘടിപ്പിച്ചു. സമീപ ദിവസങ്ങളിൽ (മാർച്ച് 4,6) വിദേശത്ത് നിന്ന് വന്ന 7 കുടുംബങ്ങളുടെ ലിസ്റ്റ് ശരിയാക്കുകയും വട്ടമ്പറമ്പ് ഹെൽത്ത് സെൻ്ററിലെ ഹെൽത്ത് ഇൻസ്പക്ടർക്ക് കൈമാറുകയും ചെയ്തിരുന്നു. 


ഗ്രാമത്തിലെ കൊച്ചു കടവില്‍ ഉള്ള ഒരാള്‍ Quarantine ന് വിധേയനാണ്. എന്നാല്‍ അദ്ദേഹം പൊതു നിരത്തില്‍ സഹകരിക്കുന്നുണ്ട്. ഇറ്റലിയിൽ നിന്ന് March 6 ന് മടങ്ങി വന്ന  സ്ത്രീ കന്നുകര പഞ്ചായത്തിലാണ് താമസിക്കുന്നത്.പാറക്കടവ് പഞ്ചായത്തിൻ്റെ 10-ാം വാർഡ് അതിരിലുമാണത്. അവരുടെ വീടു പണി നടക്കുകയാണ്. പണി നിർത്തിവയ്ക്കാൻ കുന്നുകര പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും അവരുടെ നിർദ്ദേശപ്രകാരം പണി തുടരുകയാണ്. വന്നവരിൽ ചിലർ സൈക്കിളിൽ സഞ്ചരിക്കുന്നു. ചായക്കടയിൽ വരുന്നു. ഹാർഡ് വെയർ ഷോപ്പിൽ എത്തുന്നു. ഫോൺ ചാർജ് ചെയ്ത പോകുന്നു. ബൈക്കിൽ യാത്ര ചെയ്യുന്നു.ജോലിക്കു പോകുന്നു. 3 ദിവസത്തെ മാരേജ് കോഴ്സിൽ പങ്കെടുക്കുന്നു. തായ്‌ലൻഡിൽ നിന്നും ദുബൈയിൽ നിന്നും വന്നവരാണിവർ.


ഇന്നലെ തന്നെ  ബന്ധപ്പെട്ടവരെ വിവരങ്ങൾ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.  ഇന്നുച്ചക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്സില്‍ വിവരം അറിയിച്ച പ്രകാരം, എറണാകുളം ജില്ലാ ചുമതലയിലുള്ള ഫിസിഷ്യന്‍ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തിരക്കി. അദ്ദേഹം പരാതിക്കാരനോട് നേരിട്ട് പഞ്ചായത്ത് ഓഫീസില്‍ പോയി പരാതി നല്‍കുവാന്‍ ആവശ്യപെട്ടു. ഒരു ഗ്രാമത്തില്‍ ഒന്നിലധികം ആളുകള്‍ കൊറോണാ ബാധ ഉണ്ടാകുവാന്‍ സാധ്യതുള്ള നാട്ടില്‍ നിന്നും എത്തി, നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി നടക്കുമ്പോള്‍, വിവരങ്ങൾ (ഫോണ്‍ നമ്പര്‍ ഉള്‍പെട്) നല്‍കി സഹായിക്കുവാന്‍ എത്തിയ ആളോട് പഞ്ചായത്ത് ആപ്പീസില്‍ പോയി പരാതി നല്‍കണം എന്ന് പറഞ്ഞ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥ നിലപാടാണ് സര്‍ക്കാര്‍ സമീപനമെങ്കില്‍ അത് തിരുത്തുവാന്‍ ആരോഗ്യ വകുപ്പിന് ബാധ്യതയുണ്ട്. 


പരാതി അറിയിച്ച പൊതു പ്രവര്‍ത്തകന്‍ പഞ്ചായത്തില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍, പഞ്ചായത്ത് അധികാരികൾ ബന്ധപെട്ട പോലീസ്സ് സ്റ്റേഷനില്‍ വിവിരങ്ങൾ അറിയിച്ചു. അപ്പോള്‍ പോലീസ്സ് സ്റ്റേഷനില്‍ നിന്നുണ്ടായ പ്രതികരണം 'അത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് 'എന്ന് പരാതിക്കാരന് ഫോണ്‍ സംഭാഷണത്തില്‍ നിന്നും കേള്‍ക്കുവാന്‍ കഴിഞ്ഞു .
 
 
രോഗം പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ നിന്നും എത്തിയവര്‍ ഉള്‍പെട്, Quarantine ന് വിധേയമായവരും ദുബായില്‍നിന്നും എത്തിയവരും അശ്രദ്ധ കാണിക്കുന്നു എന്ന് മന്ത്രി ഓഫീസില്‍ അറിയിച്ചിട്ടും അവരുടെ നിര്‍ദ്ദേശങ്ങള്‍ താഴെ തട്ടില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഇവിടെ മനസ്സിലാക്കാം. ഒരു വശത്ത് രാജ്യത്തെ ഏറ്റവും മെച്ചപെട്ട പ്രധിരോധ പ്രവര്‍ത്തനം നടക്കുന്നു എന്ന് വിവരിക്കുകയും  മറുവശത്ത് മറ്റൊരു രീതിയില്‍ ആരോഗ്യ വകുപ്പു  മുതല്‍ പോലീസ്സ് സംവിധാനങ്ങൾ താഴെ തട്ടിൽ  പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എങ്കില്‍  കേരളം കൊറോണ ഭീതി യില്‍ നിന്നും അകലെയാണ് എന്ന് എങ്ങനെ പറയുവാന്‍ കഴിയും ? 


യുവ ജനസംഘടനകളും മറ്റും ജനങ്ങളെ കൂടുതല്‍ ജാഗരൂപരാക്കുവാന്‍ രംഗത്ത് വരേണ്ടതുണ്ട്.അവര്‍ അവരുടെ റോള്‍ വേണ്ട മാത്രയില്‍ എടുക്കുന്നുവോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മറ്റും ഗ്രാമങ്ങളില്‍ നടക്കുന്ന ഇത്തരം വിഷയങ്ങള്‍ പരിഹരിക്കുവാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.  ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം, വ്യക്തികളുടെ നിഷേധ നിലപാടുകൾ കേരളത്തിന് വരുത്തിവെക്കാവുന്ന ദുരന്തം അളന്നു തിട്ടപ്പെടുത്തുന്നതിനും അപ്പുറമായിരിക്കും എന്ന് ആരും മറക്കരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment