മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം: കോടതി കേസെടുത്തു




താമരശ്ശേരി: കക്കാടംപൊയിലിൽ അനധികൃത നിർമാണങ്ങൾ സന്ദർശിക്കാനെത്തിയ എം.എൻ. കാരശ്ശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക അന്വേഷണയാത്രാ സംഘത്തിലെ അംഗമായ മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ കോടതി കേസെടുത്തു. നിലമ്പൂർ ചക്കാലക്കുത്ത് മലയംപറമ്പത്ത് വീട്ടിൽ എം.പി. വിനോദിന്റെ സ്വകാര്യ അന്യായം പ്രകാരമാണ് താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.


കക്കാടംപൊയിൽ മീനോട്ടുകുന്നേൽ ജെറോം, കൂടരഞ്ഞി പഞ്ചായത്തംഗം കാരാട്ടുപാറ കുട്ടത്ത് വീട്ടിൽ കെ.എസ്. അരുൺകുമാർ, പൂക്കോട്ടുംപാടം കൈനോട്ട് അൻവർ, പൂക്കോട്ടുംപാടം തട്ടിയേക്കൽ മുഹമ്മദ് താരിഖ്, കക്കാടംപൊയിൽ പുളിക്കൽവീട്ടിൽ അഗസ്റ്റ്യൻ ജോസഫ് എന്നിവരെ എതിർകക്ഷികളാക്കി സമൻസ് അയയ്ക്കാനാണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. പ്രതിസ്ഥാനത്തുള്ളവർ ഏപ്രിൽ മൂന്നിന് കോടതിയിൽ നേരിട്ട് ഹാജരാവണം.


തേനരുവി ക്വാറിയിലേക്കുള്ള റോഡിൽ കഴിഞ്ഞവർഷം ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പി.വി. അൻവർ എം.എൽ.എ.യുടെ കക്കാടംപൊയിലിലെ പാർക്കിലെ മാനേജരുടെ മകനും സംഘവും വിനോദിനെ മർദിച്ചെന്ന് കാണിച്ചായിരുന്നു കോടതിയിൽ സമർപ്പിച്ച പരാതി. ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിയിൽ മലയിടിച്ച് തടയണ കെട്ടിയതിനെതിരേ കളക്ടർക്ക് പരാതി നൽകിയതിലുള്ള വിരോധത്താലാണ് ആക്രമണമെന്ന് വിനോദ് കോടതിയിൽ നൽ‌കിയ സ്വകാര്യ അന്യായത്തിൽ പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment