കോവിഡ്19: മൃഗങ്ങളിലെ രോഗബാധ സംബന്ധിച്ച്‌ ആശങ്കയില്ലെന്ന്  മൃഗസംരക്ഷണ വകുപ്പ്




കോഴിക്കോട്: മൃഗങ്ങളിലെ രോഗബാധ സംബന്ധിച്ച്‌ ആശങ്കാജനകമായ യാതൊരു സാഹചര്യവും സംസ്ഥാനത്ത് നിലവിലില്ലെന്ന് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ വളര്‍ത്തുമൃഗങ്ങള്‍ സുരക്ഷിതരാണ്. അനാവശ്യമായി അവയെ പരിശോധനയ്ക്ക് വിധേയമാക്കേണ്ട ആവശ്യമില്ലെന്നും ഓഫീസര്‍ പറഞ്ഞു .


കോവിഡ് 19 നിരീക്ഷണത്തിലുളളവരുടേയും രോഗബാധയുളളവരുടേയും വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ നിരീക്ഷണത്തില്‍ വയ്ക്കുന്നതിനും അസാധാരണ രോഗലക്ഷണങ്ങളോ മരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് തുടര്‍ന്നും പാലിച്ചുവരുന്നുണ്ട്. എന്നാല്‍ അസാധാരണമായി ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ട സാഹചര്യത്തിലൊഴികെ വളര്‍ത്തുമൃഗങ്ങളുമായി മൃഗാശുപത്രികളിലേക്ക് പോയി തിരക്കുണ്ടാക്കുന്നത് സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച്‌ നിലവിലുളള സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.


കോവിഡ് 19 നിരീക്ഷണത്തിലുളളവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. അഥവാ കൈകാര്യം ചെയ്താല്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ധരിച്ച്‌ മാത്രം അപ്രകാരം ചെയ്യുക. വളര്‍ത്തുമൃഗങ്ങളെ വിവിധ രോഗബാധകളില്‍ നിന്നും സംരക്ഷിക്കുന്നതിന് ശുചിത്വം പാലിക്കുക. അവയ്ക്ക് യഥാസമയം ഭക്ഷണവും ശുദ്ധജലവും ലഭ്യമാക്കി സംരക്ഷിക്കണമെന്നും ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment