ചെങ്ങോട് മല തകർക്കാനുള്ള പ്രധാന ഉത്തരവിറങ്ങി; ജനം വീണ്ടും സമരമുഖത്തേക്ക്




ചെങ്ങോട് മല സംരക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് ഒരു ജനത നീങ്ങുകയാണ്. ക്വാറി ഉടമയ്ക്ക് മല തകർക്കാനുള്ള സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള D&O ലൈസൻസ് നല്കാൻ  സംസ്ഥാന  ചീഫ് സെക്രട്ടറി ടോം ജോസഫ് അദ്ധ്യക്ഷനായ ഏകജാലക ബോർഡ് എടുത്ത തീരുമാനം പുറത്തായിരിക്കുന്നു. കൊറോണയുടെ മറവിൽ അദ്ദേഹം വിരമിക്കുന്നതിനു തൊട്ടുമുമ്പ് ചേർന്ന യോഗത്തിലെടുത്ത തിരുമാനം പുറത്തറിഞ്ഞത് സമരക്കാർ വിവരാവകാശ  നിയമപ്രകാരം രേഖ ആവശ്യപ്പെട്ടപ്പോൾ മാത്രം. തിരുമാനമെടുക്കും മുമ്പ് നാട്ടുകാരെ കേൾക്കുകയോ ഹിയറിംഗ് നടത്തുകയോ ചെയ്തില്ല. ഒരു പഠന റിപ്പോർട്ടും പരിഗണിച്ചില്ല. ക്വാറി ഉടമയുടെ അപേക്ഷ അതേപടി സ്വീകരിച്ച് ലൈസൻസ് നൽകാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയതായി തീരുമാനം കൈക്കൊള്ളുകയായിരുന്നു. 


സാധാരണഗതിയിൽ പരിസ്ഥിതി അനുമതിക്കുശേഷം  ആ റിപ്പോർട്ടുകൂടി വച്ചാണ് D&O ലൈസൻസിന് അപേക്ഷിക്കേണ്ടത്. ആ നടപടിക്രമം പാലിക്കാതെ പാരിസ്ഥിതികാനുമതിയില്ലാത്ത ക്വാറിക്ക് D& Oലൈസൻസ് നല്കാൻ ധൃതി കാണിച്ചത് സംശയമുണർത്തുന്നു. അതിനാൽ നിയമവിരുദ്ധമായി ലൈസൻസ് നല്കാനെടുത്ത തീരുമാനം മരവിപ്പിക്കണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. 


ഇനി ചെങ്ങോട് മല തകർക്കാൻ പാരിസ്ഥിതികാനുമതി കൂടി കൈവശപ്പെടുത്തിയാൽ മതി. അത് പിൻവാതിലിലൂടെ നല്കാൻ നടത്തിയ ശ്രമങ്ങൾ കോടതിയുടെ ഇടപെടൽമൂലം തടയപ്പെട്ടുവെങ്കിലും ഏതുനിമിഷവും ആ അനുമതിയും നേടാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് തല്പരകക്ഷികൾ എന്നറിയുന്നു. 


ഒരു വർഷം മുമ്പ് ചീഫ് സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ വിളിച്ച് D&O ലൈസൻസ് നല്കാൻ ആജ്ഞ നല്കുകയുണ്ടായി. നീതിമാനായ ആ ഉദ്യോഗസ്ഥൻ ആ കൽപന ചെവിക്കൊണ്ടില്ല. എന്നു മാത്രമല്ല തങ്ങളുടെമേൽ ചെങ്ങോട്ടുമലയുടെ കാര്യത്തിൽ അനാവശ്യസമ്മർദ്ദം ചെലുത്തന്നതിനെതിരെ  പഞ്ചായത്ത് കോടതിയെ സമീപിക്കുകയുമുണ്ടായി. 


ലൈസൻസ് നീക്കം തടയാൻ  ഉജ്വലമായ സമരമാണ് തുടർന്ന് നടന്നത്. തലസ്ഥാനത്തുനിന്നുള്ള ഉത്തരവ് പഞ്ചായത്ത് ഓഫീസിലെത്താതിരിക്കാൻ ജനം ഓഫീസ് ദിവസങ്ങളോളം ഉപരോധിച്ചു. ഉത്തരവുമായി വന്ന മെസഞ്ചറെ തടഞ്ഞ് മടക്കിയയച്ചു. പോസ്റ്റ് ഓഫീസ് വഴി ഉത്തരവെത്തിക്കാൻ ശ്രമിച്ചപ്പോൾ പോസ്റ്റ് ഓഫീസും ഉപരോധിച്ചു. സമരപോരാളികളായ യുവാക്കളുടെ ഒരു സംഘം പെട്രോൾ നിറച്ച ക്യാനുമായി പഞ്ചായത്ത് ഓഫീസിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. കലക്ടറും നേതാക്കളും ഇടപെട്ടു. ജില്ലാ ഏകജാലക യോഗത്തിൽ നീതിപൂർവ്വമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പിൽ സമരം അവസാനിച്ചു. ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനയുണ്ടായിട്ടും കലക്ടർ അദ്ധ്യക്ഷനായ ബോർഡ് D&0 ലൈസൻസ് നല്കിയില്ല. ക്വാറി തുടങ്ങിയാലുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെകുറിച്ച് വീണ്ടും പഠിക്കാൻ സമിതിയെ നിയോഗിക്കുകയും ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങോട് മലക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.


വനം, പരിസ്ഥിതി ഉദ്യോഗസ്ഥസമിതികൾ ക്വാറി വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തതാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമിതി കേരളത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ സംഘത്തെ പoനത്തിനു നിയോഗിച്ചു. ഒരു കാരണവശാലും ക്വാറി പാടില്ലെന്ന റിപ്പോർട്ട് സമിതി സർക്കാറിന് നല്കി.


സമരത്തിലുള്ളവർ ബഹുഭൂരിപക്ഷവും സി.പിഎം - ഡി.വൈ എഫ് ഐ നേതാക്കളും പ്രവർത്തകരുമായതിനാൽ ജില്ലാ സെക്രട്ടറി മോഹനൻ മാഷ്, നാട്ടുകാരനായ മന്ത്രി ടി.പി രാമകൃഷ്ണൻ, എം.എൽ എ പുരുഷൻ കടലുണ്ടി തുടങ്ങിയവർ ഗൗരവമായിത്തന്നെയാണ് ചെങ്ങോട് മല സമരത്തെ കാണുന്നത്. സി.പി.എം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി പൂർണ്ണമായും സമരത്തോടൊപ്പമാണ്.എല്ലാ രാഷ്ടീയ -സാമൂഹ്യപ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി സമരത്തെ പിന്തുണയ്ക്കുന്നു.


ഈ എതിർപ്പുകളെയെല്ലാം മറികടന്ന് മല തകർക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു ചരടുവലിക്കാൻ ധൈര്യം കാണിക്കുന്ന, തലസ്ഥാനത്തെ ആ 'അദൃശ്യ ശക്തി' ആരെന്നാണ് നാട്ടുകാർക്കറിയേണ്ടത്. അയാൾ രാഷ്ട്രീയ ഉന്നതനാണോ? അതോ മറ്റൊരു ശിവശങ്കരനാണോ? 


ചെങ്ങോട് മല ക്വാറി അനുമതിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായി തുടക്കത്തിലേ ആരോപണമുണ്ടായിരുന്നു. ഒരു ലക്ഷം രൂപ കൈപ്പറ്റിയ പഞ്ചായത്തംഗം പിടിയിലാവുകയും പാർട്ടിയിൽ നിന്നു പുറത്താകുകയും ചെയ്തു. എന്നാൽ കോടികൾ കൈപ്പറ്റിയ വമ്പൻസ്രാവുകൾ ഇപ്പോഴും സുരക്ഷിതരാണെന്നും അവർ ക്വാറിക്ക് വേണ്ടി നിരന്തരം ചരടുവലിക്കുന്നു എന്നുമാണ് ജനം സംശയിക്കുന്നത്.

 


ചെങ്ങോടുമലയിൽ ഒരു കാരണവശാലും ക്വാറിക്ക് അനുമതി ലഭിക്കില്ലായിരുന്നു. വനാതിർത്തിയിൽ നിന്നും 10 കി.മി ചുറ്റളവിൽ ക്വാറി പാടില്ല എന്നതായിരുന്നു നിയമം.ചെങ്ങോട് മലയിലേക്ക് വനാതിർത്തിയിൽ നിന്ന് 7 കി.മിയാണ് ദൂരം.എന്നാൽ മാസങ്ങൾക്കു മുമ്പ് ചീഫ് സെക്രട്ടറി ഉൾപ്പെട്ട  കേരള പരിസ്ഥിതി സമിതി വനാതിർത്തിയിൽ നിന്നുള്ള അകലം 10 കി.മി എന്നത് ഒരു കി.മി ആക്കി ചുരുക്കി.ആ തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.അതോടെ പാരിസ്ഥിതിക പരിരക്ഷയിൽ നിന്ന് ചെങ്ങോട് മലയെ ഒഴിവാക്കിയെടുക്കാൻ തല്പരകക്ഷികൾക്കായി.അതിനു ശേഷമാണ് ധൃതിപിടിച്ച മറ്റു നടപടികൾ.


പ്രധാനപ്പെട്ട നാല് ആവശ്യങ്ങളാണ് സമരത്തിൻ്റെ ഭാഗമായി മുന്നോട്ടുവയ്ക്കുന്നത്


വനാതിർത്തിയുടെ 10 കി.മി ചുറ്റളവിൽ ക്വാറി പാടില്ല എന്ന നിയമം പുന:സ്ഥാപിക്കേണ്ടതുണ്ട്.


നടപടിക്രമം പാലിക്കാതെ D&0 ലൈസൻസ് സംബന്ധിച്ചെടുത്ത തീരുമാനം റദ്ദാക്കണം.


പാരിസ്ഥിതികാനുമതിയുടെ അപേക്ഷ പരിഗണിക്കും മുമ്പ് കോടതി നിർദ്ദേശിച്ച പ്രകാരം വിശദമായ പഠനങ്ങളും ബന്ധപ്പെട്ടവരുടെ വാദങ്ങളും പരിഗണിക്കുമെന്ന് ഉറപ്പാക്കണം.


ഒപ്പം ചെങ്ങോടു മലയുടെ പേരിൽ നടന്നതായി പറയപ്പെടുന്ന വൻ സാമ്പത്തിക ഇടപാടും അഴിമതിയും കേരളത്തിലെയോ കേന്ദ്രത്തിലെയോ വിശ്വസ്ത ഏജൻസി അന്വേഷിക്കുക കൂടി വേണം.


കേരളത്തെ, കേരളത്തിൻ്റെ പരിസ്ഥിതി സമ്പത്തിനെ രക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അല്ലെന്നാൽ അന്തിമ സമരത്തിലേക്ക് ഒരു ജനത വലിച്ചിഴയ്ക്കപ്പെടും .അതിൻ്റെ പരിണിതഫലം അപ്രവചനീയമായിത്തീരുമെന്നതിൽ സംശയമില്ല. അതിനിടവരാതിരിക്കട്ടെ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment