മേഴ്‌സി എന്ന ദയാബായി സമരം തുടരുകയാണ്




മധ്യപ്രദേശിലെ ബാരൂല്‍ ഗ്രാമത്തില്‍ ആദിവാസികള്‍ക്കൊപ്പം ജീവിച്ചു വരുന്ന ദയാബായി എന്‍ഡോസള്‍ഫാന്‍ ദുരന്ത ഗ്രാമീണര്‍ക്കൊപ്പം സമരത്തില്‍ സജ്ജീവമാണ്. ആലപ്പാട്ടെ കരിമണല്‍ വിരുദ്ധ സമരത്തില്‍ പങ്കാളിയായി കൊണ്ട് ദയാബായി മലയാളക്കരയിലെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചെറുത്തു നില്‍പ്പ് സമരങ്ങള്‍ക്ക് പുതിയ പ്രതീക്ഷകളാണ്  നല്‍കുന്നത്.


പാലായിലെ പൂവരണിക്കാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ പുല്ലാട്ട് മാത്യൂവിന്‍റെ മകള്‍  മേഴ്‌സി മാത്യു ചെറുപ്പകാലത്ത് തന്നെ സന്യാസ ജിവിതം ആഗ്രഹിച്ച് ബീഹാറിലെ ഹസ്സന്‍ ബാഗിലെ കന്യാസ്ത്രീ ആ ശ്രമത്തിലെത്തി. 16 വയസ്സ് മാത്രം ഉണ്ടായിരുന്ന മേഴ്‌സി  കേരളത്തിലെ ആശ്രമങ്ങളെ  ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള വന്‍ കെട്ടിട സമുച്ചയങ്ങളും മതില്‍ കെട്ടുകളും ഉള്ള ഒരു മഠത്തില്‍ തന്നെയാണ് എത്തിയത്. ഒരു ക്രിസ്തുമസ്സ് ആഘോഷ കാലത്തായിരുന്ന ആ എത്തിച്ചേരൽ.


ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്രിസ്തുമസ്സ് ആഘോഷങ്ങള്‍, അതിന്‍റെ ഭാഗമായ മധുര പലഹാരങ്ങളുടെ വിതരണം  അവിടെയും  ഉണ്ടായിരുന്നു. ഗ്രാമങ്ങളിലെ അർത്ഥനഗ്നരായ ആദിവാസികള്‍ ക്രിസ്തുമസ്സ് ദിനത്തില്‍ ആശ്രമത്തിന്‍റെ പടിക്കല്‍ കഞ്ഞിക്കായി കാത്തുനില്‍ക്കുന്ന കാഴ്ച മേഴ്‌സിയെ അസ്വസ്ഥമാക്കി. ക്രിസ്തുവിന്‍റെ മണവാട്ടിയായി ആശ്രമ ജീവിതം നയിക്കുന്നത്തിന് പകരം ആദിവാസികള്‍ക്കൊപ്പം ,അവരുടെ ഇടയില്‍ ,അവരില്‍ ഒരാളായി ജീവിക്കുവാന്‍ കൊതിച്ച അവര്‍ , ഒരു വര്‍ഷത്തിനു ശേഷം മഠം ഉപേക്ഷിച്ചു. റാഞ്ചി സെന്റ് സേവിയേഴ്‌സ്ല്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ബീഹാറിലെ പലോമ ജില്ലയില്‍ അദ്ധ്യാപികയായി ജോലി നോക്കി. ശേഷം ജബല്‍പൂരിലും ഇംഗ്ലീഷ് അധ്യാപനത്തിലേർപ്പെട്ടു. നാട്ടിലെത്തി അച്ഛനോട് തന്‍റെ  ആഗ്രഹങ്ങള്‍ പങ്കുവെച്ചു.


1970 ലെ ഇന്ത്യ-പാക് യുദ്ധ  കാലത്ത് കൊൽക്കത്തയിലെത്തി  യുദ്ധത്തില്‍ മുറിവേറ്റവരെ സഹായിച്ചു.അവടെ നിന്നും ബംഗ്ലാദേശിലേക്ക്. ഒന്നര വര്‍ഷക്കാലം വസൂരി, കോളറ , ക്ഷയം മുതലായ രോഗം ബാധിച്ചവരെ  ശിശ്രൂഷിച്ചു. മദര്‍ തെരേസയുടെ പ്രസ്ഥാനത്തിനൊപ്പം പ്രവർത്തിച്ച ദയാബായി  അവിടെ തുടരുവാന്‍ മുതിര്‍ന്നില്ല. പിന്നീട്  ബോംബെ ചേരികളിലെ പാവങ്ങളെ സഹായിക്കുവാൻ  അവരുടെ ജീവിതത്തിന്‍റെ ഭാഗമായി. അവരുടെ അവകാശ സമരങ്ങള്‍ക്കൊപ്പം വിദ്യാഭാസവും മറ്റും നല്‍കുവാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തി.


മധ്യപ്രദേശിലെ ചിന്ത് വാര ജില്ലയിലെ ബാരുള്‍ ഗ്രാമത്തില്‍ സ്വന്തം കൃഷിയിടത്തില്‍ ആദിവാസികളില്‍ ഒരാളായി ജീവിക്കുന്ന ശ്രീമതി മേഴ്സി ഗ്രാമങ്ങളിലെ ജന്മിമാരുടെ ആദിവാസി പീoനങ്ങളെ ചെറുത്തു. അതിന്റെ പേരിൽ മർദ്ധനങ്ങൾ സഹിക്കേണ്ടി വന്നു. പോലീസ് ഗുണ്ടകളേ പോലെ പെരുമാറി. എല്ലാത്തരം ഭീഷണിയേയും നേരിട്ട അവർ ഇന്ന് ചിത്ത് വാര ഗ്രാമീണർക്കു മാത്രമല്ല മറ്റുള്ള പീഠിതർക്കും തണലായി ജീവിക്കുന്നു.


എവിടെ ഒക്കെ അവകാശ സമരങ്ങള്‍ ഉണ്ടോ അവിടെ എത്തി ജനങളുടെ സമരത്തില്‍ ദയാബായി ഭാഗമാകാറുണ്ട്. നര്‍മദ സമരത്തില്‍ അവര്‍ അണിചേര്‍ന്നു.ദയാബായിയുടെ ഓരോ ചുവടും പ്രകൃതിയുടെ സ്പന്ദനങ്ങള്‍ അറിഞ്ഞു കൊണ്ട് ആദിവാസികളുടെ ഇല്ലായ്മകളിൽ ഇഴുകി ചേരുകയാണ് . പ്രകൃതിയെ തകര്‍ക്കുന്നവരെ ക്രിസ്തുവിന്‍റെയും ഗാന്ധിജിയുടെയും ആശയങ്ങളിലൂടെ പ്രതിരോധിക്കുകയും പ്രകൃതിയെ മാനിക്കുന്നവരുടെ ലോകത്തിനായി ജീവിച്ചു കൊണ്ട് ദയാബായി പരസ്ഥിതി പ്രവർത്തകർക്ക് പുതിയ ദിശാബോധം തരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment