അതിശൈത്യത്തിൽ മൂടി ഡൽഹി




ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം താറുമാറായി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 30 തീവണ്ടികള്‍ വൈകിയോടുകയാണ്. വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്. ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ ഉണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. റോഡ് കൃത്യമായി കാണാതെ കാർ കാനയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.


50 അടി അകലെയുള്ള കാഴ്ചകള്‍ പോലും റോഡില്‍ വ്യക്തമല്ലാത്തതിനാല്‍ എമര്‍ജന്‍സി ലൈറ്റ് ഇട്ടാണ് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്. ഡല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കട്ടിയേറിയ മഞ്ഞ് മൂടിയതിനാല്‍ വിമാനത്താവളത്തിന്റെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. സിഎടി III ബി സംവിധാനമുള്ള വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ലാന്‍ഡിങ് നടത്തുന്നത്. വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.


രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞും വായുവിലെ പൊടിപടലങ്ങളും കാരണം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയില്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment