കൊറോണ ഭീതിയിൽ കൊന്നൊടുക്കിയത് ദശലക്ഷം മിങ്കുകളെ; ഒടുവിൽ മാപ്പ് പറഞ്ഞ് ഡെന്മാർക്ക്




കൊറോണ ഭീതിയിൽ ഡെൻമാർക്കിൽ കൊന്നൊടുക്കിയത് ദശലക്ഷം മിങ്കുകളെ. പരിവർത്തനം സംഭവിച്ച കൊറോണ വൈറസുകളുടെ വാഹകരാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്രയും. മിങ്കുകളിൽ ബാധിച്ച കൊറോണവൈറസ് പരിവർത്തനം സംഭവിച്ചതാണെന്നും ആന്റിബോഡികളുമായി പ്രതികരിക്കാത്തവയാണെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്.


രാജ്യത്തെ ഫാമുകളിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ മിങ്കുകളെയും കൊന്നൊടുക്കാനായിരുന്നു ഉത്തരവിറക്കിയത്. രോഗബാധിതരായവയും ആരോഗ്യത്തോടെയുള്ളവയും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. രോഗബാധയുണ്ടെന്ന് തിരിച്ചറിഞ്ഞ ഫാമുകളിലെ മിങ്കുകളെ കൊല്ലാൻ മാത്രമാണ് പ്രതിപക്ഷം അനുവദിച്ചത്. ഇതിനാൽ നിരവധി ജീവികൾ രക്ഷപ്പെട്ടു.


നിയമ പിന്തുണയില്ലാതെയായിരുന്നു ഈ നീക്കം. മിങ്കുകളുടെ കൂട്ടക്കൊലയ്ക്ക് അനുകൂലമായുള്ള പ്രമേയത്തിൽ ഒപ്പുവയ്ക്കാൻ പ്രതിപക്ഷം സമ്മതിക്കാതെ വന്നതോടെ സർക്കാറിന് പിന്മാറേണ്ടി വരികയായിരുന്നു. നിലവിൽ മിങ്കുകളുടെ കൂട്ടക്കൊല നിർത്തിവെച്ചെങ്കിലും ഇതിനോടകം രണ്ടര ദശലക്ഷത്തിൽ പരം ജീവികളെ കൊന്നു കഴിഞ്ഞിരുന്നു.


എന്നാൽ ഇത്തരം നടപടി കൈക്കൊണ്ടതിൽ മാപ്പ് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഡാനിഷ് സർക്കാർ. രാജ്യത്തെ ഉത്തരവിന് നിയമ പിന്തുണ ഇല്ലായിരുന്നുവെന്നും ഇത്തരമൊരു ആശങ്ക ഉടലെടുത്തതിൽ ഖേദിക്കുന്നു എന്നും ഡെന്മാർക് പ്രധാനമന്ത്രിയായ മെറ്റെ ഫ്രഡറിക്സൻ അറിയിച്ചു. രോമക്കുപ്പായങ്ങളുടെ നിർമാണത്തിനായി മിങ്കുകളുടെ രോമങ്ങൾ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഡെന്മാർക്ക്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment