മരം സംരക്ഷിക്കാത്ത വനമഹോത്സവം 




1950 ലെ കേന്ദ്ര കൃഷി - ഭക്ഷ്യ വകുപ്പ്  മന്ത്രി ശ്രീ കെ എം മുൻഷിയാണ് ആണ്ടിൽ ഒരാഴ്ച മരം നടുന്ന ഉത്സവമായ വനമഹോത്സവം ആരംഭിച്ചത്. ഭൂമി മാതാവിനെ ആദരിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന് ഒര്മിപ്പിക്കലാണ് ഈ ഉത്സവത്തിന്റെ ലക്ഷ്യം. ജൂലൈ മാസത്തിലെ ആദ്യ വാരത്തിലാണ് വനമഹോത്സവം കൊണ്ടാടുന്നത്. ആദ്യമായി രാജ്യം വനമഹോത്സവം ആരംഭിച്ചപ്പോൾ ഇന്ത്യൻ പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ്, പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റു എന്നിവർ സന്നിഹിതരായിരുന്നു. മരങ്ങൾ നടുന്നതിനു രാജ്യം നൽകിയിരുന്ന പ്രാധാന്യം അത്രമേൽ പ്രധാനമായിരുന്നു. 


ആഗോള താപനത്തിനു മരമാണ് മറുപടി എന്ന് കൊട്ടിഘോഷിക്കുന്ന  സംസ്ഥാന വനം വകുപ്പ് കഴിഞ്ഞ കുറെ വർഷമായി മരങ്ങൾ നേടുന്നതിനും സംരക്ഷിക്കുന്നതിനും കാണിക്കുന്ന കെടുകാര്യസ്ഥതയും അലസതയും കാണുമ്പോൾ അവരുടെ വനമഹോത്സവ ആചരണം വെറും പ്രഹസനമായേ കണക്കാക്കപ്പെടുകയുള്ളൂ. കേരളത്തിലെ വനം വകുപ്പിന്റെ നിരുത്തരവാദപരമായ ചില നടപടികൾ ചുവടെ ചേർക്കുന്നു.


കേരളത്തിന്റെ പൊതു ഇടങ്ങളിൽ നിന്നും ട്രീ കമ്മിറ്റിയുടെ അനുവാദത്തോടെയും അല്ലാതെയും മുറിച്ച മരങ്ങൾക്കു പകരം ഒരു മരത്തിനു 10 മരം എന്ന കണക്കിൽ മരം നട്ടുസംരക്ഷിച്ചില്ല.


ലോക പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്ത ലക്ഷ കണക്കിന് ചെടികളിൽ ചെറിയ ഒരു വിഭാഗം ചെടികളുടെ  പോലും സംരക്ഷണം ഉറപ്പാക്കുവാൻ  സാധിച്ചില്ല. 


സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യമാത്ര പ്രസക്തമല്ല. പല അസിസ്റ്റന്റ് ഫോറെസ്റ്റ് കോൺസെർവേറ്റർ മാരുടെയും  ജോലിയിലെ  അലംഭാവം പ്രകടമാണ്.


നഗര വനവത്കരണ പരിപാടികൾ പരാജയം.


നട്ട മരങ്ങളുടെ സംരക്ഷണം സാമൂഹ്യ വനവത്കരണ വകുപ്പ് ഏറ്റെടുത്തില്ല.


പൊതു സ്ഥലത്തെ മരങ്ങൾ ഉപാധികളില്ലാതെ മുറിച്ചു മാറ്റുവാൻ വനം വകുപ്പ് തിടുക്കം കാട്ടുന്നു. ഉദ്യോഗസ്ഥരിൽ പലരും അഴിമതി കാട്ടുന്നു. റോഡരികിൽ മരം നേടുന്നതിനും സംരക്ഷിക്കുന്നതിനും വനം വകുപ്പിന് യാതൊരു താൽപ്പര്യവും ഇല്ല . 


കേരളത്തിന്റെ വനമേഖലയിൽ പദ്ധതികൾ നടപ്പാക്കിയപ്പോൾ നഷ്ട്ടമായ വനമേഖല പുനഃസൃഷ്ടിക്കപ്പെട്ടില്ല.  വന സംബദ്ധമായ കേസുകൾ പലതും അലസമായി വാധിച്ചു വകുപ്പ് തോൽക്കുന്നു. 


കാവുകൾ, കണ്ടൽ കാടുകൾ, ചെറു വനങ്ങൾ എന്നിവ സംരക്ഷിക്കുന്ന കാര്യത്തിൽ അലംഭാവം. വകുപ്പ് നടപ്പാക്കി എന്ന്‌ പറയുന്ന പല പദ്ധതികളും വെറും കടലാസ് പദ്ധതികൾ. കുറെ കാലമായി വനം വകുപ്പ് കുത്തഴിഞ്ഞ നിലയിലാണ്.


വൈദ്യുതി പദ്ധതികളുടെ ജല സംഭരണികൾക്കായി മുറിച്ചുമാറ്റിയ മരങ്ങൾക്കു പകരം മരങ്ങൾ വെച്ചു പിടിപ്പിക്കും എന്ന് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിൽ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വകുപ്പിന് ഉറപ്പ് നൽകിയത് ഇക്കാലമത്രയും ആയിട്ട് നടപ്പാക്കിയില്ല.


നാട്ടിലെ റബ്ബർ മരങ്ങളെ കൂടെ  ചേർത്ത് വനം വിസൃതി കണക്കാക്കി വരുന്നു. പാട്ടത്തിനു നൽകിയ വന ഭൂമി കാലവുധി തീർന്നിട്ടും തിരികെ സർക്കാരിലേക്ക് മുതൽകൂട്ടുന്നില്ല. പാട്ട കുടിശിക ബാക്കി പിരിക്കുന്നില്ല. പാട്ട ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ പലതും അറിഞ്ഞു കൊണ്ട് തോറ്റുകൊടുക്കുന്നു. 


വന മേഖലയിലെ കൈയേറ്റം തടയുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. കുറിഞ്ഞി ഉദ്യാനം കൈയേറ്റക്കാരുടെ പിടിയിലായ പോലെ മറ്റു വന്യ മൃഗ കേന്ദ്രങ്ങളും നഷ്ടമാക്കി കൊണ്ടിരിക്കുന്നു.വനം സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട പല ഉദ്യോഗസ്ഥരും നാട്ടിൽ ജോലി നോക്കി ശമ്പളം പറ്റുന്നു. ചന്ദന കാടുകൾ ചന്ദന മുക്തമായി വരുന്നു. 


വനമഹോത്സവം ഒരു ആചരണം മാത്രമല്ല.അത്‌ മനുഷ്യന്റെ നിലനിൽപ്പിന് അവിഭാജ്യ ഘടകമാണ്. കാട് മരങ്ങൾ നിൽക്കുന്ന ഒരു സ്ഥലം മാത്രമല്ല അത് ഒരു ഇക്കോസിസ്റ്റം ആണ്. മഴയുണ്ടാക്കാനും കാലാവസ്ഥ വ്യതിയാനം തടയാനും ആമസോൺ കാടുകൾക്കാകും. അതുപോലെ പശ്ചിമഘട്ട കാടുകൾ കേരളത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ്. നദികൾ ഒഴുകുന്നതിനും, കുടിവെള്ളം ലഭിക്കുന്നതിനും കൃഷിക്കും വൈദുതി ഉത്പാദനത്തിനും, കാലാവസ്ഥാ വ്യതിയാനം അതിരുകടക്കാതിരിക്കാനും, മനുഷ്യ - മൃഗ സംഘർഷം കുറക്കുന്നതിനും, ജൈവവൈവിധ്യ സംരക്ഷണത്തിനും, വന്യ ജീവി സംരക്ഷണത്തിനും ആവശ്യമാണ്. നിര്ജീവാവസ്ഥയിൽ ഉറങ്ങി കിടക്കുന്ന വനം വകുപ്പ് ഇനിയെങ്കിലും ഉണരണം. ഈ വനമഹോത്സവം അതിന് നിമിത്തമാകട്ടെയെന്നു ആശംസിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment