ഇന്ത്യ പ്ലാസ്റ്റിക്ക് ഉപയോഗവും മാലിന്യ ഇറക്കുമതിയും എപ്പോൾ നിയന്ത്രിക്കും?




വികസിത മുതലാളിത്ത രാജ്യങ്ങളുടെ മുൻസിപാലിറ്റി മാലിന്യങ്ങൾ മുതൽ വ്യവസായ മാലിന്യങ്ങളും ആണവ മാലിന്യങ്ങൾ വരെയും വികസ്വര ജനതക്കു മുകളിൽ അടിച്ചേൽപ്പിക്കുന്ന രീതി നിലനിന്നിരുന്നു. വർഷങ്ങൾക്കു മുൻപ് കൊച്ചിയിലെത്തിയ അമേരിക്കയിലെ ഏതൊ ഒരു മുൻസിപ്പാലിറ്റി മാലിന്യം വാർത്തകളിൽ ഇടം പിടിച്ചു. വ്യവസായ മാലിന്യങ്ങളും ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും വൻ അപക്ട കാരിയായ ആണവ പദാർത്ഥങ്ങളും സ്വന്തം രാജ്യത്തു മറവു ചെയ്യുവാൻ അവരുടെ നിയമങ്ങൾ അനുവദിക്കാത്തതും ജനങ്ങൾക്ക് വിഷയത്തിലുള്ള ആശങ്കയും ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ മുതലായ രാജ്യക്കാരുടെ ഭൂമിയിൽ ഇവ എത്തുവാൻ അവസരമുണ്ടാക്കി. 


ഉപയോഗശൂന്യമായ കപ്പലുകൾ പൊളിച്ചെടുക്കുന്ന ബംഗ്ലാദേശിലെയും (ബേപ്പൂരും ചെറിയ അളവിൽ നടക്കുന്നു)  വിവിധ ദ്വീപസമൂഹത്തിലെയും പ്രവർത്തനങ്ങൾ വലിയ തോതിലുള്ള പരിസ്ഥിതിക മലിനീകരണത്തിനിട നൽകുന്നതാണ്. ഉപയോഗിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ മുൻനിർത്തി  ചൈന നടത്തിയ പാവനിർമ്മാണവും മറ്റു സാധനങ്ങളും ചൈനയിലെ നദികളെയും മണ്ണിനെയും തൊഴിലാളികളെയും രോഗികളാക്കി. ഉപയോഗിച്ച വാഹനങ്ങൾ കൊളംബിയ, കോംഗോ, നൈജീരിയ, സുഡാൻ  മുതലായ രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യുന്ന രീതി ഫലത്തിൽ വികസിതരാജ്യങ്ങളുടെ അവശിഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമാണ്.


ലോകത്തെ ഏറ്റവും അധികം ക്യാൻസർ രോഗികളുള്ള നാടായി ഇറാഖ് മാറിയത് കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലാണ്. ആണവ നിലയത്തിലെ മാലിന്യങ്ങൾ തള്ളുവാനുള്ള അവസരമാക്കി യുദ്ധത്തെ  ഉപാധിയാക്കിയ  അമേരിക്കൻ സമീപനമായിരുന്നു  അതിനുള്ള കാരണം.


ലോകത്തുണ്ടാകുന്ന പ്രതിവർഷ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഭാരം 1.5 കോടി ടൺ വരും. ചൈന അതിൽ 56 % ഇറക്കുമതി ചെയ്തു വന്നു. ഏറ്റവും അധികം അമേരിക്കയിൽ നിന്നുമായിരുന്നു സ്വീകരിച്ചത്  കഴിഞ്ഞ നാളുകളിൽ യൂറോപ്പ് 87% പ്ലാസ്റ്റിക് മാലിന്യവും ചൈനയെ ഏൽപ്പിച്ചു വന്നു. അമേരിക്ക ചൈനയിലേക്കു മാത്രം കയറ്റുമതി ചെയ്തിരുന്നത് 775 ടൺ പ്ലാസ്റ്റിക്കുകൾ. അമേരിക്ക അഭ്യന്തരമായി 3.5 ടൺ മാത്രമാണ്  റീസൈക്കിളിംഗ് നടത്തി വരുന്നത്. അമേരിക്കൻ മാലിന്യങ്ങൾ ചൈന സ്വീകരിക്കാതിരിക്കുന്നതിലൂടെ ഒരു ലക്ഷത്തോളം അമേരിക്കകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയും സംജാതമായി.


ഇന്ത്യ 50 രാജ്യങ്ങളിൽ നിന്നും മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിൽ അടങ്ങിയ Phthalate,  Dioxine മുതലായവ ജൈവ മണ്ഡലത്തിൽ അപകടം വരുത്തിവെക്കും. ഒപ്പം രാജ്യത്തെ അഭ്യന്തര ഉപയോഗം 25000 ടൺ വരും. അതിൽ 15000 ടൺ പുനർ ചംക്രമണത്തിനു വിധേയമാക്കുന്നു.


ചൈനയുടെ പരിസ്ഥിതിക്കുണ്ടായ വൻ തിരിച്ചടിക്കു പരിഹാരം എന്നോണം Garbage Dumbing industrialisation അവസാനിപ്പിക്കുവാനെടുത്ത തീരുമാനം മറ്റു രാജ്യങ്ങൾക്കു കൂടി പ്രചോദനം നൽകിക്കഴിഞ്ഞു..


7500 ദ്വീപുകൾ  ചേർന്ന ഫിലിപ്പൈൻസിലേക്ക് തെക്കൻ കൊറിയ കയറ്റി അയച്ച 6500 ടൺ മാലിന്യങ്ങൾ അവർ തിരിച്ചയച്ചു. വീയറ്റ്നാം ഉപയോഗിച്ച പ്ലാസ്റ്റിക് സാധനങ്ങളുടെ ഇറക്കുമതി ലൈസൻസുകൾ പടിപടിയായി റദ്ദു ചെയ്യുവാൻ തീരുമാനിച്ചു. തായ് ലൻറ് പഴയ ഇലക്രാേണിക്ക് ഉപകരണങ്ങളുടെ ഇറക്കുമതി 2019 കൊണ്ടും പ്ലാസ്റ്റിക് ഇറക്കുമതി 2021 കൊണ്ടും അവസാനിപ്പിക്കും എന്ന് പ്രഖാപിച്ചു. മലേഷ്യയും അതേ വഴിക്കു നീങ്ങുന്നു.


ഇന്ത്യ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും ഇറക്കുമതിയും നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉപയോഗിച്ച പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കുവാൻ ഇനി എങ്കിലും രാജ്യം വൈകരുത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment