ഭൂമിയുടെ ഉപരിതലത്തിലെ ചൂട് വൻതോതിൽ കൂടുന്നു; മുന്നറിയിപ്പുമായി ഗവേഷകർ




ഭൂമിയുടെ ഉപരിതലത്തിലെ ചൂട് വൻതോതിൽ കൂടുകയാണെന്നു നാസയുടെ പഠനത്തിൽ കണ്ടെത്തൽ. 2015, 2016, 2017 വർഷങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ ചൂടാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷമായി ചൂട് കൂടിവരികയാണെന്നാണ് കണ്ടെത്തൽ. ഇത് അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് ഭൂമിയെ നയിക്കുന്നത്.


2003 മുതൽ 2017 വരെ ഉപഗ്രഹ സഹായത്തോടെ അറ്റ്മോസ്ഫറിക് ഇൻഫ്രാറെഡ് സൗണ്ടർ (എയർസ്) ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചൂട് അളന്നുള്ള താരതമ്യ പഠനത്തിലാണ് ഭൂമിയുടെ ചൂടിനെ സംബന്ധിച്ച വെളിപ്പെടുത്തൽ ഉള്ളത്. സമുദ്രം, കര, മഞ്ഞുമൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചൂട് പ്രത്യേകം എയർസ് എടുത്തിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചൂട് കൂടുന്നത് എന്നാണ് കണ്ടെത്തൽ.


1.15 ലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിലുണ്ടായിരുന്ന അതേ താപനിലയാണ് ഇപ്പോൾ ഭൂമിയിലെന്നാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. അന്ന് ഭൂമിയിലെ സമുദ്രങ്ങളിലെ ജലനിരപ്പ് ആറു മുതൽ ഒൻപതു മീറ്റർ വരെ ഉയര്‍ന്നിരുന്നു. അതിനു കാരണമായതാകട്ടെ സമുദ്രജലത്തിലെ താപനില വർധിച്ചതും. അതോടെ അന്റാർട്ടിക്കയിലെ മഞ്ഞുരുകലിന്റെ വേഗത വർധിച്ചു. വൻതോതിൽ ജലനിരപ്പുയരുകയും ചെയ്തു.


അന്റാർട്ടിക്കയിലെ മഞ്ഞിനെ അതിവേഗം ഉരുക്കിയ ആ താപനിലയാണ് ഇപ്പോൾ രാജ്യാന്തര തലത്തിലുള്ളതെന്നു ഗവേഷകര്‍ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ 1.15 ലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായ അവസ്ഥയിലേക്ക് അന്റാർട്ടിക്ക എത്തിച്ചേരും. മഞ്ഞുരുകൽ വേഗത്തിലായാൽ സമുദ്രജല നിരപ്പ് ഉയരുകയും ചെയ്യും. അതോടെ മിക്ക തീരദേശ പ്രദേശങ്ങളും വെള്ളത്തിനടിയിലാകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment