ഖനന മാഫിയക്കായി റാന്നിയിൽ നടക്കുന്ന രാഷ്ട്രീയ-മാധ്യമ നാടകങ്ങളെ തിരിച്ചറിയുക




പരിസ്ഥിതി സംരക്ഷണ ദിനമായി കേരളവും ജൂലൈയെ (28)പരിഗണിച്ച അതേ സമയത്ത് കേരള വനം വകുപ്പിലെ റാന്നി District Forest Office കൈകൊണ്ട സമീപനം നാട് എത്തപ്പെട്ട മാഫിയാവൽക്കരണത്തിനുള്ള തെളിവായി കാണാം.  പത്തനതിട്ട ജില്ലയിലെ വനം വകുപ്പ് സംവിധാനവും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഒരേ മനസ്സോടെ ഖനന മുതലാളിമാര്‍ക്കുവേണ്ടി നടത്തുന്ന ചരടു വലികൾ ഒരിക്കൽ കൂടി സ്പഷ്ടമായിരിക്കുകയാണ് ,ഈ കോവിഡു കാലത്തും.  ഉത്തരവാദിത്തത്തോടെ പണി എടുക്കുന്നവരും സര്‍ക്കാര്‍ സംവിധാനത്തിലുണ്ട് എന്ന് വനം വകുപ്പിൽ നിന്നുള്ള ഇതേ സംഭവത്തിൻ്റെ മറ്റൊരു വശം തെളിയിക്കുന്നു എന്നതാണ് താൽക്കാലിക ആശ്വാസം.

 


പ്രകൃതി സംരക്ഷണവുമായി ബന്ധപെട്ട് ഉയര്‍ന്നു വരുന്ന ഏതൊരു ശ്രമങ്ങളെയും തെറ്റി ധരിപ്പിക്കുവാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കാട്ടിയ മിടുക്കിന് ഉദാഹരണമായിരുന്നു ഗാട്ഗില്‍ കമ്മീഷനോട് അവരെടുത്ത സമീപനം. പശ്ചിമ ഘട്ടത്തില്‍ ദശകങ്ങളായി ജീവിക്കുന്ന ലക്ഷങ്ങള്‍ വരുന്ന കുടിയേറ്റ കര്‍ഷകരെ ഭയപെടുത്തും വിധം പ്രചരണം നടത്തിയ കമ്യുണിസ്റ്റ് /കോണ്‍ഗ്രസ് പാര്‍ട്ടികളും മത-ജാതി സംഘടനകളും പറഞ്ഞു നടന്ന വാദങ്ങളുടെ പിന്നില്‍ ഭൂ മാഫിയകളുടെ അജണ്ടകള്‍ ആയിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടു.


മൂന്നാറിലെ അനാധമാക്കിയ ഭൂമി തിരിച്ചു പിടിക്കുവാന്‍ ശ്രമിച്ച VS നെ കുതികാല്‍ വെട്ടും എന്നുപറയുവാന്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ മുന്നോട്ടു വന്ന സാഹച്യരങ്ങള്‍ ആരെയും അത്ഭുത പെടുത്തിയിട്ടില്ല.അത്ര മാത്രം മാഫിയകളുടെ എജന്മാരായി അധികാര /രാഷ്ട്രീയ കേന്ദ്രങ്ങള്‍ മാറി കഴിഞ്ഞിരുന്നു.അതിന്‍റെ ഭാഗമായി അഴിമതിയും സ്വജന പക്ഷപാതവും ഒരു വശത്ത് കനക്കുമ്പോള്‍ ,പ്രകൃതി ക്ഷോഭങ്ങള്‍ നാടിനെ വരിഞ്ഞു മുറുക്കി.എല്ലാത്തിനോടും കണ്ണടച്ചിരുട്ടുണ്ടാക്കി ന്യായീകരിക്കുവാന്‍ സര്‍ക്കാര്‍ മടിച്ചില്ല.പ്രകൃതി ദുരന്തങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ കേരളത്തിന് നിരവധി ജീവനുകള്‍ നഷ്ടപെട്ടിട്ടും അര കോടിയാളുകളെ ബുദ്ധിമുട്ടിച്ചിട്ടും അര ലക്ഷം കോടിയുടെ തിരിച്ചടി നേരിട്ടിട്ടും മാറി ചിന്തിക്കുവാന്‍ ഇവരാരും താല്‍പര്യം കാട്ടിയില്ല.വെള്ള പൊക്കത്താല്‍ പൊറുതി മുട്ടിയ നാടിന് ബുദ്ധി ഉപദേശിക്കുവാന്‍ KPMG യെ പോലെയുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാപനങ്ങള്‍ക്ക് അവസരം ഒരുക്കും വിധം കേരളത്തിലെ ഭരണ സംവിധാനം കുത്തഴിഞ്ഞിരുന്നു.ഇത്തരം അസ്വാഭാവിക തീരുമാനങ്ങളില്‍ ഏറ്റവും പുതിയ എപ്പിസോഡാണ് പത്തനംതിട്ട ജില്ലയിലെ റാന്നിയുമായി ബന്ധപെട്ടു കിടക്കുന്ന പാരിസ്ഥിതിക പ്രധാന ഭൂമികളില്‍ നടക്കുന്നത്.


റാന്നി വന മേഖലയിലെ 1536.82 ഹെക്ടര്‍ ആരബൽ ഭൂമി (കൃഷിക്കും താമസ ത്തിനും മാത്രമായി റവന്യൂ വകുപ്പ് കൈമാറിയ വന ഭൂമി) പെട്ടെന്ന് റിസര്‍വ്വ് വന ഭൂമിയാക്കി മാറ്റി എന്നാണ് പ്രമുഖ പത്രങ്ങളുടെ റിപ്പോര്‍ട്ടിംഗ്.1970 ല്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത വനം, അയ്യപ്പന്‍ കോവില്‍(ഇടുക്കി ഡാം)പ്രദേശത്തു നിന്നും കുടി ഇറക്കപെട്ട 500 കുടുംബങ്ങള്‍ക്ക് കൃഷി ചെയ്തു ജീവിക്കുവാന്‍ നല്‍കുകയുണ്ടായി. ആരബൽ ഭൂമിയിൽ വളരുന്ന(ചുരുക്കം വിഭാഗത്തിൽ പെട്ട )വന്യ മരങ്ങളെ മുറിച്ചു മാറ്റുന്നതില്‍ നിയന്ത്രണങ്ങളുണ്ട്‌.പടയണി പാറ, മണിയാര്‍,പാമ്പിനി,തണ്ണിതോട്, പമ്പാവാലി എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതാണ് മുകളിൽ പറഞ്ഞ ആരബല്‍ ഭൂമി.


ഇടുക്കി ഡാം പ്രദേശത്തിൽ നിന്നു വന്നവരുടെ ആവശ്യത്തിനു പുറത്തുള്ള , 1970 ൽ റവന്യൂ ഭൂമിയാക്കി മാറ്റാതിരുന്ന 4.344 ഹെക്ടര്‍ (റിസര്‍വ്വ് വനം)സ്വാഭാവിക വന ഭൂമിയായി തുടരുമ്പോള്‍ ,പ്രസ്തുത ഭൂമിയില്‍ നിന്നും മരം മുറിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വന ഉദ്യോഗസ്ഥർ കൂട്ടു നിന്നു. പ്രസ്തുത ഭൂമിയില്‍ പാറ ഖനനം സാധ്യമാക്കലായിരുന്നു മരം മുറിയുടെ പിന്നിലുള്ള ലക്ഷ്യം എന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു.


വന ഭൂമിയായി തുടരുന്ന 4.344 ഹെക്ടറില്‍(സര്‍വേ നമ്പര്‍:781/1-1) നടത്തിയ മരം മുറിക്കല്‍ ചോദ്യം ചെയ്ത നെരാറ്റു കാവ് ജനകീയ സംരക്ഷണ സമിതി നല്‍കിയ പരാതിയില്‍,റാന്നി DFO യുടെ നിയന്ത്രണത്തിലെ ഓഫീസ് നടത്തിയ തട്ടിപ്പുകള്‍ വ്യക്തമാക്കപ്പെട്ടു.അതിന്‍റെ ഭാഗമായി ആദ്യം റവന്യൂ വകുപ്പു നടത്തിയ അന്വേഷണം വിഷയത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞു. വനം വകുപ്പിലെ സംസ്ഥാന തെക്കന്‍ മേഖല മുഖ്യ വനപാലകൻ, റാന്നിയിലെ വനം വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുവാന്‍ നിര്‍ബന്ധിതമായി. മുറിച്ചടുക്കിയ മരത്തിന്‍റെ കച്ചവടത്തില്‍ ഉണ്ടായ മറിമായങ്ങള്‍ മറ്റൊരു വീരപ്പന്‍ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.


സര്‍ക്കാര്‍ വന ഭൂമിയില്‍ നിന്ന് മരം മുറിച്ചു കടത്തിയ ശേഷം, ഖനനത്തിന് അനുവാദം നല്‍കിയ റാന്നി DFO എന്ന Indian Forest Service ഉദ്യോഗസ്ഥന്‍റെ മാരത്തോണ്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം തിരിച്ചറിഞ്ഞ South Kerala Chief Conservator ഖനനം നിര്‍ത്തി വെക്കുവാൻ നിർദ്ദേശിച്ചു.പ്രസ്തുത 4.344 ഹെക്ടര്‍ ഭൂമി വന ഭൂമിയായി സംരക്ഷിക്കുവാനും രേഖാ മൂലം ആവശ്യപ്പെട്ടു. പ്രസ്തുത നിര്‍ദ്ദേശത്തെ 3800 ഏക്കറില്‍ താമസിക്കുന്നവരുടെ കൃഷി ഭൂമിയെ വന ഭൂമിയാക്കി മാറ്റുന്നു എന്ന തരത്തില്‍ ചിത്രീകരിക്കുവാന്‍ റാന്നി DFO തന്‍റെ അധികാരം ഉപയോഗിച്ചു എന്ന് Chief Conservator ഇറക്കിയ പത്ര കുറിപ്പ് വ്യക്തമാക്കുന്നു . വനം വകുപ്പിലെ ജില്ലാ തലത്തിലെ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിനു പിന്നില്‍ രാഷ്ട്രീയ- മാധ്യമ-പിന്തുണയുണ്ട് . ഇവരുടെ രോദനങ്ങളെല്ലാം ഖനന രംഗത്തു കുപ്രസിദ്ധി നേടിയവര്‍ക്ക് വേണ്ടിയാണ് എന്ന് കേരളീയര്‍ തിരിച്ചറിയണം.


തുടരും

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment