പരിസ്ഥിതിയെ വെല്ലുവിളിച്ചവർക്ക് ജനം നൽകിയത് അർഹിക്കുന്ന വിധി




പശ്ചിമഘട്ടത്തിന്റെ സുരക്ഷയെ പരമാവധി പരിഗണിച്ച ഗാഡ്ഗിൽ കമ്മീഷനെതിരെ തെരുവു യുദ്ധം നടത്തുവാൻ മത്സരിച്ചവരിൽ കമ്യൂണിസ്റ്റു പാർട്ടിക്കാരും കോൺഗ്രസ്സ്കാരും മത നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. താമസക്കാർക്കാർക്കും കുടിയിറങ്ങേണ്ടി വരില്ല എങ്കിലും ഇടുക്കിയിലെ ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധികൾ നടത്തിയ ശ്രമങ്ങൾ തോട്ടം മുതലാളിമാരുടെ പിൻബലത്തിൽ വളർന്നു. അതിന്റെ മുന്നില്‍ നിന്നവര്‍ കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.ജയം സ്വന്തമാക്കിയ  ശ്രീ ജോയിസ് ജോര്‍ജ്ജിനെക്കാള്‍ മോശക്കാരല്ല കോണ്‍ഗ്രസ്സുകാര്‍ എങ്കിലും അവര്‍ക്ക് തോട്ടം -ടൂറിസം മാഫിയകളെ കൈയ്യില്‍ എടുത്തു സമരത്തെ മുന്നില്‍ നിന്ന് നയിക്കുവാൻ അത്ര കണ്ട് അവസരം കിട്ടിയില്ല. 


ഇടുക്കി രൂപതയുടെ താല്‍പര്യങ്ങള്‍ മുതല്‍ കാന്തപുരം മുസലിയാരുടെ Knowledge city യും മുതലാളിമാരുടെ മെഡിക്കല്‍ കോളെജു വ്യവസായവും മറ്റും എത്ര ഒരുമയോടാണ് അവിടെ പ്രവര്‍ത്തിച്ചതെന്ന് ഇപ്പോളെത്ര പേര്‍ ഓര്‍ക്കുന്നുണ്ടാകും? ഇത്തരക്കാർ  ഗാട്ഗില്‍ കമ്മീഷനെതിരെ വാള്‍ എടുത്തപ്പോള്‍, കോണ്‍ഗ്രസ് കുത്തക മണ്ഡലം പിടിക്കുവാന്‍  ഹൈറേഞ്ച്  സംരക്ഷണ സമിതി നേതാവ് ശ്രീ ജോയിസ് ജോര്‍ജ്ജ് വിജയിച്ചു.ആ വിജയത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ ആശ്വസിച്ചിട്ടുണ്ടാകും. അത് വലിയ രാഷ്ട്രീയ പരജായം ഉണ്ടാക്കി എന്ന്  5 വര്‍ഷത്തിനു ശേഷവും തിരിച്ചറിയുവാന്‍ അവർക്കു കഴിഞ്ഞില്ല എങ്കില് ഭാവിയില്‍ നേരിടുവാന്‍ പോകുന്ന ജന വിധി ബംഗാളില്‍  സംഭവിച്ചതിനൊട്ടും പിറകിലാകില്ല.71 പഞ്ചായത്തുകളില്‍ ഒരിടത്തൊശിച്ച് മറ്റെല്ലായിടത്തും പിന്നിലായിരുന്ന  ഈ പഴയ യൂത്ത് നേതാവ്, പാര്‍ട്ടിയുടെ അടിസ്ഥാന വിശ്വാസികളുടെ പോലും വെറിപ്പിനിരയായി. സ്വന്തം ഭൂമി വിഷയത്തില്‍ ഉയര്‍ന്ന ആരോപണ ത്തിന്‍റെ പേരിലെങ്കിലും CPIM ന്‍റെ അയോഗ്യത നേടേണ്ടിയിരുന്ന  ഭൂ മാഫിയകളുടെ പ്രതിനിധി , പാര്‍ട്ടിക്ക് നേടി കൊടുത്ത  നാണക്കേടില്‍ ഒട്ടും പരിഭവിക്കില്ല.പക്ഷേ ആ പാർട്ടി തെറ്റുതിരുത്തുമോ ?


പൊന്നാനി പൊതുവേ ഐക്യമുന്നണിക്ക് മുന്‍തൂക്കമുള്ള മണ്ഡലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ ടി  മുഹമ്മദ്‌ ബഷീറിന്‍റെ ഭൂരിപക്ഷം കാല്‍ ലക്ഷമായിരുന്നു. 5 വര്‍ഷത്തിനു ശേഷം ഭൂരിപക്ഷം 1.93 ലക്ഷമായി ഉയര്‍ന്നു.( 8 മടങ്ങ്‌ ). എതിര്‍ സ്ഥാനാര്‍ഥിയായി നിലമ്പൂര്‍ എംഎൽഎ പി വി അൻവറിനെ യെ രംഗത്തിറക്കി. 207 ഏക്കര്‍ ഭൂമി സ്വന്തമായുള്ള ഇയാൾ, കക്കടാം പൊയ്ക എന്ന മലനിരയില്‍  നിയമങ്ങളെ എല്ലാം ലംഘിച്ച് വാട്ടർ തീം പാർക്ക് നടത്തുന്നു എന്ന് ഹൈ കോടതി പോലും പരാമര്‍ശിച്ചു., ഇത്തരത്തിലുള്ള ഒരാളെ മത്സരിപ്പിക്കുന്നതില്‍  ബുദ്ധിമുട്ടാെന്നും ഇടതു പക്ഷത്തിനില്ലായിരുന്നു.


ആറ്റിങ്ങലിന്‍റെ 3 പ്രാവശ്യം MP ആയിരുന്ന ശ്രീ സമ്പത്ത്, നിയോജക മണ്ഡലത്തില്‍ പരിസ്ഥിതി വിഷയത്തില്‍ എടുത്ത നിലപാടുകള്‍ മറ്റാരേക്കാളും അനാരോഗ്യകരമാണ്. പെരിങ്ങമല മാലിന്യ പ്ലാന്റിനെതിരെയുള്ള സമരക്കാരെ അക്ഷേപിക്കുവാന്‍ മടിക്കാതിരുന്ന അദ്ദേഹവും നേതാക്കളും കിളിമാനൂര്‍, നഗരൂര്‍ മേഖലയിലെ ഖനനങ്ങളെ പറ്റി ഉയര്‍ന്നു വന്ന പരാതികളെ  അവഗണിച്ചു.  അദ്ദേഹത്തിന് ഏറ്റ പരാജയത്തില്‍ പരിസ്ഥിതിയെ മാനിക്കാത്തവരോടുള്ള ജനങ്ങളുടെ പ്രതിഷേധവും നിർണ്ണായക പങ്കു വഹിച്ചു .


പൊന്നാനിയിലും ഇടുക്കിയിലും ആറ്റിങ്ങലിലും വിജയിച്ച ഐക്യ ജനാധിപത്യ മുന്നണി നേതാക്കള്‍ ആരെങ്കിലും പരിസ്ഥിതി വിഷയത്തില്‍  ആരോഗ്യകരമായ നിലപാടുകള്‍ എടുക്കും എന്ന് പ്രതീക്ഷിക്കുവാന്‍ കഴിയും വിധം ചരിത്രം ഉള്ളവരല്ല. പരിസ്ഥിതി വിഷയത്തെ  സ്വന്തം താല്‍പര്യത്തിനായി അട്ടിമറിച്ച ചിലരെ എങ്കിലും ഈ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുവാന്‍ ജനങ്ങള്‍ എടുത്ത തീരുമാനം അഭിനന്ദനം  അര്‍ഹിക്കുന്നു.


പരിസ്ഥിതിയോടുള്ള  രാഷ്ടീയ പാര്‍ട്ടി നിലപാടുകള്‍  നിഷേധരൂപത്തില്‍ തന്നെയാണ് തുടർന്നു വരുന്നത്. വിഷയത്തെ ഗൗരവതരമായി പരിഗണിക്കുവാൻ  എല്ലാ പാര്‍ട്ടികളെയും നിര്‍ബന്ധിതമാക്കുന്ന  രാഷ്ട്രീയ സംസ്ക്കാരം നാട്ടിൽ  വളര്‍ത്തി കൊണ്ട് വരുവാന്‍ നമ്മള്‍ തയ്യാറുണ്ടോ എന്നതാണ് പ്രധാന ചോദ്യം .ഇല്ല എങ്കിൽ പരിസ്ഥിതി വിരുദ്ധരിൽ ഒരാളെ തെരഞ്ഞെടുത്ത്  നമ്മുടെ നേതാവായി വാഴിക്കൽ പരിപാടി തുടർന്നു പോകേണ്ടി വരും.

 

കൂടുതൽ വായനയ്ക്ക്: 
 https://m.facebook.com/story.php?story_fbid=2554827164532050&id=100000143750382

(ഫേസ്ബുക്കിൽ ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇൻ ചീഫ്, ഇ പി അനിൽ എഴുതിയ ലേഖനത്തിന്റെ ലിങ്ക്)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment