ശിവ ഭക്തരുടെ ഗംഗാ പൂജക്കു പഞ്ഞമില്ല; ഗംഗയുടെ നാശത്തിൽ അവർക്ക് അനുതാപവുമില്ല!




ശ്രാവണ മാസം ( ജൂലൈ- ആഗസ്റ്റ്) വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾക്ക്, വിശിഷ്യ ശിവ ഭക്തർക്ക് വളരെ പ്രധാനമാണ്. പ്രസ്തുത മാസത്തിൽ ശിവന്റെ സാനിധ്യം കൊണ്ട്  ലോകം തുടിക്കുമെന്ന് വിശ്വാസികൾ. അതിനായി വിവിധ തരത്തിലുള്ള ശിവ സ്തുതികൾ സംഘടിപ്പിക്കാറുണ്ട്. മോക്ഷം കിട്ടുവാൻ ഗംഗാജലത്തിന്റെ സാന്നിധ്യമുണ്ടാകണം എന്നു കരുതി വരുന്നു. അതിനായി ഗംഗാജലം ശേഖരിക്കുന്നത് ശ്രാവണമാസത്തിലും. ആഹാരം മാത്രം സ്വീകരിച്ച് ഗംഗയുടെ ഉത്ഭവ സ്ഥലമായ ഗോമുഖ് മുതൽ താഴെ (ഉത്ഭവ സ്ഥലത്ത് ഗംഗ അറിയപ്പെടുക ഭഗീരഥി എന്നാണ് ) ഋഷി കേശ്, ഹരിദ്വാർ മുതലായ ഇടങ്ങളിൽ നിന്നും ഗംഗാജലം പാത്രങ്ങളിൽ സംഭരിച്ച്  (കാൽനടയായോ മറ്റോ ), ഭക്തി പുരസരം തൊട്ടടുത്ത ശിവക്ഷേത്രത്തിൽ എത്തിച്ച്, അടുത്ത ശ്രാവണ മാസം വരെ  സൂക്ഷിക്കുന്ന ചടങ്ങിൽ ലക്ഷക്കണക്കിന് ഭക്തർ ഭാഗഭാക്കാറുണ്ട്. 


ഗംഗയെ മാത്രമല്ല യമുനയേയും പമ്പയേയും മറ്റും ആരാധിക്കുന്ന ( സംസം വെള്ളത്തെ വീടുകളിൽ പ്രാർഥനാ പൂർവ്വം എത്തിക്കുകയും സൂക്ഷിക്കുവാൻ ഇസ്ലാമിക വിശ്വാസികൾ ഇഷ്ടപ്പെടുന്നു.) ചടങ്ങുകൾ ശക്തമായി തുടരുമ്പോൾ തന്നെ, ഇത്തരം നദികളുടെ സുചിത്യവും സുരക്ഷിതതത്വവും ഉറപ്പുവരുത്തുവാൻ ഭക്തർ ഉൾപ്പെടുന്നവർ കാട്ടുന്ന നിസ്സംഗത നിരാശാജനകമാണ്.

 


ഗംഗാ നദി ഇന്ത്യയിലൂടെ ഒഴുകി യമുനക്കൊപ്പവും ബ്രഹ്മ പുത്രക്കൊപ്പവും ബംഗ്ലാദേശിൽ കടന്ന്, ബംഗാൾ ഉൾക്കടലിൽ പതിക്കുമ്പോഴേക്കും അത് 2500 Km ലധികം യാത്ര ചെയ്തു കഴിയും. ഗംഗയുടെ ഉത്ഭവ സ്ഥാനങ്ങളിൽ പ്രധാനപ്പെട്ട രണ്ടു മഞ്ഞുമലകളാണ് ഗോമുഖും സതോപന്തും. സതാേപന്തിൽ നിന്നും അളകനന്ദ (ഗംഗയുടെ മറ്റൊരു stream) ഒഴുക്കു തുടങ്ങുന്നു. എറ്റവും പ്രധാന Aquafare സ്ഥിതി ചെയ്യുന്ന ഗംഗാ സമതലം, ദശ കോടിയാളുകളുടെ ജീവിതത്തെ നേരിട്ടു സ്വാധീനിച്ചു വരുന്നു .ഗോമുഖ്, ഗംഗോത്രി, താഴെയുള്ള വിവിധ പ്രയാഗുകൾ  (രൂദ്ര പ്രയാഗ്, കർണ്ണ പ്രയാഗ് ), കേദാർനാഥ്, ബദരീനാഥ് , യമുനയുടെ ഉത്ഭ സ്ഥലങ്ങൾ (യമു നോത്രി) തുടങ്ങി ഡസനിലധികം വരുന്ന തീർത്ഥാടന കേന്ദ്രങ്ങളുടെ ഭക്തി ലോകവും ജൈവ വ്യവസ്ഥയും നിയന്ത്രിക്കുന്നതിൽ നിർണ്ണായകമാണ് ഹിമാലയൻ നദികൾ.  നദികൾ മരണ സമാനമായി മാറിയിട്ടും , ഇവയുടെ  സംരക്ഷണത്തിനായി  പതിനായിരക്കണക്കിന് കോടി രൂപ മാറ്റി വെച്ചിട്ടും ,അവസ്ഥക്കു മാറ്റമില്ല.


ഗംഗയുടെ പ്രാരംഭത്തിൽ  പ്രധാന പങ്കുവഹിക്കുന്ന  ഗോമുഖ് മഞ്ഞു മല, ചൈനയുടെ അതിർത്തി പങ്കുവെക്കുന്ന തപോവനം, നന്ദാവനം മുതലായ സ്ഥലങ്ങളുടെ തുടർച്ചയാണ്. ലോകത്തെ തകർന്നു കൊണ്ടിരിക്കുന്ന മഞ്ഞു മലകളിൽ (Glacier) കളിൽ പ്രധാനപ്പെട്ട പശുവിന്റെ മുഖത്തേ ഓർമ്മിപ്പിക്കുന്ന ഗോമുഖിന്റെ വലിപ്പം (30 ച.k m) കുറഞ്ഞു വരികയും 2013 ൽ ഒരു ഭാഗം അടർന്നു പോകുകയും ചെയ്തു. പ്രസ്തുത മല പൂർവ്വ രൂപത്തിലേക്ക് മടങ്ങി വരുവാൻ കഴിയാത്ത സ്ഥിതി നിലനിൽക്കുകയാണ്. 

 


ഗോമുഖ് ൽ നിന്നും 18 km ഒഴുകി ഗംഗോത്രിയിൽ എത്തുന്ന ഭഗീരഥി (up Stream of Ganga river) കടന്നു പോകുന്ന ചിർ ബാസ, ഭോജ് ബാസ മുതലായ ഗ്രാമങ്ങൾ മണ്ണിടിച്ചിലിന്റെ നിരന്തര ഭീഷണിയിലാണ്. (October മുതൽ April വരെ ഇത്തരം ഗ്രാമങ്ങൾ പൂർണ്ണമായും മഞ്ഞിനടിയിലായിരിക്കും. ആ കാലത്ത് ഗ്രാമീണർ പ്രദേശത്തു നിന്നും വിട്ടു നിൽക്കുന്നു),  ഭോജ് മരങ്ങൾ നിറഞ്ഞ ഗ്രാമം എന്ന അർത്ഥത്തിലാണ് ഭോജ്ബാസക്ക് ആ പേരു  നൽകിയത്. ഭോജ്  മരത്തിന്റെ പോളകളെ പുസ്തക താളുകളായി ഉപയോഗിച്ചിരുന്നു). ഇന്നാഗ്രാമത്തിൽ മണിക്കൂറുകൾ കൊണ്ട് എണ്ണി തിട്ടപ്പെടുത്താവുന്നത്ര ഭാേജ്കൾ  മാത്രമേ അവശേഷിക്കുന്നുള്ളൂ. മഞ്ഞു മലകൾ ഉരുകി ഉണ്ടാകുന്ന വെള്ളം കലങ്ങി മറിഞ്ഞ് ഒഴുകുമ്പോൾ ചാര നിറത്തിലൊഴുകുന്ന ഗംഗയിലെ മണ്ണിന് സമതലത്തിൽ എത്തിയ ശേഷമാണ് അടിയുവാൻ അവസരം ഉണ്ടാകുക. അങ്ങനെ അടിയുന്ന മണ്ണിനെ അനിയന്ത്രിതമായി വാരി മാറ്റുന്ന നിയമവിരുധ പ്രവർത്ത നത്തിന്  കുറവൊന്നുമില്ല.


ഹിമാലയ നിരകൾക്കു പരിചിതമല്ലാത്ത മേഘ സ്ഫോടനം മുതൽ വർദ്ധിച്ച ചുടും മറ്റും ഗംഗ, യമുന തുടങ്ങിയ നദികളുടെ ഉത്ഭവസ്ഥലം മുതൽ അവക്കു ഭീഷണിയാണ്. ജനവാസം കുറച്ചെങ്കിലും അധികമായുള്ള ഋഷികേശ് മുതൽ നിരവധി കൈവഴികൾ ചേർന്നൊഴുകുന്ന ഗംഗാനദി അഴുക്കു ചാലായി മാറിയിട്ട് ദശകങ്ങൾ കഴിഞ്ഞു. .ഹരിദ്വാറിൽ എത്തുന്ന ലക്ഷക്കണക്കിന് ഗംഗാ ഭക്തർ നദിയിൽ നിക്ഷേപിക്കുന്ന പൂജാ ദ്രവ്യങ്ങളും മറ്റും വെള്ളത്തിന്റെ ഘടനയിൽ വ്യത്യാസങ്ങൾ വരുത്തുന്നുണ്ട്. അവിടെ നിന്നും നദി UP സംസ്ഥാനത്ത് എത്തുമ്പോഴേക്കും  ശവ ശരീരങ്ങൾ മുതൽ വ്യവസായ, നഗര മാലിന്യങ്ങളുടെ  അവിശ്വസനീയമായ സാനിധ്യം വ്യക്തമാണ്. അപ്പോഴും ലോകത്തെ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട ഗംഗയെ പറ്റിയുള്ള പുണ്യ സങ്കൽപ്പങ്ങൾ സൂക്ഷിച്ചു വെക്കുവാൻ ഭക്തർ മറക്കുന്നില്ല. വെള്ളത്തിന് Coli form Bacteria യെ മുതൽ  അപകടകരമായ ഘടകങ്ങളെ ശുദ്ധീകരിക്കുവാൻ കഴിവുണ്ട് എന്ന് വാദിക്കുവാൻ ആശ്രമവാസികൾ മുതൽ രാഷട്രീയ നേതാക്കളിലും ശാസ്ത്രജ്ഞൻമാരിലും പെട്ട നല്ല പങ്കും പൊതുവേദിയിൽ എത്താറുണ്ട്.

 


ഒരു വശത്ത് ഗംഗയെ ഭക്തി പുരസരം മാത്രം  പരിചയപ്പെടുത്തുവാൻ ശ്രദ്ധിക്കുന്നവർ ഗംഗാ ശുദ്ധീ കരണത്തിന്റെ പേരിൽ ജീവൻ വെടിഞ്ഞ ഭക്തരെ ഒരിക്കൽ പോലും പിൻതുണച്ചിട്ടില്ല. (പ്രൊ.അഗർവാൾ മുതലായ)  ഗംഗ ഭക്തരിൽ പലരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി തുടരുമ്പോൾ  മാലിന്യം തുപ്പുന്ന വ്യവസായത്തോട് അവർ മമതയിലാണ്. ഗംഗയുടെ തീരങ്ങളെ മുൻ നിർത്തി ആശ്രമ വ്യവസായങ്ങളിലൂടെ ഹോട്ടൽ, ടൂറിസം, മരുന്നു വ്യവസായം വരെ എത്തി നിൽക്കുന്ന ശതകോടീശ്വരന്മാരായി മാറിയ കാവി സന്യാസിമാർ ഗംഗയുടെ പരിതാപകരമായ അവസ്ഥയോട് സഹതാപം  പ്രകടിപ്പിച്ചതായി പോലും അറിവില്ല. 


ഗംഗയിലെ ജലം പാത്രത്തിൽ സ്വീകരിച്ച് ഭൂമിയിൽ തൊടാതെ, ഭക്തി പുരസരം ക്ഷേത്രങ്ങളിലും പൂജാമുറികളിലും എത്തിക്കുന്ന ലക്ഷക്കണക്കിന് ഭക്തരും അവർക്ക് ഭരണകൂടത്തിന്റെ എല്ലാ സഹായവും എത്തിക്കുന്നതിൽ മത്സരിക്കുന്ന ആം ആദ്മി സർക്കാർ മുതലുള്ളവർ മരിച്ചു കഴിഞ്ഞു എന്നു പറയാവും വിധം തകർന്നു പോയ ഗംഗയുടെ അവസ്ഥയിൽ ആശങ്കാകുലരല്ല. പകരം ഗംഗയുടെ പരിപാവനത്വത്തെ  രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിൽ മത്സരിക്കുകയാണ്. 


വടക്കൻ ഡൽഹി കോർപ്പറേഷൻ മേയർ  ശ്രീ. അവതാർ സിംഗ് ഇപ്പോൾ അവസാനിച്ച ശ്രാവണമാസത്തിൽ  ഗംഗാ ജലം ആഘോഷത്തോടെ നഗരഭരണ കേന്ദ്രത്തിൽ എത്തിച്ച് ,വെളളം ഭരണ സിരാ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ മൊത്തമായി തളിച്ച് ശുദ്ധി ക്രിയ നടത്തി. പൊതു ഖജനാ വിലെ പണം മുടക്കി ഗംഗാജലം നഗരത്തിൽ എത്തിച്ചു നടത്തിയ ചടങ്ങിന്റെ ഉദ്ദേശത്തെ പറ്റി നഗര അധ്യക്ഷൻ നടത്തിയ വിശദീകരണത്തിൽ ഡൽഹി സംസ്ഥാനം ഭരിക്കുന്ന കെജ്‌രിവാൾ സർക്കാരിന്റെ കോർപ്പറേഷനോടുള്ള  അവഗണന അവസാനിപ്പി ക്കുവാൻ ഗംഗാ തീർത്ഥം സഹായിക്കുമെന്ന് കടുപ്പിച്ച് പറഞ്ഞു.

 


ഹിമാലയം മുതലുള്ള മലകൾ പാരിസ്ഥിതകമായി ക്ഷയിക്കുമ്പോൾ  നദികളും നാമാവിശേഷമായി കൊണ്ടിരിക്കുകയാണ്. ഗംഗയുടെ പ്രഭവ കേന്ദ്രങ്ങളിലെ മഞ്ഞു മലകൾ ചുരുങ്ങി കൊണ്ടിരിക്കെ, ഗംഗ ഉൾപ്പെടുന്ന നദികളുടെ  വെള്ളത്തിന്റെ അളവിൽ വൻ കുറവ് സംഭവിച്ചതും മാലിന്യങ്ങൾ നിറയുന്നതും ഒരു കാലത്ത് ഡോൾഫിൻ പോലെയുള്ള ജലജീവികൾ ഉണ്ടായിരുന്ന നദികളിൽ മത്സ്യങ്ങൾക്കു പോലും  ജീവിക്കുവാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതും ഗംഗാ ഭക്തരെ ആലാേസരപ്പെടുത്തുന്നില്ല. 


മലനിരകളെ മൊത്തതിൽ ദൈവങ്ങളായി കണ്ട ഇന്ത്യയും യൂമരങ്ങളെ ദൈവ സാന്നിധ്യമായി പരിഗണിച്ച യൂറോപ്പും ആമസോൺ കാടുകളെ   ആദരിച്ച ബ്രസീൽ, മെക്സിക്കൻ തീരങ്ങളും പിൽക്കാലത്ത് അത്തരം ബന്ധങ്ങൾക്കു വേണ്ട പ്രാധാന്യം നൽകിയില്ല. ഇന്ത്യയിൽ ഭക്തി വ്യവസായമായും രാഷ്ട്രീയമായും വിജയിച്ചു കയറുമ്പോൾ, അവയുടെ പ്രധാന മൂലധന വിഭവങ്ങളെ പോലും സുരക്ഷിക്കുവാൻ ബന്ധപ്പെട്ടവർ പരാജയപ്പെടുന്നു എന്ന് ഈ വർഷത്തെ ശ്രാവണമാസ ആഘോഷങ്ങളിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment