പ്രകൃതി സൗഹൃദ വാഹനങ്ങളിലേക്ക് കേരളം മാറണം




സംസ്ഥാനത്തിന്റെ  വായു മലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന  വാഹനങ്ങളുടെ കാർബൺ ബഹിർ ഗമനത്തെ കുറച്ചു കൊണ്ടു വരുന്നതിനായി ,അവയുടെ ഇന്ധനം വൈദ്യുതിയാക്കി മാറ്റുന്ന രീതി മാതൃകാപരമാണ് . KSRTC വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കി തുടങ്ങിയത് ഈ രംഗത്തെ രാജ്യത്തിന്റെ ആദ്യ ചുവടുവെപ്പായി കരുതാം . പൊതു വാഹനങ്ങൾ ഉപയോഗിക്കൽ,  സൈക്കിളിംഗ്, തുഴച്ചിൽ മുതലായ രീതികളെ  സമ്പന്ന രാജ്യങ്ങൾ പ്രത്യേകമായി പരിഗണിക്കുമ്പോൾ ,മലയാളിയുടെ സ്വപ്നങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്കുള്ള സ്ഥാനം (അനാരോഗ്യകരമായ രീതിയിൽ) തുടരുന്നു.


ജീവനെ പ്രതികൂലമായി ബാധിക്കുന്ന ഹരിത താപനത്തില്‍  വാഹനങ്ങൾ  25% ലധികം പങ്കു വഹിക്കുന്നു .വായൂ മലിനീകരണത്തിലൂടെ മാത്രം 40 ലക്ഷം ഗർഭസ്ഥ ശിശുക്കൾ (പ്രതിവർഷം) ലോകത്തു മരിക്കുന്നുണ്ട്.സസ്യങ്ങള്‍ ഉള്‍പെടുന്ന ജീവ ജാലങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്ന സൂക്ഷ്മ പൊടി പടലങ്ങളെ,  PM 10 (particulate  matter measuring 10 micron, മുടിയേക്കാള്‍ 5-7മടങ്ങ്‌ കട്ടി കുറഞ്ഞത്‌), PM 2.5 (2.5 micron  മുടിയേക്കാള്‍  20-30 ൽ കുറവ് വലിപ്പം), PM 1 ( 50-70 മടങ്ങ്‌ താഴെ മാത്രം ഘനം ) വലിപ്പത്തിന്‍റെ അടിസ്ഥാനത്തില്‍ തിരിക്കാം. പൊടി പടലത്തിന്‍റെ  വലിപ്പം കുറയും തോറും ശ്വാസ കോശത്തിലേക്കും  മറ്റ് ആന്തരിക അവയവങ്ങളില്‍ എത്തുന്നവയുടെ  തോത്  കൂടുകയും അവ രക്തത്തില്‍ കൂടുതല്‍ അലിഞ്ഞു ചേരുകയും ചെയ്യും.    


വായു മലിനീകരണ ലോകത്ത് കുപ്രസിദ്ധി നേടിയ ഡൽഹി നഗരത്തിൽ 1 കോടിയിലധികം വാഹനങ്ങൾ ഉണ്ട്. മെട്രോ മുതലായ പൊതു വാഹന സംവിധാനങ്ങളും LPG ഇന്ധനം ഉപയോഗിക്കുന്ന ടാക്സികളും നിരത്തിലുണ്ട് എങ്കിലും പൊതു ബസ്സ് സംവിധാനം കുറഞ്ഞു വരുന്നു.(11000 ബസ്സുകൾ വേണ്ടിടത്ത് 7000 മാത്രമാണു നിരത്തിൽ). വികസിത മുതലാളിത്ത രാജ്യങ്ങളിൽ വാഹനങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും അതുണ്ടാക്കുന്ന വായു-ശബ്ദ മലിനീകരണ തോത്  അവികസിത രാജ്യങ്ങളേേക്കാൾ താരതമ്യേന കുറവാണ്. 


കേരളത്തിലെ വാഹന പെരുപ്പം അസ്വാഭാവികമായി തുടരുന്നു.അവയുടെ എണ്ണം ഒന്നേകാൽ കോടിക്കടുത്തെത്തി. വാഹനങ്ങളുടെ  എണ്ണം 1975 ൽ 1.19 ലക്ഷമായിരുന്നത്  100 (10000 %) ഇരട്ടിയായി വർദ്ധിച്ചു. റോഡുകളാകട്ടെ 45 % മാത്രവും.  മൂന്നു ജില്ലകളിലായി (ഏറണാകുളം, തിരുവനന്തപുരം,  കോഴിക്കോട്) 40% വാഹനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവിടങ്ങളിലെ വായു മലിനീകരണത്തിൽ മുഖ്യ പങ്കു വഹിക്കുന്നത് വാഹനങ്ങൾ തന്നെയാണ്.(പാലക്കാട് ജില്ലയിൽ ഫർണ്ണസുകളാണ്  മലിനീകരണത്തിന്റെ പ്രധാന കാരണക്കാരൻ ).സംസ്ഥാനത്ത് 72% വും പൊതു വാഹനങ്ങളാണോടുന്നത്.അവയിൽ തന്നെ മുക്കാൽ പങ്കും ഇരു ചക്ര വിഭാഗങ്ങളാണ് എന്നു കാണാം. പൊതുവാഹന സംവിധാനത്തിന്റെ അപര്യാപ്തത, കാര്യ ക്ഷമത ക്കുറവ് തുടങ്ങിയവ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുവാൻ ആളുകളെ നിർബന്ധിക്കുന്നു. 


വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണത്തിൽ ഫോസിൽ ഇന്ധനങ്ങൾക്കാണ് മുഖ്യ റോൾ. ഒരു ലിറ്റർ പെട്രൂൾ കത്തുമ്പോൾ 2.68 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡും ഡീസലിൽ നിന്നും 2.31 കി.ഗ്രാമും LPG യാണെങ്കിൽ 1.5 കിലോയും അന്തരീക്ഷത്തിൽ എത്തും.( വാഹന നിർമ്മാണത്തിലും മറ്റുമായി ഉണ്ടാകുന്ന കാർബൺ പാദമുദ്രകൾ മറ്റൊരു പ്രധാന വിഷയമാണ്). ബസ്സുകൾ ഒരു ലിറ്ററിൽ 4 കി.മീ. ശരാശരി ഓടുന്നു.. കാറുകളുടെ ശരാശരി 12 ഉം ഇരു ചക്രങ്ങളുടേത് 40 കി.മീറ്ററുമാണ്. സംസ്ഥാത്തെ പ്രതിദിന വാഹന ഉപയോഗത്തിൽ നിന്നും 45000 ടൺ കാർബൺ അന്തരീക്ഷത്തിലെത്തുന്നു എന്ന് കണക്കു കൂട്ടാം. വാഹനങ്ങൾ പുറം തള്ളുന്ന സൾഫർ, കാർബൺ, നൈട്രജൻ മുതലായവയുടെ ഓക്സൈഡുകൾ, കാർബൺ മോണോക് സൈഡ് മുതലായ വാതകങ്ങൾ മാരക രോഗങ്ങൾക്കു കാരണമാകാറുണ്ട്.


2018ൽ  പ്രകൃതി ദുരന്തത്താൽ ഏറ്റവുമധികം മരണവും മറ്റു ദുരിതങ്ങളും ഏറ്റു വാങ്ങിയവരാണ് മലയാളികൾ . പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങളാൽ  രൂക്ഷമായ  പ്രതിസന്ധികളിലൂടെ കടന്നു പോകാൻ സാധ്യതയുള്ള  കേരളത്തിന്റെ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിൽ  വാഹനങ്ങളിലൂടെയുള്ള  കാർബൺ പുറന്തള്ളൽ നിയന്ത്രിക്കേണ്ടതുണ്ട്. റോഡിനേക്കാൾ അഞ്ചിലൊന്നു മുതൽ പത്തിലൊന്നു വരെ മാത്രം കാർബൺ ബഹിർ ഗമനമുള്ള റെയിൽവേയുടെ ലഭ്യതക്കുറവ് (ഏറ്റവും കുറച്ചു മാത്രം കാർബൺ പാദമുദ്രയുളളതാണ് ജല ഗതാഗതം ) വൈദ്യുതിയിലോടുന്ന വാഹന ലോകത്തേക്ക്  എത്തുവാൻ നമ്മെ  നിർബന്ധിക്കുന്നു.ഇവിടെയാണ് പാെതു വാഹനങ്ങൾ തന്നെ ആദ്യഘട്ടത്തിൽ  കാർബൺ രഹിതമായിമാറേണ്ടതിന്റെ  ആവശ്യകതയെ  പരിഗണിക്കേണ്ടത് .


സംസ്ഥാനത്തെ  പ്രധാന പാെതുമേഖലാ സംവിധാനമായ KSRTC പ്രതിസന്ധി കളിലൂടെ കടന്നു പോകുകയാണ്. വാഹനത്തിന്റെ വർദ്ധിച്ച ചെലവുകളിൽ  ഡീസൽ വില പ്രധാന പങ്കുവഹിക്കുന്നു.. നിലവിൽ ഒരു കി.മീ.ബസ്സ് ഓടിക്കുവാൻ 31 രൂപയിലധികമാണ് ചെലവ്.  ഒപ്പം കാർബൺ ബഹിർഗമനം മറ്റൊരു കീറാ മുട്ടിയായിട്ടുണ്ട് .വൈദ്യുതിയിലാേടുന്ന ബസ്സിന്റെ ഒരു. കി.മീറ്ററിലെ ചെലവ് 6 രൂപ മാത്രവും. (ഒന്നര യൂണിറ്റ് വൈദ്യുതി കൊണ്ട് ഒരു കി.മീ.വാഹനമോടും.) വർദ്ധിച്ച നടത്തിപ്പ് ചെലവിനാൽ ബുദ്ധിമുട്ടിലായ KSRTC ക്കും ഒപ്പം പരിസ്ഥിതിക്കും ഗുണപരമായി തീരുന്ന വൈദ്യുതിയിലോടുന്ന വാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുവാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്.  സർക്കാർ ഉടമസ്ഥതയിലെ Kerala Auto Ltd ( ഓട്ടോ റിക്ഷാ നിർമ്മാണ യൂണിറ്റിൽ ) നിന്നും വൈദ്യുതിയിലോടുന്ന വാഹനങ്ങൾ  ഇറക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി ക്കഴിഞ്ഞു. നോർവ്വേ, ഡെൻമാർക്ക്,  സ്വിറ്റ്സർ ലാന്റ് മുതലായ രാജ്യങ്ങൾ അധികമായി വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്നു. വൈദ്യുതി ഉൽപ്പാദനം കാറ്റാടിയിൽ നിന്നും സൗരോർജ്ജത്തിൽ നിന്നുമാക്കി കൊണ്ട്   യാത്രകളെ കാർബൺ ബഹിർ ഗമന രഹിതമാക്കുന്ന മാതൃക തീർക്കുന്നതിൽ നേരത്തേ പരാമർശിച്ച രാജ്യങ്ങൾ പടിപടിയായി വിജയം വരിക്കുന്നുണ്ട്.


കേരളത്തിന്റെ പരിസ്ഥിതിക പ്രതിസന്ധികൾ  പരിഹരിക്കുവാൻ നിർബന്ധിതമായ  ഇന്നത്തെ സാഹചര്യങ്ങളിൽ ,ഫോസിൽ രഹിത വാഹനങ്ങളുടെ  സാന്നിധ്യം രാജ്യത്തിന് മാതൃകയാകും വിധം മെച്ചപെടേണ്ടതുണ്ട്. ഒപ്പം നമ്മുടെ കാടുകൾക്കും  കടലിനും തോടുകൾക്കും പാടങ്ങൾക്കും സുരക്ഷിതമായ  ഇടമായിരിക്കട്ടെ കേരളം

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment