പുതുവൈപ്പിനിലെ സമരം ജനാധിപത്യത്തെ  തിരിച്ചു പിടിക്കലിന്റെ ഭാഗമാണ്




ആണവ നിലയം, സൈലന്റ് വാലി, SEZ, 45 മീറ്റർ പാത, വല്ലാർപാടം, നീറ്റാ ജലാറ്റിൻ, വിമാനത്താവളങ്ങൾ, പൈപ്പ്ലൈൻ, വിഴിഞ്ഞം അങ്ങനെ ഓരോന്നും നാട്ടിൽ സ്വപ്ന പദ്ധതിയായി അവതരിപ്പിക്കുകയും അതു കേരളത്തെ ദുരിതത്തിലെത്തി ക്കുകയുമാണ്. ജനങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതികളെ എതിർക്കുന്നവരെ രാജ്യ ദ്രോഹികളായി കണ്ട് മുദ്രകുത്തുവാൻ UAPA യും കാപ്പയും മറ്റും നാട്ടിൽ സജ്ജീവമാണ്.


കൊച്ചി ആഗോളവൽക്കരണ കാലത്തെ ഇന്ത്യൻ വികസനത്തിന്റെ  ഗുണ/ ദോഷ വശങ്ങൾ  മനസ്സിലാക്കുവാൻ പറ്റിയ  നഗരമായി മാറിയിട്ടുണ്ട്. രാജ്യത്തെ എറ്റവും വലിയ  വ്യാപാര സമുച്ചയം , വിമാനത്താവളത്തോടെ ചേർന്ന് ഗോൾഫ് കോർട്ട്, രണ്ടു വർഷം കൂടുമ്പോൾ ബിനാലെ, സർക്കാർ Sponsored കച്ചവട മാമാങ്കം, ശോഭാ സിറ്റി, DLF മുതലായ നിയമങ്ങളെ വെല്ലുവിളിച്ചു വരുന്ന കെട്ടിട സമുച്ചയങ്ങൾ, കെട്ടുവള്ളങ്ങൾ, ടോൾ പിരിക്കുന്ന റോഡുകൾ., മെട്രോ. പൊളിച്ചുമാറ്റുവാൻ യോഗ്യത നേടിയ നിരവധി അംബര ചുംബികളായ കെട്ടിടങ്ങൾ. വിഷലിപ്‌തമായ കടൽ കായൽ തീരങ്ങൾ, ചപ്പു ചവറുകൾ കൊണ്ട് ശ്വാസം മുട്ടി മരിച്ച കനാലുകൾ, മാലിന്യ സംസ്ക്കരണത്തിന് ഉത്തരം കിട്ടാതെ വിഷലിപ്തമായി തീരുന്ന മെട്രോ ചില കച്ചവടക്കാരെ മാത്രമാണ് സന്തോഷിപ്പിക്കുന്നത്.


കണ്ണഞ്ഞിപ്പിക്കുന്ന പ്രഖ്യാപനങ്ങളിലൂടെ എത്തിയ വല്ലാർപാടം ടെർമിനൽ, അതിലേക്ക് നീളുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ തീവണ്ടിപ്പാലം. അതിന്റെ പേരിൽ വീടു നഷ്ടപ്പെട്ട 370 ലധികം കുടുംബങ്ങൾ ഇന്നെവിടെയാണ് എന്നു പോലും ഭരണകർത്താക്കൾ അന്വേഷിക്കുന്നില്ല.


നീണ്ടു നിവർന്നു കിടക്കുന്ന വല്ലാർപാടം പാലം കടന്ന് എളങ്കുന്നപ്പുഴ  പഞ്ചായത്തിലെത്തിയാൽ അവിടുത്തെ  ജനങ്ങൾ രണ്ടു വർഷമായി മറ്റൊരു സമരത്തിലാണ് എന്നു മനസ്സിലാക്കാം. ഇവിടെ മറ്റൊരു വികസന ലോകം തീർക്കുവാൻ  സർക്കാർ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന്റെ പേരാണ് LPG  നിറക്കൽ പ്ലാന്റ്. കടലിൽ ചെന്നവസാനിക്കുന്ന വിശാലമായ തറയിൽ 500  ലോറി സിലണ്ടറുകൾ ദിനംപ്രതി നിറക്കുകയാണ് ഫാക്ടറി ലക്ഷ്യം വെയ്ക്കുന്നത് 


നിലവിൽ കേരളത്തിന്റെ സിലിണ്ടർ ആവശ്യം 6.7 ലക്ഷം.ton വരും. കൊച്ചിൻ റിഫൈനറിയിലെ സ്വകാര്യം 60 ലക്ഷം ton ആയിരുന്നു. ഇപ്പോൾ capacity വീണ്ടും കൂട്ടി 1.6 കോടി ton ആക്കിയിട്ടുണ്ട്. 60000  ആളുകൾ തിങ്ങിപ്പാർക്കുന്ന പുതുവൈപ്പിൻ  പ്രദേശത്ത്, വിഷം തുപ്പുന്ന, വൻ തീപിടുത്ത സാധ്യതയുള്ള ഒരു സ്ഥാപനം എന്തു വികസനത്തെ പ്രതീക്ഷിച്ചു കൊണ്ട്  സ്ഥാപിക്കുവാനാണ് IOC ശ്രമിക്കുന്നത്?


2009  മുതൽ ഫാക്ടറി സ്ഥാപിക്കലിനെതിരെ പ്രതികാത്മക സമരം ചെയ്യുന്ന  ജനങ്ങൾ ഫെബ്രുവരി 16  മുതൽ റിലേ സമരത്തിലാണ്. രാവിലെ മുതൽ സമരപ്പന്തലിൽ 200 ലധികം സ്ത്രീകൾ എത്തിച്ചേരുന്നു. വൈകിട്ട് 5 മുതൽ സ്ക്വാഡ് പ്രവർത്തനങ്ങൾ, പ്രകടനം, വിശദീകരണ യോഗങ്ങൾ. അഹിംസാ മാർഗ്ഗത്തിലൂടെ നടത്തി വരുന്ന സമരത്തെ അടിച്ചമർത്തുവാൻ പലകുറി സർക്കാർ നടത്തിയ ശ്രമങ്ങൾ നടത്തിയിട്ടും ജനങ്ങൾ സമരം തുടർന്നു വരുമ്പോൾ അതിനെ കണക്കിലെടുക്കാതെ പ്ലാന്റിന്റെ പണി ഏകപക്ഷീയമായി തുടങ്ങുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. ജനങ്ങളെ അടിച്ചമർത്തുവാനായി 144 പ്രഖ്യാപിച്ച ഇടതുപക്ഷ സർക്കാർ ഒരു ഗ്രാമത്തിന്റെ ഉൽകണ്oകളെ പരിഗണിക്കുന്നില്ല. 


രാജ്യത്തെ തെറ്റായ വികസന നയങ്ങൾ  ജനങ്ങളുടെ ജീവിക്കുവാനുള്ള  അവകാശങ്ങളിൽ കടന്ന് കയറി അട്ടിമറി നടത്തുമ്പോൾ അതിനെതിരെ അണി നിരക്കലാണ് ജനാധിപത്യത്തിന്റെ  പ്രാഥമിക ധർമ്മം. പുതുവൈപ്പിനിലെ സമരം ജനാധിപത്യത്തെ  തിരിച്ചു പിടിക്കലിന്റെ ഭാഗമാണ്..


സമര പ്രവർത്തനങ്ങൾക്ക് അഭിവാദനങ്ങൾ

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment