തെരഞ്ഞെടുപ്പ്‌ പരിസ്ഥിതി സൗഹൃദമാക്കാൻ നിര്‍ദേശം; ഹരിതപെരുമാറ്റച്ചട്ടം നിലവിൽ വരും




തെരഞ്ഞെടുപ്പ് ആകുന്നതോടെ നഗരവും നാട്ടിൻ പുറങ്ങളും അരങ്ങ് വാഴുന്ന ഫ്‌ളെക്‌സുകൾക്കും പ്ലാസ്റ്റിക് കോടി തോരണങ്ങളും ചെറുതല്ലാത്ത പരിസ്ഥിതി ദോഷമാണ് ഉണ്ടാക്കുന്നത്.  പുന:ചംക്രമണം ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക്‌, പിവിസി വസ്തുക്കൾ തെരഞ്ഞെടുപ്പിൽ നിരോധിക്കുന്നത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. ഹരിതപെരുമാറ്റച്ചട്ട പ്രകാരം തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനം സ്വാഗതാർഹമാണ്.


ലോകസഭാ തെരഞ്ഞെടുപ്പ്‌ പരിസ്ഥിതി സൗഹൃദപരമായി നടത്തുന്നതിന്റെ ഭാഗമായി ഹരിതപെരുമാറ്റച്ചട്ടം നടപ്പില്‍ വരുത്തണമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുടെയും കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ ഉത്തരവിട്ടു. 


സ്ഥാനാര്‍ത്ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന്‌ പ്ലാസ്റ്റിക്‌, പിവിസി മുതലായ വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിന്‌ പകരം പുന:ചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിയ്‌ക്ക്‌ അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്‌തുക്കള്‍ മാത്രം ഉപയോഗിക്കണം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടിതോരണങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്‌, പിവിസി വിമുക്തമാക്കണം.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ കോട്ടണ്‍ തുണി, പേപ്പര്‍ തുടങ്ങിയ പുന:ചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വസ്‌തുക്കള്‍ മാത്രം ഉപയോഗിച്ച്‌ നിര്‍മ്മിക്കണം. നിരോധിത പ്ലാസ്റ്റിക്‌ വസ്‌തുക്കളും ഡിസ്‌പോസിബിള്‍ വസ്‌തുക്കളും പരമാവധി ഒഴിവാക്കണം. മാലിന്യം രൂപപ്പെടുന്നതിനുളള സാഹചര്യം ഒഴിവാക്കണം. 


പോളിങ്‌ ബൂത്തുകള്‍/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷന്‍ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക്‌ വസ്‌തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം. പോളിങ്‌ ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കുടിവെളളം മുതാലയവ കൊണ്ടുവരാന്‍ പ്ലാസ്റ്റിക്‌ ബോട്ടിലും കണ്ടെയിനറുകളും പരാമവധി ഒഴിവാക്കണം. 


ഹരിതകേരളം, ശുചിത്വമിഷന്‍ എന്നീ ഏജന്‍സികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്‌ടര്‍, ജില്ലാ, താലൂക്ക്‌ പഞ്ചായത്ത്‌ തലത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫെസിലേറ്റഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. പൊതു തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, സന്നദ്ധസംഘടനകള്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷന്‍ ക്യാമ്പയിൻ മെറ്റീരിയലുകള്‍ നീക്കം ചെയ്‌ത്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. 


തെരഞ്ഞെടുപ്പിന്‌ ഔദ്യോഗികമായി നല്‍കുന്ന ഫോട്ടോ വോട്ടര്‍ സ്ലീപ്‌ / രാഷ്‌ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ലീപുകള്‍ എന്നിവ പോളിങ്‌ ബൂത്തിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കണം. ഇവ ശേഖരിച്ച്‌ കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച്‌ സ്‌ക്രാപ്പ്‌ ഡീലേഴ്‌സിനു കൈമാറാനുളള നടപടികള്‍ ജില്ലാ കളക്‌ടര്‍മാര്‍ സ്വീകരിക്കുമെന്നും ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment