ആനക്കൂട്ടത്തില്‍നിന്നു വഴി തെറ്റിയ കുട്ടിയാന കോന്നിയിൽ




ആനക്കൂട്ടത്തില്‍നിന്നു വഴി പിരിഞ്ഞ വഴിക്കടവിലെ കുട്ടിയാനയെ കോന്നിയിലേക്കു മാറ്റി. മുത്തങ്ങയിലേക്കു കൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും മുത്തങ്ങ ആനപ്പന്തിയില്‍ കുട്ടിയാന പരിപാലനത്തിനു വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ കോന്നിയിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.


മുത്തങ്ങയിലേത് പ്രധാനമായും ആന പരിശീലനത്തിനായുള്ള ക്യാംപ് ആണ്. കുട്ടിയാനകളുടെ പരിപാലനവും പുനരധിവാസവും കോന്നിയിലാണു നടക്കുന്നത്. മുത്തങ്ങയെക്കാള്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ ഉള്ളതിനാലാണു കോന്നി തിരഞ്ഞെടുത്തത്. ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുക്കണമെന്നതിനാല്‍ ആദ്യം കോടനാട് ആനക്കൊട്ടിലിലെത്തിച്ച് ആവശ്യത്തിനു വിശ്രമം നല്‍കിയതിനു ശേഷമാണ് കോന്നിയിലേക്കു കൊണ്ടുപോയത്.


റോഡ് മാര്‍ഗം പ്രത്യേക വാഹനത്തിലാണ് ആനയെ കോന്നിയിലെത്തിക്കുക. കഴിഞ്ഞ ഒരു മാസത്തോളമായി ഈ ആനക്കുട്ടി വഴിക്കടവ് നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ പരിപാലനത്തില്‍ കഴിയുകയാണ്. മാര്‍ച്ച് 13നാണു വഴിക്കടവ് പുത്തരിപ്പാടത്തെ വനത്തോടു ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ കുട്ടിയാനയെ കണ്ടെത്തിയത്. ഒറ്റപ്പെട്ടു നടന്ന കുട്ടിക്കൊമ്പനെ പിടികൂടി ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാന്‍ പലതവണ വനപാലകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 


അമ്മയാന ഉപേക്ഷിച്ച കുട്ടിക്കൊമ്പനിപ്പോള്‍ നെല്ലിക്കുത്ത് ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെ ക്വാര്‍ട്ടേഴ്സിലാണിപ്പോള്‍ കുട്ടിയാനയുടെ ജീവിതം. വേനല്‍ ചൂടേറിയതോടെ ഫാനിട്ട് ഉഷ്ണം കുറയ്ക്കുന്നുണ്ട്. വെറ്റിനറി സര്‍ജന്‍മാരുടെ നിര്‍ദേശപ്രകാരം കൃത്യമായ സമയക്രമത്തില്‍ ഭക്ഷണവും മരുന്നും നല്‍കുന്നുണ്ട്. ഒപ്പം രണ്ടു നേരം കുളിയും. പ്രഭാതസവാരിയുമുണ്ട്


കുട്ടിയാനയ്ക്ക് ആരോഗ്യമില്ലാതിരുന്നതിനാല്‍ മറ്റ് ആനകള്‍ ഉപേക്ഷിക്കുന്നതാവാമെന്ന് കുട്ടിയാനയെ പരിപാലിച്ച വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്‍ പറഞ്ഞത്. ആനക്കുട്ടിക്കും കൂട്ടത്തോടൊപ്പം ചേരാന്‍ താല്‍പര്യമില്ലെന്ന മട്ടാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment