റവന്യൂവകുപ്പിന്റെ നടപടി പ്രഹസനമാകുന്നു; ഏനാത്ത് നിലം നികത്തൽ വ്യാപകം




ഏനാത്ത്: റവന്യൂ വകുപ്പിന്റെ നിർത്തിവെക്കൽ നോട്ടീസ് അവഗണിച്ച് ഏനാത്ത് മണ്ണടി റോഡിൽ ബിസ്മി സൂപ്പർ മാർക്കറ്റിന്റെ പിറകിൽ നിലങ്ങളും വെള്ളക്കെട്ടുകളും വ്യാപകമായി നികത്തുന്നു. അടൂർ താലൂക്കിൽ പതിവായ സംഭവത്തിൽ ഒടുവിലത്തേതാണ് മണ്ണടി റോഡിൽ. 20 സെന്റ് സ്ഥലമാണ് കരിങ്കൽ ഉപയോഗിച്ച് സംരക്ഷണഭിത്തികെട്ടി അടൂരിലെ ഉന്നത റവന്യൂ ഉദ്യോഗസ്ഥന്റെ ഒത്താശയിൽ നികത്തുന്നത്.


നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും നിരന്തര പരാതിയെ തുടർന്ന് ഏനാത്ത് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നിർത്തിവെക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നോട്ടീസ്  അവഗണിച്ച് വലിയ ഷീറ്റുകൾ മറച്ച് അന്നുരാത്രിതന്നെ  ടിപ്പർലോറികളിൽ തുടർച്ചയായി ഗ്രാവൽ എത്തിച്ച് നികത്തൽ തുടർന്നു. നെൽകൃഷി ചെയ്തിരുന്ന നെൽവയലുകൾ നികത്തി  നീരൊഴുക്ക് തടസപ്പെടുത്തി ബഹുനില മന്ദിരങ്ങളും റബ്ബർ മരങ്ങളും വച്ചുപിടിപ്പിച്ചിരിക്കുന്നതുമൂലം. കഴിഞ്ഞ രണ്ട് വെള്ളപൊക്കത്തിലും കല്ലടയാറ് കരകവിഞ്ഞ് മണ്ണടി റോഡ് പൂർണ്ണമായും മുങ്ങിയിരുന്നു. 


അടിയന്തിരമായി മണ്ണിട്ട് നികത്തിയ സ്ഥലം പൂർവ്വസ്ഥിതിയിലാക്കണമെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത അടൂർ ആർ. ഡി.ഒ യ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അരുൺ കെ. എസ് മണ്ണടിയും ആവശ്യപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment