ഇത് നിശ്ചയദാർഢ്യത്തിന്റെ വിജയം




നീതി ലഭിക്കാതെ പുറകോട്ടില്ലെന്ന അവരുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ മുട്ടുമടക്കാതിരിക്കാൻ ആവില്ല ഒരു സർക്കാരിനും. അവർ നടന്ന് കയറിയ ജീവിതത്തിന്റെ കരുത്തിന്റെ മുന്നിൽ, അവരുടെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ ഒടുവിൽ സർക്കാരും വഴങ്ങുകയായിരുന്നു. ദയാഭായി എന്ന മനുഷ്യ സ്‌നേഹി ഉറച്ച മരമായി അവരുടെ കൂടെ നിന്നതോടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം കൂടുതൽ ശക്തി പ്രാപിക്കുകയായിരുന്നു.


സമരം തുടങ്ങി അഞ്ച് ദിവസം കഴിയുമ്പോഴാണ് സർക്കാർ ഇവരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സമരക്കാരുമായി നടത്തിയ ചർച്ച വിജയമായതോടെ അമ്മാമാരും കുഞ്ഞുങ്ങളും നടത്തി വന്ന സമരം അവസാനിച്ചു. ദുരിത ബാധിതരുടെ മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു.


മുഖ്യമന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുന്നതായി സമര സമിതി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറിയിച്ചു. സമര സമിതി മുന്നോട്ട് വെച്ച 14 ആവശ്യങ്ങളും അംഗീകരിച്ചായിരുന്നു സമരം അവസാനിപ്പിച്ചത്. പ്ലാന്റേഷൻ പരിധിയിലെ 11 പഞ്ചായത്തുകളിലുള്ളവരെ മാത്രമേ ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുവെന്ന തീരുമാനം മാറ്റണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇതനുസരിച്ച് മറ്റ് 27 പഞ്ചായത്തുകളിലെയും മൂന്ന് മുൻസിപ്പാലിറ്റികളിലെയും അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാർ അംഗീകരിച്ചു.


2017 ൽ എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ 11 പഞ്ചായത്തുകളിലുള്ള 482 കുട്ടികളെ കൂടി മറ്റു പരിശാധനകൾ ഇല്ലാതെ തന്നെ പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമായി. ചില കുട്ടികൾക്ക് മെഡിക്കൽ പരിശോധനാ ദിവസങ്ങൾക്കിടെ നടന്ന ഹർത്താൽ കാരണം മെഡിക്കൽ ക്യാമ്പിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം അവരുടെ ആനുകൂല്യങ്ങൾ നഷ്ടമായെന്ന് പരാതിയുണ്ടായിരുന്നു. ഇവർക്ക് വേണ്ടി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തും.


എൻഡോസൾഫാൻ ബാധിതമേഖലകളുടെ അതിര് ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും.  മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ഇതിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. ഈ ആവശ്യം അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment