മന്ത്രിയുടേത് മനുഷ്യത്വരഹിതമായ പ്രസ്‌താവന; കെ കെ ശൈലജക്കെതിരെ എൻഡോസൾഫാൻ സമര സമിതി




എൻഡോസൾഫാൻ ദുരിതബാധിതരുടെ നീതി തേടിയുള്ള സമരത്തിനെത്തിയ കുട്ടികളെ പ്രദർശന വസ്തുക്കൾ എന്ന് പറഞ്ഞ മന്ത്രി കെ കെ ശൈലജക്കെതിരെ സമര സമിതി രംഗത്ത്. സർക്കാർ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ഒരു മന്ത്രിക്ക് എങ്ങനെയാണ് സമരത്തിനെത്തിയ കുട്ടികളെ പ്രദർശന വസ്തുക്കൾ എന്ന് പറയാൻ സാധിക്കുകയെന്നും സമരസമിതി ചോദിച്ചു. സമരവുമായി മുന്നോട്ട് പോകുമെന്നും സമര സമിതി അറിയിച്ചു.


ഇത് മനുഷ്യതരഹിതമായ നിലപാടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാഭായ് പറഞ്ഞു. ഇന്നലെ ചർച്ച നടത്തിയ മന്ത്രി ഇന്ന് സമരം എന്തിനാണെന്ന് എങ്ങനെ ചോദിച്ചു. ഇങ്ങനെ കുറച്ചു പേർ ജീവിക്കുന്നുണ്ടെന്ന് ഈ ലോകം അറിയണം. സമരം കുട്ടികളെ പ്രദർശിപ്പിക്കലല്ല. നാളെ കൂടുതൽ അമ്മമാരും കുട്ടികളും സമരത്തിനെത്തുമെന്നും ദയാഭായ് പറഞ്ഞു.


എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിനെതിരെ വിമര്‍ശനവുമായി നേരത്തേ ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും. സമരക്കാരുടെ ആവശ്യങ്ങൾ  സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു. 


നീതി തേടി, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 30 മുതലാണ് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഇന്നലെ സർക്കാർ വിളിച്ച ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.


പരിസ്ഥിതിക്കും ജന്തു ജീവ ജാലങ്ങൾക്കും ദോഷകരമായ എൻഡോസൾഫാൻ വിഷം അടിച്ച് ഒരു ജനതയെ നിത്യ രോഗികളാക്കിയിട്ട് വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും ഇതുവരെയും ഇവർക്ക് നീതി ലഭ്യമാക്കുന്നതിന് സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. ഈ അവസരത്തിലാണ് വീണ്ടും പട്ടിണി സമരവുമായി ഇവർ സെക്രട്ടറിയേറ്റ് പടിക്കലെത്തിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment