എൻഡോസൾഫാൻ: അമ്മമാരുടെ നിലവിളികൾ അവസാനിക്കുന്നില്ല; ജനുവരി 30 മുതൽ പട്ടിണി സമരം




ഒരു ജനതയെ മാനസികമായും ശാരീരികമായും എൻഡോസൾഫാൻ എന്ന വിഷം വേട്ടയാടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കരളലിയിക്കുന്ന ദുരന്തം നടന്നിട്ടും സർക്കാരുകൾ ഇപ്പോഴും കീടനാശിനി കമ്പനികൾക്ക് ഒത്താശ പാടുന്നു എന്നത് നെറികേടിന്റെ അങ്ങേയറ്റമാണ്. കൊടുക്കാമെന്ന് സമ്മതിച്ച നഷ്ടപരിഹാരങ്ങൾ പോലും നൽകാൻ ഇതുവരെയും തയ്യാറായിട്ടില്ല എന്നറിയുന്നിടത്ത് തന്നെ കാണാം ഈ ജനതയെ ഭരണകൂടങ്ങൾ നോക്കികാണുന്നത് എങ്ങിനെയാണെന്ന്. നിരോധസമയത്ത് സ്റ്റോക്ക് ഉണ്ടായിരുന്ന എൻഡോസൾഫാൻ ഇപ്പോഴും കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ ചോർന്നൊലിക്കുന്നുണ്ട്...

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എഴുതുന്നു...


നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ തുടരാൻ കാസറഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരായ അമ്മമാർ നിർബ്ബന്ധിക്കപ്പെടുകയാണ്. രണ്ട് പതിറ്റാണ്ടിലധികം കാലം നിശ്ശബ്ധ കൊലയാളി എൻഡോസൾഫാൻ കാസറഗോടൻ പരിസരങ്ങളെ വിഷ പൂരിതമാക്കാൻ അനുവദിച്ച ഭരണകൂടം മാപ്പർഹിക്കാത്ത അനീതി തുടരുമ്പോൾ , പൊതു സമൂഹം കുറ്റകരമായ നിസ്സംഗത ആവർത്തിക്കുമ്പോൾ അമ്മമാരുടെ മുന്നിൽ മറ്റെന്താണ് മാർഗ്ഗം ?
ഭരണകൂടങ്ങളോട് കലഹിക്കാതെ നിവൃത്തിയില്ലാതായിരിക്കുന്നു.  തങ്ങളുടെ തല്ലാത്ത കുറ്റം കൊണ്ട് ജീവിതം നഷ്ടപ്പെട്ടവരുടെ അതിജീവനം ഏറ്റെടുക്കാനുള്ള ബാദ്ധ്യതയിൽ നിന്നും സർക്കാറുകൾ പിൻവലിയുമ്പോൾ പോരാട്ട വഴികൾ അവർ തേടുന്നു.
സർക്കാർ തീരുമാനങ്ങളും സുപ്രീം കോടതി വിധിയും നടപ്പാക്കാനുള്ള ആർജ്ജവം കാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 30 മുതൽ അമ്മമാർ സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല പട്ടിണിസമരത്തിനിറങ്ങുകയാണ്. 


2017 ഏപ്രിൽ മാസത്തിൽ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ പരിശോധനയ്ക്കു വേണ്ടി ഏഴായിരത്തോളം അപേക്ഷകൾ കിട്ടിയതിൽ നാലായിരത്തി മുന്നൂറോളം പേർക്ക് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം കിട്ടി. 1905 പേരെ ദുരിതബാധിതരെ വിദഗ്ദ്ധ ഡോക്ടർമാർ കണ്ടെത്തിയെങ്കിലും 287 ആയി ചുരുക്കിയത് ആർക്കു വേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോൾ അമ്മമാരും കുട്ടികളും 2018 ജനുവരി 30 ന് പ്രതിഷേധവുമായി സെക്രട്ടറിയേറ്റിലെത്തി. അമ്മമാരുടെ  പ്രതിഷേധം കനത്തപ്പോൾ പുന:പരിശോധന നടത്തിയതിനെ തുടർന്ന് 77 പേരെ കൂട്ടിച്ചേർത്തു. അപ്പോഴും അർഹരായ കുട്ടികൾ പുറത്തു തന്നെ. ദുരന്തത്തിന്റെ അളവു കുറച്ച് കീടനാശിനി കമ്പനികളെ രക്ഷപ്പെടുത്തുകയെന്ന താല്പര്യമാണിവിടെ മറനീക്കി പുറത്തു വരുന്നത്. അർഹരായവരെ ഉൾപ്പെടുത്തുകയെന്നതത് സമരവേദിയിലെ മുഖ്യ ആവശ്യമാണ്.


2017 ജനുവരി 10ന് ഇന്ത്യയിലെ പരമോന്നത നീതിപീഠം ഇറക്കിയ വിധിയനുസരിച്ച് ലിസ്റ്റിൽ പെട്ട മുഴുവൻ പേർക്കും അഞ്ച് ലക്ഷം രൂപ മൂന്ന് മാസത്തിനകം നൽകേണ്ടതാണ്. ആജീവനന്ത ചികിത്സ നൽകാനും വിധിയിൽ പറയുന്നു. സർക്കാറിന്റെ പട്ടികയിൽ 6212 ദുരിതബാധിതരാണുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2010 ഡിസംബറിൽ നൽകിയ നിർദ്ദേശപ്രകാരം 1350 പേർക്ക് 5 ലക്ഷം രൂപയും 1315 പേർക്ക് 3 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. പകുതിയിലധികം പേർക്കും ധനസഹായം ലഭിച്ചില്ല. 2017 ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1318 ദുരിതബാധിതരിൽ 610 പേർക്ക് ചികിത്സയടക്കമുള്ള സഹായമൊന്നും നാളിതുവരെ ലഭിച്ചില്ല.


ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിലാണ് പെരിയ മഹാത്മ ബഡ്സ് സ്കൂൾ വിദ്യാർത്ഥിയും ദുരിതബാധിതനുമായ പതിനഞ്ചു വയസ്സുകാരന് മതിയായ ചികിത്സ കിട്ടാതെ ജീവൻ നഷ്ടമായത്. സാധാരണ വയറുവേദനയ്ക്ക് ചികിത്സ തേടി രാവിലെത്തന്നെ ജില്ലാ ആസ്പത്രിയിലെത്തിയ കുട്ടിയെ കിഡ്നി സംബന്ധമായ അസുഖമാണെന്നറിയിച്ച് വൈകുന്നേരത്തോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർമാർ റഫർ ചെയ്യുന്നു. മെഡിക്കൽ കോളേജ് പരിസരത്തു വെച്ചു തന്നെ ഛർദിയത്തുടർന്ന് മരണപ്പെടുന്നു. അസ്വാഭാവികത തിരിച്ചറിഞ്ഞ ഡ്യൂട്ടി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്താനുള്ള ഏർപ്പാട് ചെയ്യുകയായിരുന്നു. അപ്പൻറിസൈറ്റ്സ് പൊട്ടിയതാണ് കാരണമെന്നറിയുമ്പോൾ ജില്ലയിലെ ആരോഗ്യ സംവിധാനത്തിനു് എത്രമാത്രം സൂക്ഷ്മതയുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളു.  മെഡിക്കൽ കോളേജിന്റെ കാര്യം പോകട്ടെ ഒരു ന്യൂറോളിജിസ്റ്റിനെനെ നിയമിക്കാമെന്ന ഉറപ്പ് കടലാസിൽ തന്നെ കിടക്കുന്നു. ചികിത്സക്കു വേണ്ടി കടമെടുത്ത് ദുരിതത്തിനു മേൽ ദുരിതമനുഭവിക്കുന്നവർ ആയിരങ്ങളാണ്. എഴുതി തള്ളുമെന്ന തീരുമാനങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട് . 


തിരിച്ചടക്കാൻ കഴിയാത്തതിന്റെ പേരിൽ ആത്മഹത്യ നടന്നിട്ടും അധികാരത്തിന്റെ കണ്ണുകൾ തുറക്കാത്തത് ക്രൂരമായ മനോഗതിയുടെ പിൻബലമൊന്നു കൊണ്ടു മാത്രമാണ്. ദുരിതബാധിതരായ കുട്ടികൾക്ക്‌ ഒരാശ്വാസ കേന്ദ്രമാണ് ബഡ്സ് സ്കൂൾ, ഒപ്പം അമ്മമാർക്കും. അഞ്ച് വർഷം മുമ്പ് നബാർഡ് ഒന്നര കോടിയോളം രൂപ ആറ് ബഡ്സ് സ്കൂളുകൾക്ക് അനുവദിച്ചെങ്കിലും പെരിയ മഹാത്മ മാത്രമാണ് കെട്ടിടം പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. എന്നിട്ടും ബന്ധപ്പെട്ടവരുടെ ഉദാസീനത നിമിത്തം ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങൾ ഉരുമ്പെടുക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക്‌ ഇങ്ങിനെയൊക്കെ മതി എന്ന കാഴ്ചപ്പാടിലാണ് പ്രാദേശികതലം തൊട്ടുള്ള അധികാരികൾ. ഈ കുട്ടികളൊക്കെ ബാദ്ധ്യതയാണെന്ന മനസ്സുമായി നടക്കുന്നവരാണ് അധികാരം പങ്കിടന്നവരിലേറെയും.


2010 ഡിസംബർ 31 ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണയും പാലിക്കാൻ കഴിഞ്ഞിട്ടില്ല. എട്ടാഴ്ച കൊണ്ട് ചെയ്ത് തീർക്കാൻ ആവശ്യപ്പെട്ട സഹായധനം എട്ടുവർഷം പിന്നിടുമ്പോൾ പകുതി പേർക്കു പോലും ലഭിക്കാതെ പോയത് ഏത് ഉത്തരവാദിത്വത്തിന്റെ പേരിലാണ് ? 


പുനരധിവാസമേറ്റെടുക്കണമെന്ന ആവശ്യം എന്നും ചർച്ചകയിൽ അവസാനിക്കുന്നു. 2012 ൽ പി.കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിനു രൂപ മുടക്കി രണ്ടു ദിവസങ്ങളിലായി പുനരധിവാസമെങ്ങിനെയായിരിക്കണമെന്നതിൽ ശില്പശാല നടത്തിയതു മാത്രം മിച്ചം. ചർച്ചകൾ ഇനിയെത്ര കാലം വരെ എന്നറിയില്ല.


നഷ്ടപരിഹാരത്തിന് ട്രിബ്യൂണൽ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ ദൈർഘ്യമുണ്ട്. ഈയൊരാവശ്യത്തിന് തടയിടാൻ ജസ്റ്റീസ് രാമചന്ദ്രൻ നായരെ പഠനം ഏല്പിച്ച് ഭരണകൂടത്തിന്റെ ഇംഗിതം നടപ്പാക്കി. കഴിഞ്ഞ നിയമസഭയിൽ എം.എൽ.എ ആയിരുന്നപ്പോൾ ട്രിബ്യൂണലിനു വേണ്ടി സ്വകാര്യ ബിൽ അവതരിപ്പിച്ച ഇ.ചന്ദ്രശേഖരൻ അധികാരത്തിൽ സ്വാധീനമുള്ള മന്ത്രിയായിരുന്നിട്ടും മിണ്ടാട്ടമില്ലാത്തത് എന്തുകൊണ്ട് ?


2000 ൽ ഹൈക്കോടതിയുടെ സ്റേറക്ക് ശേഷം ജില്ലയിൽ എൻഡോസൾഫാൻ തളിച്ചിട്ടില്ല. നിരോധസമയത്ത് സ്റ്റോക്ക് ഉണ്ടായിരുന്ന എൻഡോസൾഫാൻ ഇപ്പോഴും കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ പെരിയ, രാജപുരം, ചീമേനി ഗോഡൗണുകളിൽ കിടക്കുന്നു. ചോർന്നൊലിക്കുന്ന സമയത്തെ പ്രതിഷേധത്തെ തുടർന്ന് 2012ൽ ഒരു ബാരലിൽ നിന്നും മറ്റൊരു ബാരലിലേക്ക് മാറ്റിയതിന്റെ അഞ്ച് വർഷത്തെ സുരക്ഷിത കാലയളവ് അവസാനിച്ചിട്ടും വ്യാകുലതകളൊന്നും ബന്ധപ്പെട്ടവർക്കില്ല . 2014 ജനുവരി 28ന് സർക്കാറുമായുണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥയനുസരിച്ച് മൂന്നു മാസം കൊണ്ട് നീക്കം ചെയ്ത് നിർവ്വീര്യമാമാക്കാനുള്ള ബാദ്ധ്യതയുണ്ടായിരുന്നു. കാറടുക്ക പഞ്ചായത്തിലെ പി.സി.കെ യുടെ കശുമാവിൻ തോപ്പിനകത്തെ കിണറിലിട്ട് മൂടിയ എൻഡോസൾഫാൻ തിരിച്ചെടുത്ത് പരിശോധിക്കുമെന്ന തീരുമാനവും നമ്മെ ഭരിക്കുന്നവർ മറന്നു പോയി. 2013 ലെ സർക്കാർ ഉത്തരവനുസരിച്ച് മാനദണ്ഡം നോക്കാതെ സൗജന്യ റേഷനും ബി.പി.എൽ കാർഡും അനുവദിച്ചെങ്കിലും ഇന്നതില്ല. 2200, 1100 എന്ന രീതിയിലാണ് മാസ സാന്ത്വന സഹായം ലഭിക്കുന്നത്. വികലാംഗ പെൻഷൻ കിട്ടുന്നവർക്ക് അത് കുറച്ചായിരിക്കും തുക നൽകുന്നത്. ഔദ്യോഗിക സംവിധാനങ്ങൾക്ക് എന്തൊരു ഉത്തരവാദിത്വം!


കുടുംബത്തിലെ ഒരംഗത്തിന് ജോലി നൽകണമെന്ന ആയിഷ പോറ്റി എം.എൽ.എ ചെയർപേഴ്സണായിട്ടുള്ള നിയമസഭാ സമിതിയുടെ നിർദ്ദേശം എങ്ങിനെ പരിഗണിക്കുമെന്ന് കണ്ടറിയണം.


വികസനത്തിന്റെ പേരിലാണ് കാസറഗോട്ടെ ജനത സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്നത്.  അമ്മമാർക്ക് ഉറക്കമില്ലാത്ത രാവുകളുടെ എണ്ണം കൂടുന്നു. എന്റെ മരണശേഷം ആര് സംരക്ഷണം ഏറ്റെടുക്കുമെന്ന ചോദ്യം ആവർത്തിക്കുന്നു. നിരോധനം വന്നിട്ട് രണ്ട് ദശകത്തോളമുക്കുമ്പോഴും ദുരിതം വിതറുന്ന ജന്മങ്ങൾ ഉണ്ടാകുന്നുവെന്നത് ആശങ്കയും ഭയവുമുണ്ടാക്കുന്നു. കാസറഗോടിനുണ്ടായ മാരകമായ മുറിവുണക്കാൻ ജനാധിപത്യ സംവിധാനത്തിന് ധാർമ്മികമായ ഉത്തരവാദിത്വമുണ്ട്. അവരത് ചെയ്യുന്നില്ലെങ്കിൽ നീതിബോധമുള്ള പൊതു സമൂഹം ക്രിയാത്മകമായ ഇടപെടലുകൾ ഏറ്റെടുക്കേണ്ടതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment