സർക്കാർ വാക്ക് പാലിക്കുക; എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടിണിസമരം ഇന്നുമുതൽ




വർഷങ്ങളുടെ ദുരിതങ്ങൾക്ക് അറുതിയില്ലാതെ ജീവിതം തള്ളിനീക്കുന്ന   ഒരു ജനത ഇന്ന് നീതി തേടി വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്ക് എത്തുന്നു. എൻഡോസൾഫാൻ എന്ന മാരക വിഷം ഒരു ജനതയുടെ മേൽ തെളിച്ച് അവരുടെ ജീവിതവും ജീവനും കവർന്നെടുത്തിട്ട് വർഷങ്ങളായെങ്കിലും അധികാരികളോ ജനപ്രതിനിധികളോ ഇനിയും ഈ 'വികസന ഇരകളുടെ' ജീവിതം കരയ്ക്കടുപ്പിക്കാനുള്ള കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. തുടർന്ന് വരുന്ന അവഗണയിൽ പ്രതിഷേധിച്ചാണ് നീതി തേടി അവർ വീണ്ടും ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ എത്തുന്നത്. 


2017 ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ 1905 പേർ ഉൾപ്പെടെയുള്ള മുഴുവൻ ദുരിതബാധിതരെയും പട്ടികയിലെപെടുത്തി സൗജന്യ ചികിത്സയും മാറ്റ് സഹായങ്ങളും അനുവദിക്കുക. 2011 -ൽ 1318 പേരെ കണ്ടെത്തി സർക്കാർ ഉത്തരവായെങ്കിലും 619 പേർക്ക് ഇനിയും യാധൊരു വിധ സഹായങ്ങളും ലഭിച്ചിട്ടില്ല. 


ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശകൾ  പൂർണമായി നടപ്പിലാക്കുക. 2010 ഡിസംബർ 31 ന് കേരള - കേന്ദ്ര സർക്കാരുകൾക്ക് നൽകിയ നിർദേശങ്ങൾ 8 ആഴ്ച കൊണ്ട് നാപ്പിലാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ല.


ആവശ്യമായ ചികിത്സ കാസറഗോഡ് ജില്ലയിൽ തന്നെ നടപ്പിലാക്കുക. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഏറെ രോഗബാധിതരുള്ള ഇവിടെ ഒരു ന്യൂറോളജിസ്റിനെ വെക്കാൻ പോലും നാളിതുവരെയും സർക്കാർ തയ്യാറായിട്ടില്ല. ഇവിടുത്തെ ദുരന്തബാധിതരെ എങ്ങിനെയാണ് ആരോഗ്യ വകുപ്പും സർക്കാരും അവഗണിക്കുന്നത് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.


ബഡ്‌സ് സ്‌കൂളുകൾ പണി പൂർത്തിയാക്കി തുറക്കുക. രോഗബാധിതരായ ഏറെ കുട്ടികൾ ഉള്ള മേഖലകളിൽ ബഡ്‌സ് സ്‌കൂൾ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. അഞ്ച് വർഷം മുൻപ് നബാർഡ് ഇതിനായി ഒന്നരക്കോടിയോളം രൂപ അനുവദിച്ചെങ്കിലും ഇതുവരെയും  ആധുനിക സൗകര്യങ്ങളോടെ തുടങ്ങാനായത് പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂൾ മാത്രമാണ്. ചിലയിടത് കെട്ടിടം പണി നടന്നെങ്കിലും മറ്റുസൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.


ഈ ആവാശയങ്ങളെല്ലാം ഉന്നയിച്ചാണ് എൻഡോസൽഫാൻ ദുരിതബാധിതർ വീണ്ടും സമരമുഖത്തേക്ക് കടക്കുന്നത്.   ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകുക, ദുരന്തത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക, പുനരധിവാസം നടപ്പിലാക്കുക, മുഴവൻ ഇരകൾക്കും സർക്കാർ ഉത്തരവിട്ടത് പ്രകാരമുള്ള BPL റേഷൻ കാർഡുകൾ അനുവദിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. ഇത്തവണ എങ്കിലും അധികാരികൾ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment