എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിലേക്ക് !




കാസർഗോഡ്‌ ജില്ലയിലെ എൻഡോസൾഫാൻ പീഡിതരുടെ ദുരിത ജീവിതത്തെക്കുറിച്ച് നാം പലതവണ ചർച്ച ചെയ്തിട്ടുണ്ട് . എന്നാൽ സർക്കാർ ഇപ്പോഴും മുഖം തിരിച്ചു നിൽക്കുകയാണ്.  നിരന്തരമായ  സമരങ്ങളിലൂടെ നേടിയെടുത്ത തുഛമായ അവകാശങ്ങൾ പോലും പ്രായോഗികമായി ലഭ്യമല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

 ദുരിത ബാധിതർക്ക് കടലാസിൽ എല്ലാ ചികിത്സാ സൗകര്യങ്ങളുമുണ്ട്. 

 സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 16 ആശുപത്രികളിൽ സൗജന്യ ചികിത്സ , മാസം തോറും  ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും വീടുകളിൽ ചെന്ന് നടത്തുന്ന  പരിശോധന എല്ലാമുണ്ട്. 

ഇപ്പോൾ കാസർഗോഡ് മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കി എന്ന് സർക്കാർ അവകാശപ്പെടുന്നു.

എന്നാൽ ആവശ്യമായ ചികിത്സക്ക് സർക്കാർ ആഫീസുകളും ആശുപത്രികളും കയറിയിറങ്ങി അപമാനിതരാകുന്ന അവസ്ഥയിലാണ് ഇന്ന് ദുരിത ബാധിതർ.

 ഉക്കിനടുക്ക എന്ന വിദൂര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജിൽ ആവശ്യമായ ഒരു സൗകര്യവുമൊരുക്കാതെ ന്യൂറോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ട്. പരിശോധന നടത്തണമെങ്കിൽ 100 കി.മീറ്ററിൽ അധികം ദൂരമുള്ള പരിയാരം മെഡിക്കൽ കോളേജിലേക്കയക്കും. അവിടെ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ പലപ്പോഴും ആഴ്ചകൾ കഴിഞ്ഞാണ് സ്കാൻ  പോലുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നത്. മംഗലാപുരത്തുള്ള ആശുപത്രികളിലേക്ക് പോകാനുള്ള അനുമതികൾ ലഭ്യമാകുന്നില്ല.
 ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ പോലുള്ള വിദഗ്ധ സ്ഥാപനങ്ങളിലേക്കു പോലും ചികിത്സാ അനുമതി ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ .
ഉദ്യോഗസ്ഥ തലത്തിലുണ്ടാക്കുന്ന സാങ്കേതിക കുരുക്കുകൾ മൂലം വിദഗ്ധ പരിശോധനയും  ചികിത്സയും ലഭ്യമാകണമെങ്കിൽ പല ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും .

ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിക്കപ്പെട്ട എൻഡോസൾഫാൻ വിക്ടിം റെമഡിയേഷൻ സെൽ പ്രവർത്തനരഹിതമായിട്ട് 16 മാസങ്ങളായി. മന്ത്രി ചെയർമാനായി പ്രവർത്തിക്കുന്ന സെൽ പുതിയ ഗവർമെന്റ് പുനസ്സംഘടിപ്പിക്കുന്നില്ല. പരാതികളും പരിഭവങ്ങളും പറയാനിടമില്ലാതെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരകൾ കൂടിയായി മാറിയിരിക്കുകയാണ് ദുരിത ബാധിതർ.

വീടില്ലാത്ത ദുരിത ബാധിതർ വീട്ടുവാടക പോലും കൊടുക്കാൻ ഗതിയില്ലാതെ അലയുമ്പോഴും സായി ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന എൻഡോ സൾഫാൻ ദുരിത ബാധിതർക്കായി നിർമ്മാണം പൂർത്തീകരിച്ച 40 ഓളം വീടുകൾ കഴിഞ്ഞ 3 വർഷമായി കാടുമൂടിക്കിടക്കുകയാണ്. അത് പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്യാൻ സർക്കാർ സന്നദ്ധമാകുന്നില്ല.

വർഷങ്ങൾക്ക് മുമ്പ് നടത്തിയ മെഡിക്കൽ കേമ്പുകളിൽ ദുരിത ബാധിതരായി കണ്ടത്തിയവരെ ( 2011 ൽ പട്ടികയിൽ പെടുത്തി സർക്കാർ ഉത്തരവിറക്കിയ 1318 പേരിൽ 610 പേരെ ഉൾപ്പെടുത്താൻ  തീരുമാനമെടുത്തെങ്കിലും ചികിത്സ പോലും നൽകുന്നില്ല. 2017 ൽ അർഹതയുണ്ടെന്ന് കണ്ടെത്തിയ 1031 ദുരിത ബാധിതരും ലിസ്റ്റിൽ നിന്ന് ഇപ്പോഴും പുറത്ത് തന്നെ.) ഉൾപ്പെടുത്താൻ സർക്കാർ സന്നദ്ധമാകുന്നില്ല.

  സർക്കാർ തീരുമാനമെടുത്ത മെഡിക്കൽ കേമ്പ് ആവശ്യമായ ചികിത്സ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ചു വീ ഴുമ്പോഴും സർക്കാർ നടത്താൻ  തയ്യാറാകുന്നില്ല.

ദുരിത ബാധിതർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി പിന്നീട് കോടതിയലക്ഷ്യ നടപടികൾ നേരിട്ടിട്ടും പൂർണമായും നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ല.

ഈ സാഹചര്യത്തിലാണ്
എൻഡോസൾഫാൻ ദുരിത ബാധിതരുടെ ചികിത്സാപ്രശ്നങ്ങൾ പരിഹരിക്കുക
വിക്ടിം റെമഡിയേഷൻ സെൽ പുനസ്ഥാപിക്കുക
നിർമ്മാണം പൂർത്തിയാക്കിയ വീടുകൾ അർഹതപെട്ടവർക്ക് വിതരണം ചെയ്യുക
മെഡിക്കൽ കേമ്പുകളിൽ പങ്കെടുത്ത അർഹരായവരെ ഉൾപ്പെടുത്തിലിസ്റ്റ് പരിഷ്കരിക്കുക. തീരുമാനിച്ച  മെഡിക്കൽ കേമ്പ് ഉടൻ നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരരംഗത്തേക്കിറങ്ങാൻ നിർബ്ബന്ധിക്കപ്പെട്ടിരിക്കുന്നത്.

2022 മാർച്ച് 1 ന് ചൊവ്വാഴ്ച കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ചേരുന്ന സംസ്ഥാന തല കൺവെൻഷനിൽ അടുത്ത ഘട്ട സമരത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കപ്പെടും.

എൻഡോസൾഫാൻ ദുരിത ബാധിതർക്കൊപ്പം കേരളം വീണ്ടും കാസർഗോഡേക്ക് എത്തുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment