കാസര്‍ഗോഡ് കളക്ടറേറ്റിന് മുന്നില്‍ എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിഷേധം




കാസർഗോഡ്: പെന്‍ഷന്‍ തുകയടക്കം ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുട നേതൃത്വത്തില്‍ കലക്‌ട്രേറ്റ് മാര്‍ച്ച്‌ നടത്തി. ദുരിതബാധിതരുടെ അവകാശങ്ങള്‍ അട്ടിമറിക്കാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡണ്ട് മുനീസ അമ്പലത്തറ പറഞ്ഞു.


പുതുവര്‍ഷാഘോഷങ്ങള്‍ക്കിടയില്‍ പ്രതിഷേധമറിയിക്കാന്‍ തന്നെയായിരുന്നു എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ എത്തിയത്. കാസര്‍ഗോഡ് കളക്ടറേറ്റിന് മുന്നില്‍ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. എന്റോസള്‍ഫാന്‍ സെല്‍ ജൂനിയര്‍ സൂപ്രണ്ടുമായി പിന്നീട് നടത്തിയ ചര്‍ച്ച വാക്കേറ്റത്തില്‍ കലാശിച്ചു. സാമൂഹ്യനീതി വകുപ്പാണ് പണം അനുവദിക്കേണ്ടത് എന്നാണ് അധികൃതരുടെ വിശദീകരണം. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ദുരിതബാധിതരുടെ തീരുമാനം.


ദുരിതബാധിതരെ ഇനിയും സമരത്തിലേക്ക് വലിച്ചിഴക്കാന്‍ അവസരം നല്‍കാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് മുനീസ ആവശ്യപ്പെട്ടു. സുബൈര്‍ പടുപ്പ്, ശിവകുമാര്‍ എന്‍മകജെ, രാജു ഒ ജെ, നളിനി സി വി, ചന്ദ്രാവതി കെ എന്നിവര്‍ സംസാരിച്ചു. ജമീല എം പി, മിസ് രിയ ബി, ശാന്ത കാട്ടുകുളങ്ങര, അരുണി ചന്ദ്രന്‍, സുമതി കെ, സമീറ കെ, സുബൈദ പി, ഗീത കെ, നസീമ മൗവ്വല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment