പ്രൊഫ. എസ് സീതാരാമന്‍ എന്ന പരിസ്ഥിതി സ്‌നേഹി വിടപറയുമ്പോൾ




പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു ഒരു പ്രകൃതി സ്‌നേഹി കൂടി വിടപറഞ്ഞിരിക്കുന്നു. പരിസ്ഥിതി, നദീസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. എസ് സീതാരാമന്‍ വിട പറയുന്നതിലൂടെ വലിയ ഒരു നഷ്ടമാണ് കേരളത്തിലെ പ്രകൃതിക്ക് സംഭവിക്കുന്നത്.


ഇന്നലെയായിരുന്നു (ബുധനാഴ്ച - 9/12/2020) ഡോ. എസ് സീതാരാമന്‍ അന്തരിച്ചത്.  രാവിലെ സമീപത്തെ കടയില്‍ നിന്ന് പാല്‍വാങ്ങി മടങ്ങുമ്പോള്‍ സ്‌കൂട്ടര്‍ നിയമന്ത്രണം വിട്ട് മറിഞ്ഞിരുന്നു. വീടിന് സമീപം ഗവ.ബോയിസ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപമുളള വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ കുഴഞ്ഞ് വീണു.


വെളളം കുടിച്ചപ്പോള്‍ ഉന്മേഷവാനായ അദ്ദേഹം വീട്ടിലേക്കതന്നെ പോയി .ആശുപത്രിയില്‍ പോകാമെന്ന് നാട്ടുകാര്‍ നിര്‍ബ്ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. 10 മണിയോടെ പത്രം വായനക്കായി വീടിന്റെ മുകള്‍നിലയിലേക്ക് പോയ അദ്ദേഹത്തെ ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ ചെന്നുനോക്കിപ്പോള്‍ കസേരയില്‍ നിന്ന് വീണ് കിടക്കുന്നതാണ് കണ്ടത് . ഉടന്‍ നജാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ സ്ഥാപകനും 20 വര്‍ഷത്തോളം സെക്രട്ടറിയുമായിരുന്നു. കേരള നദീ സംരക്ഷണ സമിതിയുടെ പ്രസിഡന്റുമായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പെരിയാര്‍ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്തിനടുത്ത് പോഷകനദിയായ മംഗലപ്പുഴയുടെ തീരത്ത് മണ്ണൊലിപ്പ് തടയുന്നതിനായി കൈക്കൊണ്ട വനവല്‍ക്കരണ പദ്ധതിക്ക് നേതൃത്വം വഹിച്ചു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അസംഖ്യം മരങ്ങളാണ് അദ്ദേഹം നട്ടുവളര്‍ത്തിയത്. ആലുവ ശിവരാത്രി മണപ്പുറത്തുള്ള കുട്ടിവനം അദ്ദേഹം നട്ടുപിടിപ്പിച്ചതാണ്. 


പെരിയാര്‍ നദിയില്‍ അനധികൃത മണലെടുപ്പിനെതിരെയും മലിനീകരണത്തിനെതിരെയും എന്നും മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു. പെരിയാറിനെ സംരക്ഷിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സര്‍ക്കാരിന് നല്‍കി. തീരദേശ പരിപാലന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സീതാരാമന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ആലുവയില്‍ ടൂറിസം വകുപ്പിന്റെ ഹോട്ടല്‍ ക്ലബ് 9 പൊളിച്ചു നീക്കിയത്. തീരദേശ പരിപാലന നിയമ പ്രകാരം രാജ്യത്ത് ഒരു കെട്ടിടം പൊളിക്കുന്നതും ആദ്യമായിരുന്നു. 


കൊച്ചി നഗരത്തിന്റെ ശ്വാസകോശമായ മംഗളവനം ഹൈക്കോടതിയുടെ പാര്‍ക്കിങ് ഏരിയ ആക്കുന്നതിനെതിരായ സമരത്തിലും സീതാരാമന്‍ ഉണ്ടായിരുന്നു. ആണവ നിലയത്തിനെതിരെയും പൂയംകുട്ടി, പാത്രക്കടവ് പദ്ധതികള്‍ക്കെതിരെയും സമരംചെയ്തു. ഏറ്റവും ഒടുവില്‍ ആനക്കയം പദ്ധതിക്കെതിരെയാണു സമരം നടത്തിയത്.


കാലടി ശ്രീശങ്കര കോളേജിലെയും ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിയിലേയും മുന്‍ അധ്യാപകനായിരുന്നു സീതാരാമന്‍. മൃതദേഹം ആശോകപുരം കാര്‍മെല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക മാറ്റി. വിദേശത്തുളള മക്കള്‍ എത്തിയശേഷം സംസ്‌കാരം നടത്തും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment