പരിസ്ഥിതി ആഘാത വിലയിരുത്തൽ കരടിൽ കേരളത്തിൻ്റെ നിലപാട് തിരുത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ




കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരുടെയും സംഘടനകളുടെയും അപ്പീൽ 
(An appeal from Environmentalists and Organisations in Kerala to the CM, MPs and MLAs asking for correcting the weak response of the State Govt to the #DraftEIA2020)


ആദരണീയനായ കേരള മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ മുഴുവൻ പാർലമെൻ്റ്, നിയമസഭാ സാമാജികർക്കും സമർപ്പിക്കുന്ന നിവേദനം.


വിഷയം:- കേന്ദ്ര സർക്കാറിൻ്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം. കേരളത്തിൻ്റെ നിലപാട് തിരുത്തണം.
          

കേന്ദ്ര സർക്കാറിൻ്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തോടുള്ള കേരള സർക്കാറിൻ്റെ പ്രതികരണം വളരെ ദുർബലമായിപ്പോയി എന്നു ഖേദപൂർവ്വം പറയട്ടെ. പരിസ്ഥിതി പ്രതിസന്ധികൾ മാനവരാശിയുടെ നിലനിൽപ്പിനെ തന്നെ ഗുരുതരമായി ചോദ്യം ചെയ്യുന്ന കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി കൂടിയുണ്ടായ അതിതീവ്ര മഴയും പശ്ചിമഘട്ട മലനിരകളിലെ തെറ്റായ ഭൂവിനിയോഗവും കേരളത്തിനും ഇന്ത്യയുടെ ഇതര പ്രദേശങ്ങൾക്കും തീരാദുരന്തവും ദുരിതവുമാണ് സമ്മാനിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും പുനസ്ഥാപനത്തിനും ഇനിയും മുന്തിയ പ്രാധാന്യം നൽകിയില്ലെങ്കിൽ , അത് വരും തലമുറയോടുള്ള അക്ഷന്തവ്യമായ അപരാധമായിപ്പോകും.


പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിന്ന് , അതിനായുള്ള നയങ്ങളും നിയമങ്ങളും നടപടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കരടു വിജ്ഞാപനത്തിൽ കാണുന്നത്. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ ലക്ഷ്യങ്ങളെയും അന്തസ്സത്തയെയും ആകെത്തകർക്കുന്ന വ്യവസ്ഥകൾ കരടു വിഞ്ഞാപനത്തിൽ ഉണ്ട്. അതിലുപരി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള യാതൊരു നിർദ്ദേശവും ഈ വിജ്ഞാപനത്തിൽ ഇല്ല . അതിനാലാണ് 2020ലെ കരടു വിജ്ഞാപനം പൂർണ്ണമായും പിൻവലിക്കണമെന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നതു്. ഈ സന്ദർഭത്തിൽ താഴെ പറയുന്ന മൂന്നു ആവശ്യങ്ങൾ ഞങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ മുഴുവൻ പാർലമെൻ്റ് - നിയമസഭാ സാമാജികരുടെയും മുമ്പാകെ വയ്ക്കുകയാണ്.


1-    2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരടു വിജ്ഞാപനം പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം- പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകപ്പിന്ന് കത്തയക്കണം.
2-     നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്തുന്നതിന്നായി പുതിയ വിജ്ഞാപനമോ നിയമമോ കൊണ്ടുവരാനായി ഒരു വിദഗ്ദ സമിതിയെ പ്രഖ്യാപിക്കണമെന്നും പ്രസ്തുത വിദഗസമിതിയുടെ റിപ്പോർട്ട് പാർലമെൻ്റും നിയമസഭകളും പഞ്ചായത്തുകളും ഗ്രാമസഭകളും പരിസ്ഥിതി -സാമൂഹ്യ സംഘടനകളും പൊതുസമൂഹവും ചർച്ച ചെയ്യണമെന്നും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട്  ആവശ്യപ്പെടണം .
3-      കേന്ദ്ര സർക്കാറിൻ്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരടു വിജ്ഞാപനം 2020നെക്കുറിച്ച് സംസ്ഥാന സർക്കാറിൻ്റെ നയം രൂപപ്പെടുത്തുന്നതിനും കേരളത്തിൽ നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുമായി പരിസ്ഥിതി വിദഗ്ദരും ശാസ്ത്രജ്ഞരും അടങ്ങിയ ഒരു വിദഗ്ദ സമിതി അടിയന്തിരമായി രൂപീകരിക്കണം.
          വരാനിരിക്കുന്ന തലമുറകളിൽ നിന്നും നാം കടം കൊണ്ട പ്രഥ്വിയെയും പ്രക്രുതി വിഭവങ്ങളെയും ആവാസവ്യവസ്ഥകളെയും കാലാകാലങ്ങളിൽ പരിപാലിച്ച് പരിപോഷിപ്പിച്ച് യഥാർത്ഥ അവകാശികൾക്ക് കൈമാറേണ്ട ധാർമ്മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം ഉള്ളവരാണ് ഓരോ പൌരനും ഭരണകൂടവുമെന്ന് വിനയത്തോടെയും സ്നേഹത്തോടെയും ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ.


കോഴിക്കോട്
18-08-2020


ബി.സുഗതകുമാരി , 
പ്രഫ: എം.കെ.പ്രസാദ് , 
ഡോ: വി.എസ്സ്. വിജയൻ , ടി.പി.പത്മനാഭൻ ( സീക്ക് - പയ്യന്നൂർ) , 
പ്രഫ: എ.ബിജുകുമാർ ( യൂണിവേഴ്സിറ്റി ഓഫ് കേരള) ,
പ്രഫ: കസുമം ജോസഫ് (എൻ.എ.പി.എം) , 
ടോണി തോമസ്സ് (ഒൺ എർത്ത് ഒൺലൈഫ്) , 
എൻ.ബാദുഷ (വയനാട് പ്രകൃതിസംരക്ഷണ സമിതി) ,
എസ്സ്.ഉഷ (തണൽ) , 
എസ്സ് അനിത (ട്രീ വാക്ക് - തിരുവനന്തപുരം) ,
എസ്സ്..പി.രവി (ചാലക്കുടിപ്പുഴ സംരക്ഷണ സമിതി. ),
ആർ.ശ്രീധർ  (സേവ് ഔർ റൈസ് ക്യാമ്പയിൻ) 
ഭാസ്കരൻ വെള്ളൂർ (പരിസ്ഥിതി ഏകോപന സമിതി 'കണ്ണൂർ) ,
കെ.രാജൻ (പരിസ്ഥിതി ഏകോപന സമിതി) 
അഡ്വ.എൽ.നമശ്ശിവായൻ (കെ.എൻ.എച്ച്.എസ്സ്) , 
സത്യൻ മേപ്പയ്യൂർ (എം.എൻ.എച്ച്.എസ്സ്) ,
ജോൺ പെരുവന്താനം (പശ്ചിമഘട്ട ഏകോപന സമിതി) ,
 പുരുഷൻ ഏലൂർ (പെരിയാർ മലിനീകരണ വിരുദ്ധ സമിതി) ,
എം.എൻ.ജയചന്ദ്രൻ (പരിസ്ഥിതി സമിതി) , 
എസ്സ്.ഉണ്ണിക്കൃഷ്ണൻ (റിവർ റിസർച്ച് സെൻറർ - തൃശ്ശൂർ) ,
കെ .സുലൈമാൻഫ്രയർ ഫ്രീ ഫോറസ്റ്റ് ) , 
ജയപ്രകാശ് (നിലമ്പൂർ പ്രകൃതി പoന കേന്ദ്രം) , 
പി.സുന്ദരരാജ് (മലപ്പുറം) , 
റഹീം തലനാട് (കോട്ടയം )
വീണ എം,  തിരുവനന്തപുരം 

എൻ.ബാദുഷ , പ്രസിഡണ്ട് . വയനാട് പ്രക്രുതി സംരക്ഷണ സമിതി. സുബത്തേരി
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment