പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.എന്‍.കെ അഹമ്മദ് അന്തരിച്ചു




കണ്ണൂര്‍: പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനും നിരവധി ട്രസ്റ്റുകളിലെ അംഗവുമായ കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് (93) മരണപ്പെട്ടു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. യു.എ.ഇയിലെ അല്‍മദീന സൂപ്പര്‍ മാര്‍ക്കറ്റ്, പ്രമുഖ ഭക്ഷ്യോല്‍പാദന കമ്ബനിയായ പാണ്ട ഫുഡ്‌സ്, ജൂബിലി റസ്‌റ്റോറന്റ, ഹോട്ടല്‍ ഗ്രെയ്റ്റ് ജൂബിലി സുല്‍ത്താന്‍ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമാണ്.


കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍, നാറോളില്‍ അബ്ദുല്ലയുടെയും ന്തോലയില്‍ ഫാത്വിമയുടെയും മകനായി 1928ല്‍ വി. എന്‍. കെ ജനിച്ചത്. കടവത്തൂര്‍ വെസ്റ്റ്, തിരുവാല്‍ യു.പി സ്‌കൂളുകള്‍, മാഹി എം. എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. 1944ല്‍ കൊച്ചിയിലെ ബ്രിട്ടീഷ് നേവിയില്‍ ഉദ്യോഗസ്ഥനായി. 1946ല്‍ അവിഭക്ത ഇന്ത്യയിലെ കറാച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.


ബ്രിട്ടീഷ് നേവിയില്‍ നിന്ന് രാജിവെച്ച്‌, കറാച്ചിയില്‍ പ്രസിദ്ധമായ മലബാര്‍ ടി കമ്ബനി ആരംഭിച്ചു. 1977ല്‍ യു.എ.ഇ യിലെത്തി, ദുബൈ ദേരയില്‍ ആദ്യത്തെ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിച്ചു. 1996ല്‍ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ജൂബിലി കോംപ്ലക്‌സ്, ജൂബിലി റസ്‌റ്റോറന്റ് എന്നിവ ആരംഭിച്ചു. 1989ല്‍ പാണ്ട ഫുഡ്‌സിന് തുടക്കം കുറിച്ചു. ഷാന്‍ ഗാര്‍മെന്റ്‌സ് തലശേരി (1996), സല്‍വ ഫുഡ്‌സ് ബാംഗ്ലൂര്‍ (1986), കസ്തൂരി ഭവന്‍ റസ്റ്റാറന്റ്, എലൈറ്റ് ബേക്കറി കോയമ്ബത്തൂര്‍ എന്നിവയുടെ സ്ഥാപകനാണ്. വയനാട് കൃഷ്ണഗിരിയിലെ ബുള്‍ബുള്‍ പ്ലാന്റേഷനാണ് മറ്റൊരു സംരംഭം. മര്‍ജാന്‍ ബേക്കറി ഒമാന്‍, ഒഗസ്‌റ്റോ ബേക്കറി ബത്തേരി, സാരസി ടെക്റ്റയില്‍സ് തലശേരി, ക്രസന്റ് കൊയിലാണ്ടി, കോയാസ് റഫ്രിജറേറ്റര്‍, ഗ്രേറ്റ് എംപോറിയം ഷാര്‍ജ തുടങ്ങിയവയില്‍ പാര്‍ട്ണറാണ്.


ഏറെക്കാലമായി പരിസ്ഥിതി പ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം മുന്‍ കര്‍ണാടക മന്ത്രി ലളിതാ നായിക് പോലുള്ളവരെ ഉള്‍പ്പെടുത്തി നാച്വറല്‍ കണ്‍സര്‍വേഷന്‍ മൂവ്‌മെന്റ് രൂപീകരിച്ചു. റോഡരികില്‍ നിരവധി മരങ്ങള്‍ നട്ടുപിടിപ്പിച്ച വി.എന്‍.കെ അഹമദ്, വനവല്‍ക്കരണ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയുണ്ടായി. ഇവ്വിഷയകമായി അദ്ദേഹത്തിന്റെ നിരവധി അഭിമുഖങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.


ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും വിപുലമായ സുഹൃദ് ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്തു. ബഹുഭാഷാ പരിജ്ഞാനമുണ്ട്.


കടപ്പാട്: തേജസ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment