ഹരിത മതില്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം  




ദേശീയ സർക്കാരിൻ്റെ നഗര വനവൽക്കരണ പദ്ധതിയിൽ കേരളത്തിൻ്റെ പ്രത്യേകതകൾ മാനിച്ച് 10 ഹെക്ടറിൽ തായുള്ള വനവൽക്കരണത്തയും ഉൾപ്പെടുത്തണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടു. വിദ്യാലയ പരിസരത്തെ 10 സെൻ്റ് ഭൂമിയിൽ നടക്കുന്ന പദ്ധതിക്കും സാമ്പത്തിക പിൻതുണ ഉണ്ടാകണമെന്ന് കേരള വനം വകുപ്പ് മന്ത്രി വിശദീകരിച്ചപ്പോൾ, സംസ്ഥാനത്തെ 6 കോർപ്പറേഷനുകളിലും 10 ഹെക്ടർ (24.7 ഏക്കർ) വന വൽക്കരിക്കുവാൻ തക്ക സ്ഥലം ലഭ്യമല്ല എന്നു സൂചിപ്പിച്ചിരുന്നു. ജനസാന്ദ്രത കൂടുതലുള്ള കേരളം പക്ഷേ വനനശീകരണത്തിൽ ഒട്ടും പിന്നിലല്ല. 


ഒരു ഹെക്ടറില്‍ കുറയാതെ വിസ്തൃതിയുള്ളതും 10 ശതമാനമോ അതിലധികമോ വൃക്ഷങ്ങളോടു കൂടിയതുമായ പ്രദേശങ്ങളെയാണ് വനങ്ങളായി കണക്കാക്കുന്നത്. വന സാന്ദ്രതയ്ക്കനുസരിച്ച് വനത്തെ തരം തിരിക്കുന്നു. സാന്ദ്രത 70 ശതമാനമോ അതിലധികമോ ആയാല്‍ നിബിഡ വനമെന്നും (Dense Forest), 40 ശതമാനത്തിനോ  70 ശതമാനത്തിനോ ഇടയിലുള്ളവയെ ഇടത്തരം നിബിഡ വനം (Moderately Dense),10 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലുള്ള വന സാന്ദ്രതയെങ്കില്‍ അവ തുറസ്സായ വനമാണ് (Open Forest). 10 ശതമാനത്തില്‍ താഴെ വന സാന്ദ്രതയുള്ളവയെ കുറ്റിക്കാടുകളായി (Scrub) പരിഗണിക്കും. 


ഒരു ഹെക്ടറില്‍ താഴെ വിസ്തൃതിയുള്ള വൃക്ഷങ്ങളുടെ കൂട്ടത്തെയാണ് ട്രീ കവര്‍ എന്ന് വിളിക്കുന്നത്. വനേതര മരങ്ങളായ ഇവയെ വനത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താറില്ല. 2013 ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 3,146 ടq Km  ട്രീ കവറുണ്ടായിരുന്നെങ്കില്‍ 2015-ല്‍  2,951 ടq Km ആയി ചുരുങ്ങി.


മരുവത്കരണം ചെറുക്കുന്നതിനായുള്ള ഐക്യ രാഷ്ട്രസഭയുടെ പതിനാലാമത് സമ്മേളനത്തിന് ആതിഥ്യം വഹിച്ചത് ഇന്ത്യയായിരുന്നു. 197 രാജ്യങ്ങളില്‍നിന്ന് 9,000 പ്രതിനിധികള്‍ 2019 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 2030 ഓടെ 50 ലക്ഷം ഹെക്ടര്‍ വന ഭൂമി പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ നശിപ്പിക്കപ്പെട്ട വന ഭൂമിയുടെ ഏകദേശം 5 ശതമാനം മാത്രമേ അതു വരികയുള്ളൂ. ഭൂനശീകരണം, മരുഭൂമി വത്കരണം, വരള്‍ച്ച എന്നിവ തടയുന്നതിനായി 35 തീരുമാനങ്ങൾ അവിടെ ഉണ്ടായി. ഇവ പാലിക്കുവാൻ 197 രാജ്യങ്ങള്‍ക്കും നിയമപരമായ ബാധ്യതയുണ്ട്.


കാലാവസ്ഥാ വ്യതിയാനത്തെയും മരുഭൂമിവത്കരണത്തെയും നേരിടാന്‍ ഹരിത മതില്‍ (Great Green Wall of India) നിര്‍മ്മിക്കുവാന്‍ കേന്ദ്രം പദ്ധതിയിട്ടത് പാരീസ് പരിസ്ഥിതി സമ്മേളനത്തിൻ്റെ തുടർച്ചയായിട്ടാണ്. 1,400 Km നീളവും അഞ്ച് Km വീതിയുമുള്ള ഹരിത മതില്‍ ഗുജറാത്തിലെ പോര്‍ ബന്ദറില്‍ തുടങ്ങി രാജസ്ഥാനിലൂടെ ഹരിയാണയിലെ പാനിപ്പത്തുവരെ നീളുന്നതാണ് ഹരിത മതിൽ. ആഫ്രിക്കയില്‍ നടപ്പിലാക്കിയ 'ഗ്രേറ്റ് ഗ്രീന്‍ വാള്‍ ഓഫ് ആഫ്രിക്ക പദ്ധതിയുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഹരിത മതിലിന്റെ ലക്ഷ്യം വര്‍ധിച്ചു വരുന്ന കാലാവസ്ഥാ ദുരന്തങ്ങളും വനനശീകരണവും താര്‍ മരുഭൂമിയുടെ കിഴക്കോട്ടുള്ള വികാസവും തടയുക എന്നതാണ്. രാജസ്ഥാനില്‍നിന്ന് വീശിയെത്തുന്ന പൊടിക്കാറ്റിനെ നേരിടാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സഹായിക്കും. ശ്വാസ കോശത്തെ ബാധിക്കുന്ന PM Particle (particulate Mater) നിയന്ത്രണം ഇവിടെ പ്രധാനമാണ്. ആരവല്ലി മല നിരകളിലെ വന വത്കരണത്തിലൂടെ ലക്ഷ്യ മിടുന്ന ഗ്രീന്‍ ബെല്‍റ്റ്, നശിച്ച വന ഭൂമി പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നതോടൊപ്പം പശ്ചിമ ഇന്ത്യയിലെയും പാകിസ്ഥാനിലെയും മരുഭൂമികളിൽ നിന്നുള്ള പൊടിയെ നിയന്ത്രിക്കുവാൻ Great Green Wall of India ക്കു കഴിയുമെന്നാണ് പ്രതീക്ഷ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment