കണ്ടൽ കാടുകൾ നാശത്തിൻ്റെ വക്കിലായിട്ടും സംരക്ഷിക്കാതെ സർക്കാർ 




മലബാറുകാർ കണ്ടൽ എന്നും ബ്രാഹ്മണർ കണ്ടാറ്റോ എന്നും പോർച്ചുഗീസുകാർ Pao Salgado Macho എന്നും ബെൽജിയക്കാർ Runboom (കണ്ടേലെം) എന്നും വിളിക്കുന്ന ഈ സസ്യത്തിന് ഒരാൾ പിടിച്ചാൽ തക്ക വണ്ണമുള്ളതാണ്. 

                                                             
മലബാറിൻ്റെ പൂന്തോട്ടം (വാല്യം 6) 


328 വർഷം മുൻപ് മലബാറിൻ്റെ പൂന്തോട്ടം എന്ന പേരിൽ (Hortus Malabaricus) ആയുർവേദ പണ്ഡിതൻ ശ്രീ. ഇട്ടി അച്ചുതനും (രംഗ ഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് സഹായികൾ) ഡച്ച് മലബാർ ഗവർണ്ണർ ആയിരുന്ന Hendrik Van Rhedo ഉം ചേർന്ന് 16 വർഷം എടുത്തു തയ്യാറാക്കിയ (1678/1693) 12 അധ്യായങ്ങളുള്ള ഗ്രന്ഥത്തിലാണ് ഇത്തരമൊരു പരാമർശം ഉള്ളത്. പശ്ചിമ ഘട്ടത്തിലെ742 സസ്യങ്ങളെ ലാറ്റിൻ, മലയാളം, കൊങ്കിണി, അറബി, ആംഗലേയ ഭാഷയിൽ പരിചയപ്പെടുത്തുന്ന പുസ്തകത്തിൻ്റെ പുതിയ പതിപ്പ് (കേരള സർവ്വകലാശാല, 2003) ഡോ.K.S. മണിലാൽ പരിഭാഷപ്പെടുത്തി. 328 വർഷങ്ങൾക്കു മുൻപ് തയ്യാറാക്കിയ പുസ്തകത്തെ, 35 വർഷത്തെ തുടർച്ചയായ ശ്രമത്തിലൂടെയാണ് പ്രൊഫസർ മണിലാൽ മൊഴി മാറ്റം നടത്തി കേരളത്തിനഭിമാനമാകും വിധം അവതരിപ്പിച്ചത്.

 


മലബാറിൻ്റെ പൂന്തോട്ടത്തിൽ സംസ്ഥാനത്ത് 6 തരം കണ്ടലുകളെ പരിചയപ്പെടുത്തിയതിനൊപ്പം 200 വർഷങ്ങൾക്കു മുമ്പ് ഇത്തരം ചെടികൾ ഉണ്ടായിരുന്നതായി പരാമർശിച്ചു. കണ്ടൽ, കറി കണ്ടൽ, പോക്കണ്ടൽ, ചെറു കണ്ടൽ, പൂക്കണ്ടൽ, കർക്കണ്ടൽ എന്നിവയെ പറ്റി പറഞ്ഞ ശേഷം അവയുടെ ഉപയോഗങ്ങളെ പറ്റി വിവരിക്കുന്നു. മീൻ പിടിക്കൽ, തുണിക്കു നിറം നൽകൽ, തുകൽ ഊറയിടൽ, ലേപനം, കരൾ രോഗത്തിന് ചികിത്സ (White Liver) എന്നിവയായിരുന്നു ഉപയോഗങ്ങൾ.


300 വർഷങ്ങൾക്കു മുമ്പ് പഴയ കേരള ദേശത്ത് കണ്ടലുകൾ ഉണ്ടായിരുന്നു എന്ന് പുസ്തകം വിവരിക്കുമ്പോൾ 50000 വർഷങ്ങൾക്കു മുമ്പ് പശ്ചിമ ഘട്ടത്തിലെ ശുദ്ധ ജലത്തിൽ വളരുന്ന കണ്ടലുകളെ പറ്റി ആധുനിക സസ്യ ലോകം വിശദമാക്കുന്നു (Myristica Swamp )


അഴിമുഖങ്ങളിലും ചതുപ്പുകളിലും കായ ലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീര്‍ണമായ ആവാസ വ്യവസ്ഥകള്‍ ആണ് കണ്ടല്‍ കാടുകൾ. (Mangrove forest). 80 രാജ്യങ്ങളിലായി1.4 കോടി ഹെക്ടർ പ്രദേശത്ത് കണ്ടല്‍ കാടുകള്‍ ഉണ്ട്. ഉപ്പു വെള്ളത്തെ വേരിലുടെ അരിച്ചെടുക്കുവാനായി കണ്ടൽ കാടുകൾക്ക് സൂര്യ പ്രകാശം ഏറെ വേണ്ടതുണ്ട്. അതുകൊണ്ടാണ് അവ 25 N നും 25 S നുമിടക്കായി മാത്രം (Tropical and Sub Tropical) വളരുന്നത്. Halophytes എന്നു വിളിക്കുന്ന ഇത്തരം ചെടികളുടെ ഇലക്ക് (ഉപ്പു രസത്തെ പ്രതിരോധിക്കുവാൻ കഴിയുന്നവ) ഉപ്പിനെ വേർതിരിക്കുവാൻ കഴിവുണ്ട്.(Salt filtering gland) ഇവ Pneumatophore വിഭാഗത്തിൽപെടുന്നതിനാൽ കുറഞ്ഞ ഓക്സിജൻ അളവിൽ വളരുവാൻ കഴിയും.

 


ഇന്ത്യയുള്‍പ്പടെയുള്ള ഇന്തോ-പസിഫിക് മേഖലയിലും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രോ-അമേരിക്കന്‍ മേഖലയിലും കണ്ടൽ കാടുകൾ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ത്യയില്‍ കണ്ടു വരുന്ന 59 ജാതി കണ്ടല്‍ച്ചെടികളില്‍ 14 എണ്ണം കേരളത്തില്‍ വളരുന്നു. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേര്‍ത്താല്‍ ഏകദേശം 30 തരം ഇനങ്ങളെ തിരിച്ചറിയാം.


ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌ വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌ വനങ്ങൾ. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി പരന്നു കിടക്കുന്ന വനം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം  വനങ്ങൾ വളരുന്നതിനാലാണ്‌ അവക്ക് സുന്ദർ വനങ്ങൾ എന്ന പേരു വീണത്. പത്മ, ബ്രഹ്മ പുത്ര, മേഘ്ന എന്നീ നദികളുടെ സംഗമ പ്രദേശത്തിലാണ് സുന്ദർബൻ കണ്ടൽ കാടുകൾ സ്ഥിതി ചെയ്യുന്നത്. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്,10000 km ലായി വനം വ്യാപിച്ചു കിടക്കുന്നു. അതിൽ 6000 Sq.km ബംഗ്ലാദേശിലാണ് സ്ഥിതി ചെയ്യുന്നത്.അതിലൂടെ അനേകം നദികളും അരുവികളും കടന്നു പോകുന്നു. 


സുന്ദർബൻ ടൈഗർ റിസർവ് പ്രദേശത്തിന് 2585 ച.കി.മീ വിസ്തീർണമുണ്ട്. ഗംഗാ നദിയുടെ കൈ വഴിയായ പത്മ നദിയും ബ്രഹ്മപുത്രയും കൂടി ചേരുകയും പല ചെറു നദികള്‍, കൈ വഴികള്‍ ആയി പിരിഞ്ഞും കൂടിയും നൂറു കണക്കിന് ദ്വീപുകള്‍ രൂപപ്പെട്ടു. മണ്ണ് അടിഞ്ഞു കൂടി ഉണ്ടായ ചതുപ്പ് നിറഞ്ഞതും മണല്‍ പരപ്പുകള്‍ നിറഞ്ഞ ഭൂ പ്രകൃതിയും സമൃദ്ധമായ കണ്ടല്‍ കാടുകള്‍ കൊണ്ടു നിറഞ്ഞതും ആയ ഇവിടം മുന്നോറോളം ബംഗാള്‍ കടുവകളുടെ വാസ സ്ഥലമാണ്.കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് സുന്ദർബൻ.

 


ഇന്ത്യയില്‍ ഏകദേശം 6740 ചതുരശ്ര Km പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ട്. ഇതില്‍ 88 ശതമാനവും അന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ തീരപ്രദേശത്താണ്. 40 വര്‍ഷം മുന്‍പു വരെ കേരളത്തില്‍ 700 ചതുരശ്ര Km കുറയാത്ത പ്രദേശത്ത് കണ്ടലുകള്‍ വളര്‍ന്നിരുന്നു.ഇന്ന് 10 ച.Km താഴെയേ കണ്ടലുകള്‍ കാണപ്പെടുന്നുള്ളൂ.


Red Mangroves ഏറ്റവും അടുത്ത തീരത്തു വളരുന്നതിനാൽ അവക്ക് കട്ടി കൂടുതലാണ്. Black Mangroves തീരത്തു നിന്നും കുറച്ചുയർന്ന സ്ഥലത്തു കാണാം. അവയുടെ തടിക്ക് തവിട്ടു നിറം കൂടുതലും അധികം പ്രാണ വായു ലഭിക്കുന്നതുമാണ്.White Mangroves ന് വായുവിലേക്കുയർന്നു നിൽക്കുന്ന വേരുകൾ കുറവായിരിക്കും. മറ്റു രണ്ടു തരം കണ്ടൽകാടുകളേക്കാൾ ഉയർന്ന തട്ടിലാണ് White Mangroves വളരുന്നത്.


2015 മുതൽ ജൂലൈ 26 നെ കണ്ടൽ ദിനമായി പരിഗണിച്ച് യുനസ്കോ പരിപാടികൾ സംഘടിപ്പിക്കുന്നു. കടലാക്രമണത്തിനും മണ്ണാെലിപ്പിനും മത്സ്യ, പക്ഷി പ്രജനനത്തിലുമൊക്കെ നിർണ്ണായക പങ്കു വഹിക്കുന്ന കണ്ടൽ കാടുകൾ കേരളത്തിൽ നാശത്തിൻ്റെ വക്കിലായിട്ടും അതിൻ്റെ സംരക്ഷണത്തിൽ സർക്കാർ സംവിധാനം ആവർത്തിച്ചു പരാജയപ്പെടുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment