പെട്ടിമുടി സർക്കാരിനെ വേദനിപ്പിക്കാത്തതെന്തുകൊണ്ട് ?




കേരളത്തിലെ തോട്ടങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് എന്ന് കുറേ നാളുകളായി നമ്മുടെ സർക്കാർ പറഞ്ഞു കൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ പട്ടിണിയിൽ വ്യാകുലപ്പെടാതെ, കുത്തക കമ്പനികളുടെ അവസ്ഥയോട് സഹതപിക്കുന്ന ജനാധിപത്യ സർക്കാരാണ് (കുറഞ്ഞത്) കഴിഞ്ഞ 10 വർഷമായിട്ട് കേരളം ഭരിച്ചു വരുന്നത്. 


അവരെ സഹായിക്കുവാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍.


1. തോട്ടങ്ങളുടെ നികുതി എടുത്തു കളയും, (ഹെക്ടര്‍ന് 700 രൂപ) 

2. ലാഭ വിഹിതം കൊടുക്കേണ്ടതില്ല. (കൃഷിയിൽ നിന്നുള്ള വരുമാനത്തിൻ്റെ 70%)  ഭൂനികുതി കുറക്കും.

3. മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ സര്‍ക്കാരിനടക്കേണ്ട പണം ഒഴിവാക്കി. (senior age, sq meter 2500 രൂപ).

4. തോട്ടങ്ങളെ പശ്ചിമഘട്ടത്തിന്‍റെ നട്ടെല്ലായ Ecologically fragile land (EFL) നിയമത്തില്‍ നിന്നും ഒഴിവാക്കുവാന്‍ തീരുമാനിച്ചു.അതുവഴി 14000 ഹെക്ടര്‍ EFL നഷ്ടപെടുകയാണ്. Ecological Fragile Land കളെ സംരക്ഷിക്കുവാന്‍ ഉണ്ടാക്കിയ നിയമം15 വര്‍ഷം പിന്നിട്ടിരിക്കുന്നു. പ്രസ്തുത നിയമത്തിലൂടെ രക്ഷിക്കേണ്ട  ഒരടി ഭൂമി പോലും നിയമാനുശ്രുതമായി സംരക്ഷിക്കുവാന്‍ ശ്രമിക്കാതെ നിയമത്തെ തന്നെ അസാധുവാക്കി.

5. പ്രതിവര്‍ഷം 5000 ഹെക്ടര്‍ വന ഭൂമി കേരളത്തിനു നഷ്ടപെടുന്നുണ്ട്.അതിനായി ആവുന്നതെല്ലാം സർക്കാർ ഒരുക്കുകയാണ്. (1965 നു ശേഷം 9 ലക്ഷം ഹെക്ടര്‍ പശ്ചിമഘട്ട വനം വെളിപ്പിച്ചു കഴിഞ്ഞു.) 

 

 

സംസ്ഥാനത്ത് ഉരുൾ പൊട്ടൽ വ്യാപകമാണ്.പെട്ടി മുടി സാക്ഷ്യം വഹിച്ച ഉരുള്‍ പൊട്ടല്‍ 70ലധികം നിരപരാധികളുടെ മരണത്തിനു കാരണമായി.2001 ലെ അമ്പൂരിക്കു ശേഷം ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായി.സര്‍ക്കാർ സമീപനങ്ങളിൽ പുനര്‍ ചിന്തനം ഉണ്ടാക്കിയിട്ടില്ല. 

             
തോട്ടങ്ങളില്‍ ഏറെയും പാട്ട ഭൂമികള്‍.ലക്ഷങ്ങളുടെ(ഹെക്ടര്‍)റവന്യു ഭൂമിയും (ടാറ്റയുടെ മാത്രം കൈവശം1.5 ലക്ഷം) 60400 ഹെക്ടര്‍ വനവും അതിലുണ്ട്.അതില്‍ നിന്ന് എന്താണ് സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം ? 


1980 ലെ നിയമപ്രകാരം ഹെകടറിന് 3 രൂപ മുതല്‍ 10 വരെയായിരുന്നു പാട്ടത്തുക.  സര്‍ക്കാര്‍ പാട്ട തുക 100 ഹെക്ടറിന് മുകളിലുള്ള തോട്ടത്തിന് 1300 ഉം 25 മുതല്‍ 100 ഹെക്ടര്‍ വരെ 1000 രൂപ അതിനു താഴെ 750 രൂപ വരെയുമാക്കി.സര്‍ക്കാര്‍ നിയമം പറയുന്നത് വസ്തു വിലയുടെ 3% അല്ലെങ്കില്‍ വിള വരുമാനത്തില്‍ നിന്നും 70% (തെന്മലയില്‍ ഉള്ള ഹാരിസന്‍ തോട്ടം ഈ കണക്കു പ്രകാരം പ്രതി വർഷം 76000 രൂപ സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്).ടാറ്റാ ഉള്‍പെടെയുള്ളവർ  നിസ്സാര തുക പോലും നല്‍കാതെ പാട്ട വ്യവസ്ഥിതിയെ അട്ടിമറിച്ചു വരുന്നു. 


തോട്ടം തൊഴിലാളികളെ അവസ്ഥ : 

 

കേരള രൂപീകരണത്തിനു ശേഷം ആദ്യമായി തൊഴിലാളി സമരത്തില്‍ രണ്ടു രക്തസാക്ഷികള്‍ ഉണ്ടായത് മൂന്നാറില്‍ ആയിരുന്നു.സമരത്തിന്‍റെ തുടര്‍ച്ചയായി തൊഴിലാളികളുടെ അവകാശങ്ങള്‍ ഏറെ നേടിയെടുത്തു. എന്നാല്‍ പില്‍കാലത്തെ യൂണിയന്‍ നേതാക്കള്‍ തോട്ടം മുതലാളിമാരുടെ ദല്ലാള്‍ പണിക്കാരായി. പൊറുതി മുട്ടിയ സ്ത്രീ തൊഴിലാളികള്‍ (AITUC, CITU, INTUC നേതാക്കള്‍) തെരുവില്‍ ഇറങ്ങി .(പെമ്പളൈ ഒരു മൈ സമരം, 2015). ബോണസ്സ് കൊടുക്കുവാന്‍ മുതലാളിമാര്‍ക്ക് പാങ്ങില്ല എന്ന് പറഞ്ഞ നേതാക്കള്‍ അവസാനം പെമ്പളൈ ഒരുമൈ ഉയര്‍ത്തിയ ആവശ്യത്തിനൊപ്പം കൂടി സമരത്തെ അട്ടിമറിച്ചു. 500 രൂപാ വേതന ആവശ്യം 301 രൂപയില്‍ എത്തി.(റബ്ബര്‍ തോട്ടം വേതനം 381 രൂപയിലും).


ഇടതു സര്‍ക്കാര്‍ പ്രകടന പത്രികയില്‍ 500 രൂപ മിനിമം വേതനം എന്ന് ഉറപ്പു നല്‍കിയിട്ട് 50 മാസം പിന്നിട്ടു. തൊഴിലാളികളുടെ മിനിമം വേതനം 500 രൂപയാക്കി ഇതുവരെ കൂട്ടിയില്ല. അതുവഴി കഴിഞ്ഞ 50 മാസത്തിനിടയിൽ തൊഴിലാളികള്‍ക്ക് ഉണ്ടായ ആകെ നഷ്ടം 31250 കോടി രൂപ.(പ്രതിദിനം  തൊഴിലാളിക്ക് 100 രൂപ വെച്ച് നഷ്ടം കണക്കാക്കിയാല്‍ 25 ലക്ഷം തൊഴിലാളികള്‍ 25 ദിവസം*50 മാസം) 


ഇടതു സർക്കാരിൻ്റെ Progress report പുറത്തു വന്നു എന്നറിയുന്നു.എല്ലാം സുരക്ഷിതമാണെന്നും വാഗ്ദാനങ്ങളെല്ലാം പാലിച്ചെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.


പെട്ടി മുടിയിൽ നിന്ന് ഇപ്പോഴും ശവ ശരീരങ്ങൾ കണ്ടെടുക്കാനുണ്ട്. അതിൻ്റെ പുറകിൽ നിൽക്കുവാൻ മുഖ്യമന്ത്രിക്കോ ജില്ലയിൽ നിന്നുള്ള മന്ത്രിക്കൊ സമയമില്ല.


മാധ്യമങ്ങൾ പുതിയ വിഷയത്തിലേക്കു കടന്നു പോയി. പഴകിയ വാർത്തകളോട് അവർക്ക് ഒട്ടും തന്നെ ഹരമില്ല.


കണ്ണൻ ദേവൻ മുതലാളി സുരക്ഷിതമാണ്. അവരെ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്.


ഉയരം കൂടുന്തോറും ചായയുടെ രുചി കൂടുമെന്ന് മാലാേകരെ പഠിപ്പിച്ച സിനിമാ നക്ഷത്രം ജീവിത സമരത്തിൻ്റെ തിരക്കിലാണ്.


മന്ത്രിമാരുടെയോ MLA, MP, ത്രിതല പഞ്ചായത്തംഗങ്ങളുടേയോ ബന്ധുക്കളാരും മലയിടിച്ചിലിൽ മരണപ്പെട്ടില്ല. ആയതിനാൽ ജനാധിപത്യം അപകട അവസ്ഥയിലല്ല.


IAS മുതൽ Lower Division Clerk ൻ്റെയോ ബന്ധക്കാരുടെ ശവ ശരീരങ്ങൾ മണ്ണിനടയിൽ നിന്നും കണ്ടെത്തുവാനില്ല. പാർട്ടി നേതാക്കളും അവരുടെ സ്ഥാവര ജംഗമ വസ്തുക്കളും മഴയിൽ മണ്ണു മൂടി പോയിട്ടില്ല, ആയതിനാൽ കേരളം സുരക്ഷിതമാണ് .

 


ഉരുൾപൊട്ടൽ: ഒരു ഏക്കറിൽ ഉരുൾപൊട്ടലുണ്ടായാൽ ശരാശരി 10000 ടൺ Debris (മണ്ണും കല്ലും വെള്ളവും) 20 മുതൽ 50 Km വേഗത്തിൽ താഴെക്കു പതിക്കും. പെട്ടിമുടി എത്ര ഏക്കറുണ്ടായിരുന്നു ? എത്ര ലക്ഷം ടൺ മണ്ണാണ് പാവപ്പെട്ടവരുടെ ലയത്തിൻ്റെ (വീട്ടിലല്ല തോട്ടം തൊഴിലാളി താമസിക്കുക ) മുകളിലേക്കു പതിച്ചത്  എന്നു കേരളീയർ ഓർക്കുമോ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment