ജല സ്രോതസ്സുകൾ സംരക്ഷിക്കാത്ത പഞ്ചായത്തുകൾക്ക് വൻ ശിക്ഷ - ഭാഗം 2 




15 വർഷമായി കേരളത്തിലെ ഭൂഗർഭ ജലനിരപ്പ് വേഗത്തിൽ കുറയുകയാണ്. 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷവും വിഷയം രൂക്ഷമായി തുടരുന്നു. തിരുവനന്തപുരം ജില്ലയില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര എന്നിവയുള്‍പ്പെടെ 5 ബ്ലോക്കുകളില്‍ മൂന്നു മുതല്‍ ആറ് വരെ മീറ്ററാണ് ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് സ്ഥിതി രൂക്ഷം. ഇവിടെ 13 ബ്ലോക്കുകളില്‍ 1 മുതല്‍ 2 മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മൂന്ന് ബ്ലോക്കുകളിൽ 2 മീറ്റര്‍ വീതവും ഇടുക്കിയിലെ 4 ബ്ലോക്കുകളില്‍ 5 മീറ്റര്‍ വരെയും കുറവുണ്ടായി. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.


മഴയുടെ 6% മാത്രം ലഭിക്കുന്ന വേനൽക്കാലത്താണ് ഒരു കൊല്ലത്തെ വെള്ളത്തിൻ്റെ  (ആവശ്യകതയുടെ) 50% വേണ്ടി വരുന്നത്. കാല വർഷക്കാലത്ത് ജലലഭ്യത 68 %. ആ സമയത്തെ ഉപഭോഗം (വാർഷിക ഉപഭോഗത്തിൻ്റെ) 11% വുമാണ്. കേരളത്തിൽ ശരാശരി 3,000 മി.മീ. മഴ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ അധിക ഭാഗവും നാലു മാസങ്ങൾക്കുള്ളിലാണ് പെയ്തു തീരുന്നത്. മണിക്കൂർ അടിസ്ഥാനത്തിൽ ഒരു വർഷത്തിൽ 100 മണിക്കൂർ മാത്രമാണ് മഴ ലഭിക്കുന്നത്. ബാക്കി 8660 മണിക്കൂർ മഴ മാറി നിൽക്കുന്നു. 1,000 mm ൽ താഴെ മഴ ലഭിക്കുന്ന വടക്കൻ യൂറോപ്പിൽ കുടിവെള്ള ക്ഷാമം രൂക്ഷമല്ല. അവിടെ ഏതാണ്ട് 12 മാസവും തുടർച്ചയായി അൽപമായിട്ടാണെങ്കിലും മഴ ലഭിക്കുന്നു എന്നതാണ് കാരണം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും വിഷയത്തെ രൂക്ഷമാകുകയാണ്. (1000 ചതുരശ്ര അടിയുള്ള (92.9 ടq.m) മേൽക്കൂരയിൽ നിന്നും 3000 മി.മീ.മഴ ലഭിക്കുന്ന കേരളത്തിൽ, ഒരു വർഷത്തിനുള്ളിൽ 2.5 ലക്ഷം ലിറ്റർ ജലം കിണറിൽ എത്തുന്നു.)


1971-ൽ ഇറാനിലെ റാംസാറിൽ വെച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയടക്കം നൂറോളം രാജ്യങ്ങൾ പങ്കെടുത്തു. ഈ രാജ്യങ്ങളിലെ തലവന്മാർ ചേർന്ന് തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ലോകത്തെമ്പാടുമുള്ള തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനു വേണ്ടി അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു. ഈ ഉടമ്പടി പിന്നീട് ‘റാംസാർ’ കരാർ എന്ന് അറിയപ്പെട്ടു. ആ സമ്മേളനത്തിൽ പങ്കെടുത്ത ലോക നേതാക്കൾ  അതതു രാജ്യങ്ങളിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ കണ്ടെത്തുമെന്നും അവ സംരക്ഷിക്കപ്പെടാനുള്ള പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്നും ധാരണയുണ്ടാക്കി. ഇന്ത്യയെ പ്രധിനിധീകരിച്ച് പ്രകൃതി സ്‌നേഹിയായ ഇന്ദിരാഗാന്ധി സമ്മേളനത്തിൽ പങ്കെടുത്തു.


ഉപ്പു വെള്ളം ഉൾപ്പെടെ കായലോ, ശുദ്ധ ജലമോ, ഒഴുകുന്നതോ, നിശ്ചലമോ, സ്ഥിരമോ താൽക്കാലികമോ, കൃത്രിമമോ, സ്വാഭാവികമോ, ചതുപ്പോ, ജലനിരപ്പ് വേലിയിറക്കത്തിൽ ആറു മീറ്ററിൽ താഴെയാണെങ്കിൽ അത്തരം തടങ്ങളെ തണ്ണീർത്തടങ്ങൾ എന്നു വിളിക്കാവുന്നതാണ്. ദ്വീപുകളിലും കടലോരങ്ങളിലും തീരദേശങ്ങളിലും ആറു മീറ്ററിൽ കൂടുതലാണ് ജലനിരപ്പെങ്കിലും അവയെയും തണ്ണീർത്തടങ്ങളായി പരിഗണിക്കാം.


ഇന്ത്യൻ സർക്കാർ 2010-ൽ പുറത്തിറക്കിയ തണ്ണീർത്തട ഭൂപട പ്രകാരം, കേരളത്തിലെ ഉൾനാടൻ തണ്ണീർത്തടങ്ങളുടെ വിസ്തൃതി 1,17,122 ഹെക്ടറും തീരദേശ തണ്ണീർത്തടങ്ങളുടെ വിസ്തൃതി 40,876 ഹെക്ടറും ചെറുതണ്ണീർത്തടങ്ങളുടെ വിസ്തൃതി 2,592 ഹെക്ടറുമാണ്. കേരളത്തിന്റെ ആകെ തണ്ണീർത്തട വിസ്തൃതി (2010)1.60,590 ലക്ഷം ഹെക്ടർ വരും. പഴയ കാലത്ത് അതിൻ്റെ വ്യാപ്തി 3.32 ലക്ഷം ഹെക്ടറായിരുന്നു. ഏറ്റവും കൂടുതൽ തണ്ണീർത്തടങ്ങളുള്ളത് ആലപ്പുഴ ജില്ലയിലും (26,079 ഹെക്ടർ) രണ്ടാമതായി എറണാകുളം (25,065 ഹെക്ടർ), പിന്നെ കൊല്ലം ജില്ലയിലുമാണ്.(13,703 ഹെക്ടർ).


തുടരും


ഒന്നാം ഭാഗം വായിക്കാൻ:  http://greenreporter.in/main/details/ep-anil-editor-in-chief-writes-on-water-resources-protection-1597570316

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment