കോവിഡ് കാലത്തെ പൂങ്കാവനവും പമ്പാനദിയും 




ശബരിമല തീർത്ഥാടനം നടക്കുന്ന പെരിയാർ കടുവാ സങ്കേതത്തിൻ്റെ ബഫർ സോണുകളിൽ സ്ഥിതി ചെയ്യുന്ന18 മലകളിൽ പലതും 41 ദിവസത്തെ തീർത്ഥാടന കാലത്ത് ജന സാനിധ്യം കൊണ്ട് മുഖരിതമായിരുന്നു. എന്നാൽ കോവിഡ് കാലത്തെ തീർത്ഥാടന കാലം മറ്റൊരു അനുഭമാണ് നൽകുന്നത്. 50 വർഷത്തിനിടയിൽ  ആദ്യമായി സ്വാമിമാരുടെ കുറവുകൊണ്ട്  മലനിരകൾ നിശബ്ദമാണ്.


വിശ്വാസികളെ സമ്പന്ധിച്ച് മല ദൈവങ്ങൾ ഏറെയുള്ള നാടാണ് കേരളത്തിൻ്റെയും മറ്റു സംസ്ഥാനങ്ങളിലെയും പശ്ചിമ ഘട്ട നിരകൾ.സുന്ദർ ബൻ തീരങ്ങൾക്ക് കാളി ദേവീ പുരാണവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളുടെ സാന്നിധ്യമുണ്ട്.ആരവല്ലി നിരകളും ഹിമാലയവും ശിവ ദേവൻ്റെ വിശ്വാസ ഭൂമികയുമാണ്.ഇസ്ലാമിക വിശ്വാസി കളുടെ ഹീറ ഗുഹയും ക്രിസ്തു മതത്തിന് ഗോൽഗത്ത മലയും അതാതു വിശ്വാസികൾക്ക് വളരെ പ്രധാനമാണ്. പ്രകൃതിയുമായി അടുത്തു നിൽക്കുവാൻ ഏറെ ശ്രദ്ധിക്കു ന്ന മത വിശ്വാസികൾ ജന സംഖ്യയിൽ 99%ത്തിൽ കുറയാത്ത നാട്ടിൽ കാടും മലയും നിരന്തരമായി തകർക്കപ്പെടുമ്പോൾ അവർക്ക് നിശബ്ദരാകുവാൻ അവകാശമില്ല. എന്നാൽ പ്രകൃതിയെ അടിച്ചുടക്കുന്ന കാര്യത്തിൽ വിശ്വാസികളിൽ പലരും നേരിട്ടു പങ്കാളിത്തം വഹിക്കുകയാണ്. ഈ വൈരുധ്യത്തോടു നിശബ്ദരായിരിക്കുവാൻ മത നേതൃത്വങ്ങളും മടിക്കുന്നില്ല. 


925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പെരിയാര്‍ കടുവാസങ്കേതത്തിന്‍റെ നിര്‍ണ്ണായകമായ ബഫറിൽ സ്ഥിതി ചെയ്യുന്ന ശബരിമലയുടെ സ്വന്തം നദി പമ്പയുടെ വെള്ളമൊഴുക്ക് പടിപടിയായി കുറയുകയാണ് (പ്രതിവര്‍ഷം 8 cm തോതിൽ). 18 മലകൾ കൊണ്ട് ശ്രദ്ധ നേടിയ ശബരിമല കാടുകൾ ശോഷിക്കുന്നു എന്നു തെളിയി ക്കുന്നതാണ് പമ്പയുടെ ഇന്നത്തെ തളർച്ച.നദിയിലെ E.coli bacteria 100 ml വെള്ള ത്തില്‍ 3.5 ലക്ഷം എന്ന തോതിലുണ്ട്. (അനുവദിക്കപെട്ടത് 500). ഗംഗയെ പോലെ ഏറ്റവും കൂടുതല്‍ വിസര്‍ജ്ജ്യങ്ങള്‍ പേറുന്നു നദികളിളുടെ പട്ടികയിൽ മുന്‍ പന്തിയിലാണ് പമ്പ. അച്ചന്‍കോവില്‍,മണിമലയാര്‍ നദികളും സമാന ഗതിയിലാണ്. ഇവയിലൊന്നും പരിഭവം കാണിക്കാത്തവരാണ് ദേവസ്വം ബോർഡും സർക്കാരും രാഷ്ട്രീയ പാർട്ടികളും വിശ്വാസികളും. പ്രകൃതിയുടെ ഭാഗമായ മലയരയരുടെ ദേവനും ദേവൻ്റെ പൂങ്കാവനവും ശോഷിക്കുന്നതിൽ വ്യാകുലപ്പെടാത്ത അയ്യപ്പ ഭക്തരുടെ സംഘടനകൾക്ക് ശബരി മലയുടെ സ്വാഭാവികതയും പമ്പയുടെ കുളിർ മയും നില നിർത്തുന്നതിൽ കൈ കൊള്ളേണ്ട നിർദ്ദേശങ്ങളെ വിശ്വാസത്തിലെ കൈയ്യേറ്റമായി പരിഗണിക്കുവാനെ താൽപ്പര്യമുള്ളു. വന നിയമങ്ങളും കോടതിയും വിശ്വാസം നിറഞ്ഞു നിൽക്കുന്ന മലനിരകൾക്ക് ബാധകമല്ല എന്നു പറയുന്നവർ, യഥാർത്ഥത്തിൽ വിശ്വാസത്തിന് തന്നെ എതിരു നിൽക്കുകയാണ്.അവിടെ കൊറോണാ വൈറസ്സ് ഉയർത്തിയ ഭീതിക്കു മാത്രമാണ് എന്തെങ്കിലും ചെയ്യുവാൻ കഴിഞ്ഞത് എന്നാശ്വസിക്കാം. 


രാജ്യത്തെ കടുവാസങ്കേതങ്ങളില്‍ വെച്ച് നിരവധി പ്രത്യേകതകള്‍ ഉള്ള പെരിയാര്‍ വനത്തില്‍ 8 ലക്ഷം സന്ദര്‍ശകര്‍ പ്രതി വര്‍ഷം എത്തുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള രണ്ടാമത്തെ സംരക്ഷിത മേഖലയായ ഇവിടെ ഏറ്റവും കൂടുതൽ  ആനകളും പാർക്കുന്നു. 


പെരിയാര്‍ കടുവാസാങ്കേതത്തിനും മറ്റു സംരക്ഷിത വനങ്ങള്‍ക്കും എത്ര ആളുകളെ മാത്രമേ വനത്തിനുള്ളില്‍ പ്രവേശിപ്പിക്കുവാന്‍ കഴിയൂ എന്നുള്ള അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ കാടുകളുടെ സംരക്ഷണത്തിൽ പ്രധാനമാണ്. വനത്തിനുള്ളിലെ തീര്‍ഥാടനങ്ങള്‍ക്ക് Forest Conservation Act, 1980, Wildlife (Protection) Act, 1972 and the Environment Protection Act, 1986 മുതലായ നിയമങ്ങള്‍ ബാധകമാണ് എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ ഇവയെ ഒക്കെ കണ്ടില്ല എന്നു നടിക്കുവാനാണ് കേരള സർക്കാർ മുതൽ അയ്യപ്പ ഭക്തരിൽ 90% വും ആഗ്രഹിക്കുന്നത്.


1970 കളില്‍ 4 ലക്ഷം മുതല്‍ 7 ലക്ഷം വരെ അയ്യപ്പന്മാര്‍ വന്നു പോയിരുന്ന ശബരിമലയിൽ മാധ്യമങ്ങളുടെ ഇടപെടൽ സന്ദർശകരുടെ എണ്ണം വർദ്ധിപ്പിച്ചു. അതിനെ പരമാവധി മാർക്കറ്റ് ചെയ്യുവാൻ ദൂരദർശൻ തുടങ്ങി പത്ര മാധ്യമങ്ങളും മറ്റും മുതിർന്നപ്പോൾ ദൈവത്തിൻ്റെ പൂങ്കാവനവും പുണ്യ നദിയും ശോഷിക്കുകയായിരുന്നു.


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment