സഹികെട്ട സഹ്യപർവ്വതത്തിന്റെ ഭാഗമാണ് ശബരിമല - ഭാഗം 2




രാജ്യത്തെ കടുവാ സങ്കേതങ്ങൾ ലോക ശ്രദ്ധയാകർഷിക്കുന്നവയാണ്. കടുവ സംരക്ഷണ യജ്ഞത്തിലൂടെ കടുവകളുടെ എണ്ണത്തിൽ വൻ വർദ്ധന രാജ്യത്തുണ്ടായി. ഓരോ കടുവാ സംരക്ഷിത കാടുകളും സമൂഹത്തിനു നൽകുന്ന സേവനത്തെ പറ്റിയുള്ള കണക്കുകൾ അത്ഭുതകരമാണ്. ഒരു രൂപയുടെ മുടക്കിൽ നിന്നും 345 രൂപ മുതൽ 4000 രൂപയിലധികം പണം കടുവകളുള്ള കാടുകളിൽ നിന്നും നാടിനു ലഭിക്കും. 


അത്തരത്തിലുള്ള പെരിയാർ കടുവാ + ആന സങ്കേതത്തെ സംരക്ഷിക്കണമെങ്കിൽ അതിൻ്റെ സുരക്ഷ ഉറപ്പു വരുത്തണം. അത്തരം സുരക്ഷ നടപ്പിലാക്കു വാൻ ആദ്യം നൽകേണ്ട മുൻ കരുതൽ കാടുകളിലെ മനുഷ്യ സാന്നിധ്യം കുറക്കുകയാണ്. കടുവാ സങ്കേതത്തിൽ നിന്ന് ആദിവാസികളെ ഉൾപ്പെടെ മാറ്റി താമസിപ്പിക്കുവാൻ സർക്കാർ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള പെരിയാർ കാടുകളുടെ ബഫർ സോണുകളിൽ കാണുന്ന വലിയ മനുഷ്യ സാന്നിധ്യം 900 ച.കി.മി ലധികം വരുന്ന റിസർവ്വ് വനത്തിൻ്റെ സ്ഥിതി ദുഷ്ക്കരമാക്കുകയാണ്. അവിടുത്തെ നദിയുടെ ഒഴുക്കിലുണ്ടാകുന്ന കുറവ് വർധിക്കുകയാണ്. നദിയിൽ പണിതുയർത്തിയ ശബരി പദ്ധതിയുടെ ഭാഗമായ ഡാമുകൾ പമ്പയുടെ ഘടനയിൽ മാറ്റമുണ്ടാക്കിയിരുന്നു.


പരിസ്ഥിതി പ്രധാനമായ ഹിമാലയത്തിലെ പുണ്യ പ്രദേശങ്ങളിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ കേരളത്തിലും ബാധകമാകെണ്ടതുണ്ട്. ഗംഗയുടെ ഉത്ഭവ കേന്ദ്ര മായ ഗോമുഖിലുണ്ടായ മഞ്ഞു മലയുടെ തകർച്ച തിരിച്ചറിഞ്ഞ് അവിടെക്കുള്ള പ്രവേശനത്തിന് എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി. അമർനാഥിൽ തീർത്ഥാടകർ പല തരത്തിലുള്ള നിയമങ്ങൾ പാലിക്കുന്നു. കുട ജാദ്രിയും അഗസ്ഥ്യർ കൂടവും സമാന തരത്തിൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. മാനസ സരോവരത്തിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ നിലവിലുണ്ട്.


പെരിയാർ കടുവാ സങ്കേതത്തിൽ പരമാവധി കടത്തിവിടാവുന്ന സന്ദർശകരുടെ എണ്ണം, റിസേർവ് വന സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ദിനം 5000 ആയിരിക്കണം. അങ്ങനെ എങ്കിൽ 10 മാസങ്ങളിലെ എല്ലാ ദിവസവും സന്ദർശകരെ അനുവദിക്കുന്നതിലൂടെ 15 ലക്ഷം ഭക്തരിലേക്ക്  ദർശനം നിയന്ത്രിക്കേണ്ടതുണ്ട്. പ്രത്യേക സാഹചര്യം പരിഗണിച്ച്, പ്രത്യേക മുൻകരുതലുകൾ വരുത്തി കൊണ്ട്, ഭക്തരുടെ എണ്ണം 50 % കണ്ടു വർദ്ധിപ്പിക്കുവാൻ കഴിയും.


ശബരിമല ക്ഷേത്ര വിഷയത്തെ പരിസ്ഥിതിയുമായി ബന്ധപെടുത്തി കാണുവാന്‍ ഭരണകൂടമോ വിശ്വാസി സമൂഹമോ തയ്യാറാകാത്തത് അപകടങ്ങളെ ക്ഷണിച്ചു വരുത്തും. കൊറോണ കാലത്തെ അയ്യപ്പ ഭക്തരുടെ ശരാശരി എണ്ണത്തിലെ കുറവ്  പൂങ്കാവനത്തിന് ആശ്വാസം നൽകും.


ശബരിമല വന മേഖല സംരക്ഷിക്കാൻ താഴെപ്പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്


ശബരിമലയില്‍ എത്തുന്നവര്‍ വിവിധ ഫീഡർ സ്റ്റേഷനുകൾ വരെ മാത്രം സ്വകാര്യ വാഹനത്തിലും അതിനു ശേഷം പമ്പയിലേക്ക് ദേവസ്വം ബോര്‍ഡിന്‍റെ (KSRTC) യുടെ പൊതു വാഹനത്തില്‍ മാത്രം (സീറോ കാർബൺ വാഹനങ്ങള്‍ )സഞ്ചരിക്കുക. ( തിരുമല മാതൃക).


ജൈവ വസ്തുക്കള്‍ മാത്രം കൈവശം വെക്കുവാന്‍ അവസരം. മാലിന്യങ്ങള്‍ വികേന്ദ്രീകൃതമായി സംസ്ക്കരിക്കല്‍.    


പമ്പയുടെ സുരക്ഷക്കായി സന്ദര്‍ശകരെയും ഒപ്പം കച്ചവക്കാരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള സൂക്ഷ്മ, സ്ഥൂല പദ്ധതികള്‍.


സന്ദര്‍ശകര്‍ക്ക് പ്രതി ദിന ക്വാട്ട തീരുമാനിക്കല്‍ / സംസ്ഥാനം തിരിച്ച് / മുൻ ഗണനാക്രമം (ഹജ്ജ് , കൈലാസം മാതൃക).


ആദിമവാസികളെ മുന്നില്‍ നിര്‍ത്തിയുള്ള കാട്, വന്യ ജീവി സംരക്ഷണവും ആദിവാസികളുടെ വന അവകാശങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കല്‍. 


നഷ്ടപെട്ട കാടുകള്‍ പുനസ്ഥാപിക്കല്‍, ബഫർ പ്രദേശങ്ങൾ സംരക്ഷിക്കൽ


ശബരിമലയുടെ പവിത്രത, അവിടുത്തെ കാടുകളുടെയും അതിലെ സൂക്ഷ്മ ജീവികള്‍ മുതല്‍ അയ്യപ്പന്റെ വാഹനമായ കടുവയുടെയും മറ്റു ജീവികളുടെയും സംരക്ഷണത്തെ മുന്നില്‍ നിര്‍ത്തി ആയിരിക്കണം എന്ന് പ്രകൃതിയെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നു.


അയ്യപ്പന്റെ വാഹകരായ പുലികളില്ലാത്ത 18 മലകളും വരണ്ടുണങ്ങിയ പമ്പയും ശബരീശനു മാത്രമല്ല തെക്കൻ കേരളത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ദേവസ്വം ബോർഡും ഭക്തരും തിരിച്ചറിയുവാൻ വൈകരുത്. കൊറോണ പേടി ശബരിമല സന്ദർശനത്തിലുണ്ടാക്കിയ കുറവ്, പെരിയാർ കാടുകൾക്കും പമ്പക്കും ഈ വർഷമെങ്കിലും ആരോഗ്യദായകമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment