അനധികൃതവും അനിയന്ത്രിതവുമായ ഖനനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശനനടപടി: മന്ത്രി ഇ പി ജയരാജൻ 




തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃതവും അനിയന്ത്രിതവുമായ ഖനനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. വിവിധഭാഗങ്ങളില്‍ നിയമപരമായ നടപടികളൊന്നും സ്വീകരിക്കാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ലഭിക്കുന്നത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഇതെല്ലാം നടക്കുന്നത്. അനധികൃതമായ ഇത്തരം ഖനനപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഇവര്‍ക്കെതിരെ കര്‍ശനനടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.


അനധികൃത ഖനനം തടയാന്‍ കൃത്യമായ പരിശോധനകള്‍ നടത്തും. മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലകളില്‍ വിജിലന്‍സ് സ്‌ക്വാഡ് രൂപീകരിക്കും.


അതേസമയം, നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ന്യായമായ പരിരക്ഷ നല്‍കും. ഇത്തരത്തില്‍ ഖനനം നടക്കുന്ന മേഖലകളില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹാരം കാണാന്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കായി ക്വാറികള്‍ അനിവാര്യമാണ്. അതിനാല്‍ ക്വാറികള്‍ ഒഴിവാക്കി നമുക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ല. പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ദോഷമില്ലാതെ, ജനോപകാരപ്രദമായി പ്രകൃതിവിഭവങ്ങളെ ഉപയോഗപ്പെടുത്തുക എന്നതാണ് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment