ചെറു കൈയ്യുകൾക്ക് ലോകത്തെ മാറ്റാൻ കഴിയും




ഭൗമദിനത്തിൻ്റെ 50-ാം വാർഷികം പ്രമാണിച്ച് ലോക് ഡൗൺ ദിനങ്ങളെ സർഗ്ഗാത്മകമാക്കുന്നതിൻ്റെ ഭാഗമായി മൂഴിക്കുളം ശാല കഥയുണ്ടാക്കൽ മത്സരം സംഘടിപ്പിച്ചു. കഥാ മത്സരത്തിൽ  14 പേർ പങ്കെടുത്തു.


1. വർഗ്ഗീസ് പാറക്കടവ്
2. സുജന. R
3 ബെന്നി എളവൂർ
4.പ്രീത ബാലചന്ദ്രൻ 
5 സി.പി. ആൻറണി
6 ഷൈനി I .V കുറുമശ്ശേരി.
7. ടോണി ബെന്നി
8.ഗൗതം ഹരീഷ്
9. പാർത്ഥിവ് എൻ.ജെ.
10. വിനിത ചോലയാർ
11. ആൻസ് ബീന ജോയി.
12. എലിസബത്ത് സെബാസ്റ്റിൽ.
13. സച്ച ചോലയിൽ.
14 ടി.ആർ പ്രേംകുമാർ (മത്സരത്തിന് പരിഗണിച്ചിരുന്നില്ല)


കവിയും നോവലിസ്റ്റും കഥാകാരനും ഇന്നാട്ടുകാരനുമായ പ്രദീപ് ഭാസ്ക്കറാണ് കഥകൾ വിലയിരുത്തി വായാനാ ഫലവും വിലയിരുത്തൽ കുറിപ്പും തന്നത്. 


എല്ലാ വിത്തുകളും മാമരങ്ങളാകില്ല. മുളപൊട്ടിയതിൻ്റെ ഭംഗി നാം കണ്ടു കൊതി തീർന്നിട്ടുണ്ടാകില്ല, അങ്ങനെ നോക്കിനോക്കിയിരിയ്ക്കുമ്പോൾ ചിലവ കരിഞ്ഞു പോകും. ചിലവ വളർന്ന് പുഷ്പിച്ചേക്കാം. ചിലവ വെട്ടി നശിപ്പിക്കപ്പെട്ടേക്കാം. ചിലവ മുളയ്ക്കുക പോലുമില്ല.അങ്ങനെയങ്ങനെ മണ്ണിൽ നിക്ഷേപിയ്ക്കപ്പെട്ട വിത്തു കളുടെ തീർത്തും ചെറിയൊരു ശതമാനം മാത്രമാണ് മാമരങ്ങളായി, തല മുറകൾക്ക് തണലും ഫലങ്ങളും പുതിയ മുളകളുമേകി ശരണവും വിസ്മയവുമാവുക.


കഥകളും അങ്ങനെയാണ്. എല്ലാ കഥകളും കാലാതീതവും ദേശാതീതവുമാകില്ല. ചിലവ ആരാലും വായിയ്ക്കപ്പെടാതിരുന്നേക്കാം. ചിലവ സകലരാലും ആദരിയ്ക്കപ്പെട്ടേക്കാം.ചിലവ സമൂഹത്തെയാകെ സ്വാധീനിച്ചേക്കാം. ചിലവ അപമാനിയ്ക്കപ്പെട്ടേക്കാം. അപ്പോഴും അത്ഭുതമെന്തെന്നാൽ, കഥകളിൽ അധികവും എഴുതപ്പെടാത്തവയായിരിയ്ക്കുമെന്നതാണ്. എഴുതപ്പെട്ട കഥയുടെ വിഷയം - അത് പ്രണയമോ, കലാപമോ, യുദ്ധമോ, രാഷ്‌ട്രീയമോ, ചരിത്രമോ, പുനരാഖ്യാനമോ എന്തുമാകട്ടെ; ഏറ്റവും കുറഞ്ഞത് എഴുതുന്നയാളുടെ ചുറ്റുമുള്ള കുറച്ചു വായനക്കാരോടെങ്കിലും സംവദിക്കുന്നതായിരിക്കണം ആ കഥ എന്നത് എഴുതപ്പെട്ട കഥയുടെ ഏറ്റവും കുറഞ്ഞ യോഗ്യതയാണ്. 


സമ്മാന പട്ടികയിലെ ഒന്നാമത്തെ കഥ 


"ആർക്കറിയാം" എഴുതിയത് വിനിത ചോലയാർ


ഭ്രാന്തമായ ജീവിതത്തിൻ്റെ ദിനരാത്രങ്ങൾക്കൊടുവിൽ അയാൾ തൻ്റെ വീടിന് പുറത്തിറങ്ങി. അലക്ഷ്യമായി  നടത്തം. വഴിയിൽ കണ്ട മുഖങ്ങളെല്ലാം അപരിചിതങ്ങളായി തോന്നി. ആ നടത്തം അയാളെ കൊണ്ടെത്തിച്ചത് അവളുടെ വീടിൻ്റെ  മുന്നിൽ തന്നെയായിരുന്നു!


കാട് പിടിച്ച മതിൽക്കെട്ടിനകത്തെ ഇരുനില കെട്ടിടം....വീടിനെ  തളച്ചിട്ട ഗെയ്റ്റിൻ്റെ  തുരുമ്പിച്ച പൂട്ട് വെറുതെ ഒന്ന് വലിച്ചു നോക്കി. അത് ഒന്ന്  ഞെരുങ്ങി കരഞ്ഞു.  പിന്നീട് അലസമായി ആ മതിലിൽ ചാരി അയാൾ അങ്ങനെ ഇരുന്ന കാലം തെറ്റി വന്ന മഴയുള്ള ഒരു രാത്രി .ചൂടിന് വല്ലാത്ത ശമനം... മനസ്സിന് വല്ലാത്ത ശാന്തത... 
എല്ലാ പിരിമുറുക്കങ്ങൾക്കും പെട്ടെന്നൊരു അയവ്... പുതുമണ്ണിന്റെ ഗന്ധത്താൽ സിരകളിലാകെ വല്ലാത്ത ഉന്മാദം. ഈ ഗന്ധത്തിൽ പാമ്പുകൾ സ്വൈര്യ വിഹാരം നടത്തുമെന്ന്  കേട്ടിട്ടുണ്ട്.ഒരു പക്ഷെ, അവരും ഈ ഉന്മാദം അനുഭവിക്കുന്നുണ്ടാകാം.


പാതിരാത്രി പെയ്യുന്ന മഴയെ നോക്കി, ഉന്മത്തരായ പാമ്പുകളേയും പ്രതീക്ഷിച്ച് ഉമ്മറത്ത് അങ്ങനെ ഇരുന്നു.  പെട്ടന്നാണ്  താഴെക്കിറങ്ങി  വെട്ടിയ ഒരു ഇടി. തലച്ചോറ് ചിന്നി ചിതറിയ പോലെ തോന്നി!
വേഗം അകത്തു കയറി വാതിലടച്ച് മൂടി പുതച്ച് കിടന്നു. കൂട്ടത്തിൽ ചെവിയിൽ പഞ്ഞി തിരുകാൻ മറന്നില്ല കാരണം, കുട്ടിക്കാലം തൊട്ടെ  ഇടിവെട്ട് വല്യ പേടിയാണ്. 


ആ സമയം ഫോൺ റിംങ് ചെയ്തു. ആരാണെന്ന് നോക്കാൻ പോലും മടിച്ചു നിന്നപ്പോൾ, പിന്നാലെ തുരുതുരാ   മെസ്സേജുകളുടെ ടോൺ.വിറയ്ക്കുന്ന കൈകളോടെ എടുത്തു നോക്കി. അത് അവളായിരുന്നു. 


" ഉറങ്ങിയോ? എനിയ്ക്ക് പേടിയാകുന്നു... പേടിയാകുന്നു.. ഇങ്ങോട്ട് വാ ". ഇങ്ങനെ മെസ്സേജുകൾ ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടേയിരുന്നു.


പിന്നെ ഒന്നും ചിന്തിച്ചില്ല. വല്ലാത്ത ഒരു ധൈര്യം അനുഭവപ്പെട്ടു..
ആ പെരും മഴയത്ത് ഒരു  കുട പോലും എടുക്കാതെ  തോർത്തും തലയിലിട്ട് അയാൾ ആഞ്ഞു നടന്നു. കണ്ണിലേയ്ക്കും തലയിലേയ്ക്കും തുളച്ചുകയറുന്ന മിന്നലും ഇടിവെട്ടും  തകർത്തു പെയ്യുന്ന മഴയും അയാളെ ബാധിച്ചതേയില്ല. എങ്ങും കറണ്ടില്ല. കൂരിരുട്ടിൽ മിന്നൽ വെളിച്ചം ഒരു അനുഗ്രഹമായി അപ്പോൾ തോന്നി. എങ്ങനെയെങ്കിലും അവിടെ എത്തണം. അതു മാത്രമായിരുന്നു അയാളുടെ ചിന്ത.


പതിനഞ്ച് മിനിറ്റോളം നടന്ന്, ഒരു വിധത്തിൽ ആ വീടിന്റെ പിൻവശത്ത് എത്തി. ജനാല ചില്ലിലൂടെ തന്റെ മൊബൈൽ വെട്ടത്തിന്റെ സിഗ്നൽ കാണിച്ചു. "വാതിൽ തുറന്നോളൂ.കുറ്റിയിട്ടട്ടില്ല" അകത്തു നിന്നും വിറയാർന്ന പതിഞ്ഞ ശബ്ദം. പറഞ്ഞ പോലെ വാതിൽ തള്ളിയതും തുറന്നു. വേഗം അകത്തു കയറി  കുറ്റിയിട്ട്  നേരെ പരിചിതമായ  അവളുടെ  കിടപ്പുമുറിയിലേക്കു ചെന്നു. അരണ്ട വെളിച്ചത്തിൽ പേടിച്ചു വിറച്ച്  പാതി കിടക്കയിലും പാതി ജനാലയിലുമായി  ചാരിയിരിക്കുന്ന അവളെ ഇടിമിന്നലിൻ്റെ വെളിച്ചത്തിൽ കണ്ടു.


തമ്മിൽ കണ്ടതും പേടിച്ചരണ്ട അവസ്ഥയിൽ അവൾ അയാളെ ചേർത്തു പിടിച്ചു. അയാളുടെ നനഞ്ഞ ശരീരത്തെ നീരാളിയെ പോലെ വരിഞ്ഞുമുറുക്കി. പിന്നീടുള്ള നിമിഷങ്ങൾ.....
പുറത്ത് തകർത്തു പെയ്യുന്ന മഴ അറിഞ്ഞതേയില്ല!


പത്രക്കാരന്റെ വണ്ടി ശബ്ദമാണ് ഉണർത്തിയത്. അപ്പോഴേയ്ക്കും മഴയുടെ ആരവം നിലച്ചിരുന്നു. കണ്ണ് തുറന്നപ്പോൾ ചുമരിനരികിൽ മുടി പിന്നിയിട്ട... നീല ഉടുപ്പിട്ട തൻ്റെ പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന അവളുടെ രണ്ടു വയസ്സുകാരി മകൾ....തനിയ്ക്ക് പിറക്കാതെ പോയ മകളെ അപ്പോഴാണ് ശ്രദ്ധിച്ചത്. മോളുടെ കവിളിൽ  മെല്ലെ ഉമ്മ വെച്ചതും "പാപ്പാ " എന്നും വിളിച്ച് കണ്ണു തുറന്നു. അയാളുടെ സ്പർശവും ഗന്ധവും മോൾക്ക് അത്രമേൽ  സുപരിചിതമായിരുന്നു.
മോളുടെ  കണ്ണ് വെട്ടിച്ച് പുറത്തിറങ്ങാൻ നന്നേ പാടുപെടേണ്ടി വന്നു.


പുറത്ത് ഇറങ്ങി ചുറ്റിനും ഒന്ന് കണ്ണോടിച്ചു. പേടിക്കാനൊന്നുമില്ല.  അല്ലെങ്കിലും മതിലുകളെ പേടിക്കേണ്ട കാര്യമില്ലല്ലൊ.വീടുകളെക്കാൾ വലുതാണ് മതിലുകൾ ! അയാൾക്ക് ഉള്ളിൽ ചിരി വന്നു. ഈ ലോകത്ത് അങ്ങോട്ട് ഒന്നും ചെയ്യാതെ  ഇങ്ങോട്ട് ഉപദ്രവിയ്ക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണല്ലൊ. അതുകൊണ്ട് ഒന്ന് ശ്രദ്ധിച്ചെന്ന് മാത്രം.


ഇങ്ങോട്ട് വരുമ്പോഴുണ്ടായിരുന്ന വേഗത മടക്കയാത്രയിൽ ഇല്ലെന്ന് അയാൾക്ക് തോന്നി.ശരീരത്തിന് ഭാരം കുറഞ്ഞ അവസ്ഥ! വായുവിൽ ഒഴുകി നടക്കും പോലെ! അങ്ങനെ ഒഴുകി ഒഴുകി അയാൾ തൻ്റെ വീട്ടിലെത്തിയപ്പോൾ, പാതിരാവിലെ മഴയെ  ഓർമ്മപ്പെടുത്തും വിധം മുറ്റത്തെ ചെമ്പരത്തി ഇലകളിൽ നിന്നും തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.


വീട്ടിലെത്തി ഒരു മണിക്കൂറിനകം അവളുടെ ഫോൺ കോൾ. ആ കോളിംങ് ഐക്കൺ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു നനവ് പരക്കും. കോൾ അറ്റൻ്റ് ചെയ്തതും അപ്പുറത്ത് നിന്നും ഒരു വിതുമ്പലാണ് കേട്ടത്."എന്താ.... എന്തു പറ്റി?" അയാൾ ചോദിച്ചു.കരച്ചിൽ തെല്ലൊന്നടങ്ങിയപ്പോൾ അവൾ പറഞ്ഞു "നിങ്ങൾ ഇവിടെ നിന്നും  പോയി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും അങ്ങേര് വന്നു.... എൻ്റെ ഭർത്താവ്. മേളേം എന്നേം ഇന്ന് വൈകീട്ടത്തെ ഫ്ലൈറ്റിന് അങ്ങേരുടെ ജോലി സ്ഥലത്ത് ...ഡൽഹിയ്ക്ക് കൊണ്ടു പോകും. എല്ലാ തയ്യാറെടുപ്പോടെയാണ് വന്നിരിക്കുന്നത്. ഇപ്പോൾ നിസ്ക്കരിക്കാൻ പോയ സമയത്താണ് ഞാൻ വിളിക്കുന്നത്.വൈകീട്ട് നാല് മണിയോടെ ഇവിടെ നിന്നും ഇറങ്ങും. ഏഴ് മണിക്കാണ് ഫ്ലൈറ്റ്. ഇനി കുറച്ച് ദിവസം അവിടെ നില്ക്കണം.ലീവ് എടുക്കാനും പറ്റില്ല". ഇതും പറഞ്ഞ് അവൾ വീണ്ടും  വിതുമ്പി. ഏതാനും നിമിഷങ്ങൾ എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ മരവിച്ചു നിന്നു. "മോള് ജനിച്ച് ഇതുവരെ കാണാൻ പോലും തോന്നാതിരുന്ന  അങ്ങേർക്ക് ഇപ്പോൾ  എന്താ ഇങ്ങനെ?" അയാൾ ചോദിച്ചു.
"എനിക്കൊനും അറിയില്ല. അത്യാവശ്യ സാധനങ്ങൾ പാക്ക് ചെയ്യാൻ ..... "

പറഞ്ഞു തീരുംമുമ്പെ കോൾ കട്ടായി .തിരിച്ച് വിളിച്ചു നോക്കി എടുത്തില്ല. അങ്ങേര് നിസ്ക്കാരം കഴിഞ്ഞെത്തി കാണും.


ഓരോ നിമിഷം കഴിയുന്തോറും മനസ്സിൻ്റെ പിടച്ചിൽ  കൂടി കൂടി വന്നു. ക്ലോക്കിലെ മണിക്കൂർ സൂചിയ്ക്ക് വേഗതയേറുന്ന പോലെ തോന്നി.
മെസ്സേജുകൾ  അയച്ചു നോക്കി. ചിലത്  റീഡ് ചെയ്യുന്നുണ്ട്. പക്ഷെ മറുപടിയില്ല. നെഞ്ച് പൊട്ടി പോകും വിധം ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് ..!


ഏഴ് മണിയ്ക്ക് ഏതാനും നിമിഷം മുമ്പ് ഒരു വോയ്സ് മെസ്സേജ് ! വല്ലാത്ത ത്വരയോടെ അത് ഓപ്പൺ ചെയ്തു. " പാപ്പാ.... പാപ്പാ " എന്ന വിളിയിൽ മാത്രം തീർന്നു. തിരികെ വിളിച്ചപ്പോഴേയ്ക്കും  ഫോൺ സ്വിച്ചിഡ് ഓഫായി.അതോടെ എല്ലാ നിയന്ത്രണവും വിട്ട് തൻ്റെ ഇടുങ്ങിയ മുറിയിൽ കിടന്ന് അയാൾ അലറി കരഞ്ഞു.


പിറ്റേന്ന് മുതൽ പലപ്പോഴും വിളിച്ചുനോക്കി. 
റിങ് ചെയ്യുന്നുണ്ട്..... മറുപടിയില്ല. ഒരാഴ്ച്ചയ്ക്ക് ശേഷം അതും  നിശ്ചലം!


ആരോ വന്ന് തോളിൽ തട്ടിയപ്പോഴാണ് കണ്ണ് തുറന്നത്. "എന്തേ ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക്?" ആ മനുഷ്യൻ ചോദിച്ചു. അപ്പോഴാണ് ചുറ്റിനും കണ്ണോടിച്ചത്. സമയം പോയതറിഞ്ഞില്ല. ഇരുണ്ട് തുടങ്ങിയിരുന്നു." ഈ വീട്ടിലെ ആൾക്കാർ ...?" അയാൾ ചോദിച്ചു. " അവരുടെ ആരെങ്കിലുമാണോ? അവരെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഡെല്ലിയിലോ മറ്റോ ആണ് പോയത്. അവിടെ നടന്ന കലാപത്തിൽ അവരും പെട്ടു പോയെന്നും  പറഞ്ഞ് കേൾക്കുന്നുണ്ട്. മരിച്ചോ... ജീവിച്ചിരിപ്പുണ്ടോന്ന് "ആർക്കറിയാം." 


ഇത് കേട്ടപ്പോൾ അയാൾ ആ മനുഷ്യനെ തുറിച്ചൊന്ന് നോക്കി. ഒരു ഭാവ വ്യത്യാസവും കൂടാതെ ആ മനുഷ്യൻ തൻ്റെ കൈയ്യിലെ ടോർച്ചും ചാക്കും തോട്ടിയുമായി ആ മതിൽക്കെട്ടിനകത്തേയ്ക്ക് ചാടി കടന്നു പോയി. പിന്നെ സമയം വൈകിച്ചില്ല. അയാൾ നേരെ തൻ്റെ വീട്ടിലെത്തി, മൂലയിൽ കൂട്ടിയിരുന്ന ദിനപത്രങ്ങളിൽ നിന്നും  ഫെബ്രുവരി മാസത്തെ മാത്രം ചികഞ്ഞെടുത്തു. ഡൽഹി വർഗ്ഗീയ കലാപത്തിൻ്റെ - പാലായനത്തിൻ്റെ വാർത്തകളിലും  ചിത്രങ്ങളിലും  വളരെ ശ്രദ്ധയോടെ പരതി നോക്കി. ഇല്ല .... അതിൽ ഒന്നിലും അവളും  മോളും ഇല്ല.


അല്ലെങ്കിൽത്തന്നെ ഊരും പേരും  വെളിച്ചം കാണാതെ എത്രയോ പേർ മരിച്ചിട്ടുണ്ടാകും.... മതത്തിൻ്റെ ഭാണ്ഡവും പേറി എത്രയോ പേർ പാലായനം ചെയ്തിട്ടുണ്ടാകും.!! ദീർഘമായ ഒരു നിശ്വാസത്തിന് ശേഷം അയാൾ സ്വയം പറഞ്ഞു... അതെ..."ആർക്കറിയാം."


"ഈ നിശബ്ദത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മൗനത്തിന് മരണത്തിൻ്റെ കറുപ്പാണെന്ന് മനസ്സിലാകുന്നത്, പ്രിയപ്പെട്ടവർ മൗനത്തിൻ്റെ കുപ്പായമിടുമ്പോഴാണ് "


തനിയ്ക്കു ചുറ്റും ചിതറി കിടന്ന ദിനപത്രങ്ങളുടെ നടുവിൽ ഇരുന്ന് റൂമിയുടെ ഈ വാക്യങ്ങൾ അയാൾ  ഉരുവിട്ടുകൊണ്ടേയിരുന്നു.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment