വ്യാജ പട്ടയഭൂമിയിൽ ക്വാറിയ്ക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: പശ്ചിമഘട്ട സംരക്ഷണ സമിതി
അടൂർ: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കടമ്പനാട് പഞ്ചായത്തിലെ മണ്ണടി കന്നിമലയിലെ വ്യാജ പട്ടയഭൂമികളിൽ ക്വാറിയ്ക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി വിജിലൻസ് കോടതിയിലേക്ക്. 2010 ൽ ജിയോളജി ഓഫീസിൽ സമർപ്പിക്കാൻ കടമ്പനാട് വില്ലേജ് ഓഫീസറും അടൂർ തഹസിൽദാരും നൽകിയ നിരാക്ഷേപപത്രത്തിൽ പട്ടയ വിവരങ്ങൾ മറച്ചുവച്ച് സർവ്വേ സ്കെച്ചും കൈവശാവകാശ സർട്ടിഫിക്കറ്റും നൽകിയത് ക്വാറി മാഫിയയുടെയും രാഷ്ട്രീയക്കാരുടെയും സ്വാധീനത്തിൽ വഴങ്ങിയാണന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് ആരോപിച്ചു.


കന്നിമലയിൽ 42 ഏക്കർ 72 സെന്റ് ഭൂമി 75-82 കാലഘട്ടങ്ങളിൽ കൃഷിയ്ക്കായി പട്ടയം നൽകിയിരുന്നു. എന്നാൽ ചിലർ വ്യാജരേഖകൾ ചമച്ച് ഭൂമികൾ ഭൂരിഭാഗവും കൈക്കലാക്കുകയായിരുന്നു. 93/1 , 90/10, 90/9, 98/7, 90/10-1, 90/11, 90/11-1, 90/6, 84/5 ഇതിനോട് ചേർന്നു കിടക്കുന്ന ഭൂമികളുടെ പ്രമാണങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന പട്ടയങ്ങൾ വ്യാജമാണന്ന് ലാന്റ് അസൈമെന്റ് രജിസ്റ്റർ പരിശോധിച്ചാൽ മനസിലാകും. കന്നിമലയിലെ ഭൂമിയുടെ പട്ടയ വിവരങ്ങൾ അടൂർ  താലൂക്കിൽ നിന്നും അപ്രത്യക്ഷമായതിനെകുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറാകാത്തതിൽ ദുരൂഹത നിലനിൽക്കുന്നു. 


ഖനന വകുപ്പിൽ നിന്നും 2010 - 13 കാലഘട്ടത്തിൽ 1600 പി. ഫോം കരസ്ഥമാക്കി പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് പതിനായിരക്കണക്കിന് പാറയും മണ്ണും കടത്തികൊണ്ടുപോയി സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.  അനധികൃത ഖനനം അളന്നു തിരിച്ച് നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് സമീപ വാസികൾ നൽകിയ പരാതികൾ ലക്ഷങ്ങൾ കോഴവാങ്ങി റവന്യൂ, ജിയോളജി ഉദ്യോഗസ്ഥർ പൂഴ്ത്തി വച്ചിരിക്കുകയാണ്. ജനകീയ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറിയും സമീപത്തെ ഏക്കറുകണക്കിന് ഭൂമികളിലും വീണ്ടും ക്വാറിയും ക്രഷർ യൂണിറ്റും പുനരാരംഭിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.


ഇതിന്റെ മുന്നോടിയായി മാഫിയ സംഘങ്ങൾ വീണ്ടും കടമ്പനാട് വില്ലേജ് ഓഫീസറെ സമീപിച്ചിരിക്കുകയാണ്. ഇതിനെതിരെ കുടുംബയോഗങ്ങൾ വിളിച്ച്  സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കന്നിമല ജനകീയ സമര സമിതി പ്രവർത്തകർ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment